കോണ്‍ഗ്രസിന് സീറ്റ് വിഭജനത്തില്‍ താല്‍പര്യമില്ലെന്ന് നിതീഷ്; 'ഇന്ത്യ' മുന്നണിയില്‍ പൊട്ടിത്തെറി?
ഇന്ത്യ മുന്നണിയിലെ സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസിനെതിരെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ലോക്സഭ സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസിന് താല്‍പര്യമില്ലെന്ന് നിതീഷ് കുമാര്‍ തുറന്നടിച്ചു. സീറ്റ് വിഭജനം സംബന്ധിച്ച് കോണ്‍ഗ്രസുമായി നിതീഷ്കുമാര്‍ നേരത്തെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. സഖ്യരൂപീകരണം നടന്നതിനപ്പുറത്തേക്ക് കാര്യങ്ങളില്‍ പുരോഗതിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മാത്രമാണ് കോണ്‍ഗ്രസിന്‍റെ ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നിതീഷ്കുമാറിന്‍റെ വിമര്‍ശനങ്ങളോട് കോണ്‍ഗ്രസ് ഇതുവരേക്കും പ്രതികരിച്ചിട്ടില്ല.
സംസ്ഥാനങ്ങളില്‍ സഖ്യമുണ്ടാകണമെന്ന പൊതുനിര്‍ദേശത്തെ പലപ്പോഴും മറികടക്കുന്ന രീതിയാണ് മധ്യപ്രദേശിലും രാജസ്ഥാനിലും ഉണ്ടായത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് തനിച്ച് മത്സരിക്കുന്ന സാഹചര്യമുണ്ടായി. മധ്യപ്രദേശിലെ നിലപാടിനെതിരെ അഖിലേഷ് യാദവ് ഉള്‍പ്പെടെ രംഗത്തുവരികയും ആം ആദ്മി പാര്‍ട്ടിഅടക്കം വേറെ മത്സരിക്കുന്ന സാഹചര്യവും ഉണ്ടായി. ഈ നിയമസഭാ തെരഞ്ഞടുപ്പില്‍ ഇന്ത്യ സഖ്യം ഒരു തരത്തിലും ഗുണം ചെയ്യില്ലെന്ന വിലയിരുത്തലും ഉണ്ടായ സാഹചര്യത്തിലാണ് കോണ്‍ഗ്രസിനെതിരെയുള്ള നിതീഷിന്റെ രൂക്ഷവിമര്‍ശനം.