‘സഞ്ജുവിനെ ഒഴിവാക്കിയതെന്തിനെന്ന് സെലക്ടർമാർ വിശദീകരിക്കണം’; വിമർശനവുമായി ശശി തരൂർ

ആസ്ട്രേലിയക്കെതിരെ ഇന്നാരംഭിക്കുന്ന ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽനിന്ന് മലയാളി താരം സഞ്ജു സാംസണെയും സ്പിന്നർ യുസ്​വേന്ദ്ര ചാഹലിനെയും ഒഴിവാക്കിയതിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. ലോകകപ്പ് കളിച്ച പ്രമുഖ താരങ്ങൾക്കെല്ലാം വിശ്രമം നൽകിയ ബി.സി.സി.ഐ, സൂര്യകുമാർ യാദവിനെയാണ് ടീമിന്റെ നായകനായി തെരഞ്ഞെടുത്തത്. നേരത്തെ ഏഷ്യകപ്പിൽ നിന്നും ലോകകപ്പിൽ നിന്നും തഴയപ്പെട്ട സഞ്ജു ലോകകപ്പിന് ശേഷമുള്ള പരമ്പരയിൽ ടീമിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇടം നേടാനായില്ല.

സഞ്ജുവിനെയും ചാഹലിനെയും ഒഴിവാക്കിയതിനെതിരെ സമൂഹ മാധ്യമമായ എക്സിലൂടെയായിരുന്നു ശശി തരൂരിന്റെ വിമർശനം. ‘ഇത് ശരിക്കും വിവരണാതീതമാണ്. സഞ്ജു വെറുതെ തെരഞ്ഞെടുക്കപ്പെടേണ്ട ആളല്ല, എല്ലാ സീനിയർ താരങ്ങളുടെയും അഭാവത്തിൽ ടീമിനെ നയിക്കേണ്ടയാളായിരുന്നു. കേരളത്തിനും രാജസ്ഥാൻ റോയൽസിനൊപ്പവുമുള്ള അദ്ദേഹത്തിന്റെ ക്യാപ്റ്റനായുള്ള അനുഭവപരിചയം സൂര്യകുമാറിനേക്കാൾ നമുക്ക് മുമ്പിലുള്ളതാണ്. ക്രിക്കറ്റ് പ്രേമികളായ പൊതുജനങ്ങളോട് നമ്മുടെ സെലക്ടർമാർ വിശദീകരിക്കേണ്ടതുണ്ട്. എന്തുകൊണ്ട് യുസ്​വേന്ദ്ര ചാഹൽ ഇ​ല്ല?’, ശശി തരൂർ കുറിച്ചു.

സൂര്യകുമാറിന് പുറമെ ലോകകപ്പ് സ്ക്വാഡിൽ ഉണ്ടായിരുന്ന ഇഷാൻ കിഷൻ, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ടീമിൽ ഉൾപ്പെട്ടത്. ശ്രേയസ് അയ്യർ ആദ്യ മൂന്ന് മത്സരങ്ങൾക്ക് ശേഷം ടീമിനൊപ്പം ചേരും. ഇന്ന് വിശാഖപട്ടണത്താണ് പരമ്പര ആരംഭിക്കുന്നത്. തിരുവനന്തപുരം, ഗുവാഹത്തി, റായ്പൂർ, ബംഗളൂരു എന്നിവിടങ്ങളിലാണ് മറ്റു മത്സരങ്ങൾ.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story