കുസാറ്റ് ദുരന്തത്തിന് രണ്ടു കാരണങ്ങള്‍; വിശദീകരണവുമായി സര്‍വകലാശാല

കുസാറ്റ് ദുരന്തത്തിന് രണ്ടു കാരണങ്ങള്‍; വിശദീകരണവുമായി സര്‍വകലാശാല

November 26, 2023 0 By Editor

കൊച്ചികൊച്ചി സര്‍വകലാശാലയില്‍ സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് വിദ്യാര്‍ഥികള്‍ അടക്കം നാലുപേര്‍ മരിച്ച സംഭവത്തില്‍ കാരണമായത് പ്രധാനമായി രണ്ടു കാര്യങ്ങള്‍ എന്ന് കൊച്ചി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി ജി ശങ്കരന്‍. പരിപാടി തുടങ്ങിയെന്ന് തെറ്റിദ്ധരിച്ച് കുട്ടികള്‍ കൂട്ടത്തോടെ കയറിയതാണ് ഒരു കാരണം. കുത്തനെയുള്ള പടികളും അപകടത്തിന് കാരണമായെന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നതായും വൈസ് ചാന്‍സലര്‍ വ്യക്തമാക്കി.

പരിപാടിയെ കുറിച്ച് പൊലീസിനെ വാക്കാല്‍ അറിയിച്ചിരുന്നതായി വൈസ് ചാന്‍സലര്‍ പറഞ്ഞു. ഇത്ര പൊലീസ് വേണമെന്ന് പറഞ്ഞിട്ടില്ലെന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കി. കുസാറ്റില്‍ സംഗീതനിശയ്ക്ക് പൊലീസ് അനുമതി തേടിയിട്ടില്ലെന്നാണ് ഡിസിപി കെ സുദര്‍ശനന്‍ പറഞ്ഞത്. ക്യാംപസിനകത്ത് അനുമതിയില്ലാതെ പൊലീസ് കയറാറില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വൈസ് ചാന്‍സലറിന്റെ പ്രതികരണം. സംഭവത്തില്‍ വീഴ്ചയുണ്ടായി. സംഗീത പരിപാടിക്കിടെ കുട്ടികളെ ഓഡിറ്റോറിയത്തിലേക്ക് കയറ്റിവിടുന്നതില്‍ വീഴ്ച സംഭവിച്ചു. എല്ലാവരേയും ഒന്നിച്ച് കയറ്റിയതോടെ അപകടമുണ്ടായെന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കി.

സ്റ്റൈപ്പുകളില്‍ കുട്ടികള്‍ വീണത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. മഴ പെയ്തതോടെ കുട്ടികള്‍ ഒന്നിച്ച് ഓഡിറ്റോറിയത്തിലേക്ക് കയറിയതാണ് അപകടത്തിന് കാരണം. ഫെസ്റ്റിന്റെ ഭാഗമായി ശനിയാഴ്ച വൈകീട്ട് 6.30ന് സംഗീത പരിപാടി നിശ്ചയിച്ചിരുന്നു. അതിന് മുന്‍പ് തന്നെ വിദ്യാര്‍ഥികളെ അകത്തേയ്ക്ക് പ്രവേശിപ്പിച്ചിരുന്നു. അതിന് ശേഷം സമീപവാസികളും സമീപപ്രദേശത്തെ വിദ്യാാര്‍ഥികളുമെല്ലാം പുറത്തുനിന്നിരുന്നു. പരിപാടി തുടങ്ങുന്ന സമയം ആയപ്പോള്‍ എല്ലാവരും അകത്തു തള്ളിക്കയറാന്‍ ശ്രമിച്ചു. ഈ തിക്കിലും തിരക്കിലും ആണ് അപകടം ഉണ്ടായതെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.

സംഭവം മൂന്നംഗ സമിതി അന്വേഷിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു അറിയിച്ചു. മുന്നൊരുക്കങ്ങളിലെ പാളിച്ച അടക്കം പരിശോധിക്കും. അപകടത്തിന് കാരണമായ വസ്തുതകള്‍ അടക്കം കണ്ടെത്തുന്നതിന് പുറമേ ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ മാര്‍ഗനിര്‍ദേശം നല്‍കാന്‍ കൂടിയാണ് മൂന്നംഗസമിതിയെ നിയോഗിച്ചതെന്നും മന്ത്രി അറിയിച്ചു. ഭാവിയില്‍ ഇത്തരം പരിപാടികള്‍ക്കുള്ള മാര്‍ഗനിര്‍ദേശം സമിതി തയ്യാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഓഡിറ്റോറിയങ്ങളുടെ പ്രവര്‍ത്തനത്തില്‍ മാര്‍ഗരേഖ കൊണ്ടുവരുമെന്ന് മന്ത്രി പി രാജീവും വ്യക്തമാക്കി. കോളജുകളിലെ ഓഡിറ്റോറിയങ്ങള്‍ക്കും ബാധകമാകുന്ന തരത്തിലാണ് മാര്‍ഗരേഖ കൊണ്ടുവരിക. കാമ്പസിലെ പരിപാടികളില്‍ പൊതുമാര്‍ഗനിര്‍ദേശം വരും. ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വന്ന ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.