റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയത് ഹൈക്കോടതി മരവിപ്പിച്ചു; പിടിച്ചെടുത്താല്‍ പിഴയീടാക്കി വിട്ടുനല്‍കണമെന്ന് കോടതി

റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയത് ഹൈക്കോടതി മരവിപ്പിച്ചു; പിടിച്ചെടുത്താല്‍ പിഴയീടാക്കി വിട്ടുനല്‍കണമെന്ന് കോടതി

December 1, 2023 0 By Editor

കൊച്ചി: റോബിന്‍ ബസിന്റെ ഓള്‍ ഇന്ത്യ പെര്‍മിറ്റ് റദ്ദാക്കിയ നടപടി ഹൈക്കോടതി മരവിപ്പിച്ചു. ഡിസംബര്‍ 18 വരെയാണ് നടപടി മരവിപ്പിച്ച് കോടതിയുടെ ഇടക്കാല ഉത്തരവ്. പെര്‍മിറ്റ് അവസാനിച്ചെന്ന സര്‍ക്കാര്‍ വാദത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, ബസ് പിടിച്ചെടുത്താല്‍ പിഴ ഈടാക്കി വിട്ടുനല്‍കണമെന്നും ഉത്തരവിൽ പറഞ്ഞു.

തുടർച്ചയായി പെർമിറ്റ് ചട്ടങ്ങൾ ലംഘിച്ചെന്ന മോട്ടർ വാഹന വകുപ്പിന്റെ (എംവിഡി) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റോബിൻ ബസിന്റെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് (എഐടിപി) കഴിഞ്ഞ ദിവസം സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി റദ്ദാക്കിയത്.

എംവിഡി സ്ക്വാഡ് ചോദ്യം ചെയ്തപ്പോൾ ബസിലെ യാത്രക്കാർ പല ആവശ്യത്തിനു പല സ്ഥലങ്ങളിലേക്കു യാത്ര ചെയ്യുന്നവരാണെന്നു ബോധ്യപ്പെട്ടുവെന്നും എഐടിപി പെർമിറ്റുള്ള വാഹനങ്ങൾ കോൺട്രാക്ട് കാരേജുകളായതിനാൽ അവയ്ക്കു ബാധകമായ എല്ലാ ചട്ടങ്ങളും റോബിൻ ബസിന് ബാധകമാണെന്നും പെർമിറ്റ് റദ്ദാക്കിയുള്ള ഉത്തരവിൽ പറഞ്ഞിരുന്നു.

എഐടിപി ചട്ടം 11 പ്രകാരം പെർമിറ്റ് റദ്ദാക്കിയെന്നാണ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി സെക്രട്ടറി കെ മനോജ് കുമാറിന്റെ ഉത്തരവിൽ പറയുന്നത്. ഹൈക്കോടതിയിൽ ബസുടമ കോഴിക്കോട് സ്വദേശി കെ കിഷോർ നൽകിയിരിക്കുന്ന കേസ് അടുത്തയാഴ്ച പരിഗണിക്കാനിരിക്കെയാണ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി പെർമിറ്റ് റദ്ദാക്കിയത്.