30 മണിക്കൂറിലേറെയായി വൈദ്യുതിയില്ല, എന്തുചെയ്യണം എന്നറിയില്ല, സഹായിക്കണം: പ്രളയദുരിതത്തിൽ ആർ.അശ്വിൻ
മിഷോങ് ചുഴലിക്കാറ്റിനെ തുടർന്നു ചെന്നൈയിലുണ്ടായ പ്രളയദുരിതത്തിൽ സഹായം അഭ്യർഥിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ആർ.അശ്വിൻ. പ്രദേശത്ത് 30 മണിക്കൂറിലേറെയായി വൈദ്യുതിയില്ലെന്നും സഹായിക്കണമെന്നും അശ്വിൻ സമൂഹമാധ്യമത്തിൽ കുറിച്ചു. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ശക്തമായ മഴയിൽ ചെന്നൈ നഗരത്തിലെ മിക്കയിടങ്ങളും വെള്ളത്തിനടിയിലായി.
നഗരത്തിൽ മിക്കയിടങ്ങളിലും വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ‘30 മണിക്കൂറായി വൈദ്യുതിയില്ല. മിക്കയിടങ്ങളിലെയും അവസ്ഥ ഇതുതന്നെയാണ്. എന്തുചെയ്യണമെന്നറിയില്ല. സഹായിക്കണം.’– അശ്വിൻ എക്സിൽ കുറിച്ചു. ശക്തമായ കാറ്റിലും മഴയിലുമുണ്ടായ അപകടങ്ങളിൽ ചെന്നൈയിൽ 12 പേർ മരിച്ചെന്നാണു റിപ്പോർട്ട്.
61,600 പേരെ വിവിധയിടങ്ങളിലെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റി. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്ത നിവാരണ സേനയുടെ 29 സംഘങ്ങൾ ആന്ധ്രപ്രദേശ്, തമിഴ്നാട്, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളിൽ ക്യാംപ് ചെയ്യുന്നുണ്ട്