ജമ്മുകശ്മീരിന് പ്രത്യേക അധികാരമില്ല; പരാമാധികാരം ഭാരതത്തിന്; ജമ്മുകശ്മീർ ഒരു സംസ്ഥാനം മാത്രമെന്നും സുപ്രീംകോടതി

ജമ്മുകശ്മീരിന് പ്രത്യേക അധികാരമില്ല; പരാമാധികാരം ഭാരതത്തിന്; ജമ്മുകശ്മീർ ഒരു സംസ്ഥാനം മാത്രമെന്നും സുപ്രീംകോടതി

December 11, 2023 0 By Editor

ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്നതിനു ശേഷവും ജമ്മു കശ്മീരിന് പരമാധികാരമുണ്ടെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. ജമ്മു കശ്മീര്‍ ഇന്ത്യന്‍ ഭരണഘടനയ്ക്കു വിധേയമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുഛേദം റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി, ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശരിവച്ചു.

ഇന്ത്യയുമായുള്ള ജമ്മു കശ്മീരിന്റെ കൂടിച്ചേരല്‍ സുഗമമാക്കാന്‍ താത്കാലികമായി ഉള്‍പ്പെടുത്തിയതാണ് ഭരണഘടനയുടെ 370ാം അനുഛേദമെന്ന് ഭരണഘടനാ ബെഞ്ച് വിധിച്ചു. അത് മാറ്റത്തിനു വിധേയമാണ്. ജമ്മു കശ്മീരിന് മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രത്യേക അവകാശങ്ങളില്ല. ജമ്മു കശ്മീര്‍ ഇന്ത്യയുടെ പരമാധികാരം അംഗീകരിച്ചതാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

കേന്ദ്ര നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ പരസ്പരം യോജിക്കുന്ന മൂന്നു വിധിന്യായങ്ങളാണ് ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ചത്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി 2019 ഓഗസ്റ്റ് അഞ്ചിനാണ് കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. ഇതോടൊപ്പം സംസ്ഥാനത്തെ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു. ഈ രണ്ടു നടപടികളെയും ചോദ്യം ചെയ്തുള്ള 23 ഹര്‍ജികളാണ്, ചീഫ് ജസ്റ്റിസിനെക്കൂടാതെ ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബിആര്‍ ഗവായ്, സൂര്യകാന്ത് എന്നിവര്‍ അടങ്ങിയ ബെഞ്ച് പരിഗണിച്ചത്.

കേന്ദ്ര സര്‍ക്കാരിനും കേന്ദ്ര നടപടിയെ അനുകൂലിച്ച് കക്ഷി ചേര്‍ന്നവര്‍ക്കും വേണ്ടി അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കട്ടരമണിയുടെ നേതൃത്വത്തില്‍ വന്‍ അഭിഭാഷക നിരയാണ് വാദങ്ങള്‍ ഉന്നയിച്ചത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, സീനിയര്‍ അഭിഭാഷകരായ ഹരീഷ് സാല്‍വെ, രാകേഷ് ദ്വിവേദി, വി ഗിരി തുടങ്ങിയവര്‍ കേന്ദ്ര നടപടിയെ അനുകൂലിച്ച് വാദിച്ചു.

കേന്ദ്ര നടപടിയെ ചോദ്യം ചെയ്തുള്ള ഹര്‍ജിക്കാര്‍ക്കു വേണ്ടി സീനിയര്‍ അഭിഭാഷകരായ കപില്‍ സിബല്‍, ഗോപാല്‍ സുബ്രഹ്മണ്യം, രാജീവ് ധവാന്‍, സഫര്‍ ഷാ, ദുഷ്യന്ത് ദവെ തുടങ്ങിവര്‍ ഹാജരായി.

കശ്മീരിന് പ്രത്യേക പദവി നല്‍കുന്നതിനുള്ള 370ാം വകുപ്പ് ഭരണഘടനയില്‍ താത്കാലികമായി ഉള്‍പ്പെടുത്തിയതാണ് എന്ന വാദമാണ് പ്രധാനമായും കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ചത്. പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം വിഘടനവാദത്തിനു ശമനമുണ്ടായതായും അക്രമ സംഭവങ്ങള്‍ കുറഞ്ഞെന്നും കേന്ദ്രം വാദിച്ചു.

1957ല്‍ ജമ്മു കശ്മീര്‍ ഭരണഘടനാ നിര്‍മാണ സഭ ഇല്ലാതായതോടെ 370ാം വകുപ്പിനു സ്ഥിര സ്വഭാവം കൈവന്നു എന്നാണ് ഹര്‍ജിക്കാര്‍ വാദിച്ചത്. ജമ്മു കശ്മീര്‍ നിയമസഭയുടെ ശുപാര്‍ശയില്ലാതെ ഇത്തരമൊരു നടപടി കേന്ദ്രത്തിനു സ്വീകരിക്കാനാവില്ലെന്നും വാദം ഉയര്‍ന്നു.