പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം

തൃശൂര്‍: ലോകം കാത്തിരുന്ന തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം. ഈമാസം 25 നാണ് പൂരം. 23ന് സാമ്പിള്‍ വെടിക്കെട്ടും 26ന് ഉപചാരം ചൊല്ലലും. തൃശൂരിന്റെ കാഴ്ചകള്‍ക്കും വിശേഷങ്ങള്‍ക്കും പൂരച്ചൂരാണ്. പൂത്തുലഞ്ഞുനില്‍ക്കുന്ന കണിക്കൊന്നകളും ചുവന്നുതുടുത്തും മഞ്ഞ വര്‍ണം വിതറിയും പൂക്കളും നീല നിറം വിരിയിച്ച പൂമരങ്ങളുമാണ് പൂരം പിറക്കുന്ന തേക്കിന്‍ക്കാട്ടിലേക്ക് ആളുകളെ വരവേല്‍ക്കുന്നത്.

മേളം തുടികൊട്ടുന്ന വടക്കുന്നാഥ ക്ഷേത്രത്തിനകത്തെ ഇലഞ്ഞി പൂത്തുലഞ്ഞു. ഇതാദ്യാമായാണ് പൂരത്തിന് ഇലഞ്ഞി മുഴുവനായി പൂക്കുന്നത്. 2006 ല്‍ കനത്ത കാറ്റിലും മഴയിലും ഇലഞ്ഞിമരം കടപുഴകിയ ശേഷം കെ.എഫ്.ആര്‍.ഐയില്‍നിന്ന് എത്തിച്ച് നട്ടുവളര്‍ത്തിയ പുതിയ ഇലഞ്ഞിയാണ് ഇപ്പോള്‍ പൂത്തത്. ഒരാഴ്ച മുമ്പ് പൂത്ത് തുടങ്ങിയ ഇലഞ്ഞിയില്‍ നിറയെ പൂക്കളും മൊട്ടുകളുമുണ്ട്. പൂ നിറഞ്ഞ ഇലഞ്ഞിയും അത് വീശുന്ന സുഗന്ധവുമാകും ഇത്തവണത്തെ ഇലഞ്ഞിത്തറ മേളത്തിലെ സവിശേഷത.

സ്വരാജ് റൗണ്ടിലെ പന്തല്‍ നിര്‍മാണങ്ങള്‍ പകുതിയിലേറെ പിന്നിട്ടു. മാസങ്ങള്‍ക്ക് മുമ്പ് തന്നെ പൂരത്തിന്റെ അണിയറ ഒരുക്കം ദേവസ്വങ്ങള്‍ ആരംഭിച്ചിരുന്നു. കുടമാറ്റത്തിന് ഉപയോഗിക്കാനുള്ള സ്‌പെഷല്‍ കുടകളുടെ നിര്‍മാണം രഹസ്യ കേന്ദ്രങ്ങളില്‍ പുരോഗമിക്കുകയാണ്. തലയെടുപ്പുള്ള ആനകളെ എത്തിക്കാനുള്ള ശ്രമത്തിലാണ് ദേവസ്വങ്ങള്‍.

തിരുവമ്പാടിക്ക് വേണ്ടി ചെറിയ ചന്ദ്രശേഖരനും പാറമേക്കാവിന് വേണ്ടി പത്മനാഭനുമാണ് തിടമ്പേറ്റുക. തിരുവമ്പാടി ചന്ദ്രശേഖരനില്ലാത്ത പൂരമാണെന്ന പ്രത്യേകതയുണ്ട് ഇത്തവണ. വെടിക്കെട്ടിന് തടസ്സമുണ്ടാവില്ലെന്നാണ് പ്രതീക്ഷ. എങ്കിലും കഴിഞ്ഞ ദിവസം കറുകുറ്റിയിലെ പള്ളി പ്പെരുന്നാളിനിടെയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ പൂരപ്രേമികളും ദേവസ്വങ്ങളും ആശങ്കയിലാണ്. കേന്ദ്ര എക്‌സ്‌പ്ലോസീവ്‌സ് വിഭാഗം കഴിഞ്ഞയാഴ്ച പരിശോധന നടത്തിയിരുന്നു. സംതൃപ്തിയറിയിച്ചാണ് സംഘം മടങ്ങിയത്. പൂരം ഒരുക്കങ്ങളിലേക്ക് കോര്‍പറേഷനും ജില്ല ഭരണകൂടവും പോലീസും കടന്നുകഴിഞ്ഞു. സുരക്ഷ ഒരുക്കം പോലീസ് നേരത്തെ തന്നെ വിലയിരുത്തിയിരുന്നു.

തൃശൂര്‍ പൂരം ഹരിതപെരുമാറ്റച്ചട്ടത്തിനൊപ്പം സ്ത്രീ സൗഹൃദവുമാക്കുന്നതിനാണ് തീരുമാനം. സ്ത്രീകളുടെ സുരക്ഷയ്ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതിനും ഇതിനായി വനിതാ പോലീസിനെ കൂടുതല്‍ നിയോഗിക്കുന്നതിനും അവലോകന യോഗത്തില്‍ തീരുമാനം. തേക്കിന്‍കാടിനു ചുറ്റുമുള്ള എല്ലാ തെരുവുവിളക്കുകളും നെഹ്‌റു പാര്‍ക്കിലെ വെളിച്ച സംവിധാനങ്ങളും തെളിക്കുമെന്ന് ഉറപ്പാക്കാനുള്ള പദ്ധതിയായി.

എല്ലാ റോഡുകളും ടാറിങ് പൂര്‍ത്തിയാക്കും. പൊട്ടിപൊളിഞ്ഞ കാനകള്‍ സ്ലാബിട്ട് മൂടും. നാലുകേന്ദ്രങ്ങളില്‍ കോര്‍പറേഷന്‍ രണ്ടുദിവസം സംഭാരവിതരണം നടത്തും. തടസമില്ലാതെ വൈദ്യുതി വിതരണം നടത്തും. 50 പോര്‍ട്ടബിള്‍ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കും. പോലീസ്, ഫയര്‍ഫോഴ്‌സ്, ആരോഗ്യവകുപ്പ് തുടങ്ങീ എല്ലാ വിഭാഗം ഉദ്യോഗസ്ഥരുടെയും കൂട്ടായ്മയില്‍ സുരക്ഷിതമായ പൂരം ആഘോഷിക്കാന്‍ സംവിധാനമൊരുക്കും.

ഭക്ഷണ സ്ഥാപനങ്ങളിലെ ശുചിത്വസംവിധാനങ്ങളും നിരീക്ഷിക്കും. 3000 പോലീസ് ഉദ്യോഗസ്ഥരുടെ സേവനമുണ്ടാവും. വനിതാ പോലീസിന്റെ സേവനം കൂടുതലായി ഇക്കുറി വിനിയോഗിക്കും. വിദേശികള്‍ക്ക് പൂരം കാണാനുള്ള വി.ഐ.പി ഗാലറിയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കും. പൂരം കഴിഞ്ഞ് മണിക്കുറുകള്‍ക്കകം ശുചീകരണം നടത്തുന്നതിന് ഇത്തവണയും ഒരുക്കമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *