അഗളിയിൽ കഞ്ചാവ് തോട്ടം തേടിയെത്തി കാട്ടിൽ കുടുങ്ങിയ പൊലീസ് സംഘം തിരിച്ചെത്തി

പാലക്കാട്: പാലക്കാട് അഗളിയിൽ കാട്ടിൽ കുടുങ്ങിയ 14 അംഗ പൊലീസ് സംഘത്തെ തിരികെ എത്തിച്ചു. കഞ്ചാവ് തോട്ടം തിരഞ്ഞ് വനത്തിനുള്ളിലേക്ക് പോയ പൊലീസ് സംഘത്തെയാണ് തിരികെ എത്തിച്ചത്. പ്രത്യേക റെസ്ക്യൂ സംഘമാണ് ഇവരെ പുറത്തെത്തിച്ചത്.

കഞ്ചാവ് തോട്ടം തെരഞ്ഞ് വനത്തിലെത്തിയ പൊലീസ് സംഘത്തിനു വഴി തെറ്റുകയായിരുന്നു. അഗളി ഡിവൈഎസ്പി എസ് ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വനത്തിൽ കുടുങ്ങിയത്. മുക്കാലി ഫോറസ്റ്റ് സ്‌റ്റേഷനിലെ ജീവനക്കാരും പൊലീസിനൊപ്പമുണ്ടായിരുന്നു. ആന്റി നക്സല്‍ സ്ക്വാഡ് ഉള്‍പ്പെടെ 14 പേരാണ് സംഘത്തിലുള്ളത്. ഉദ്യോഗസ്ഥർ ഫോണില്‍ ബന്ധപ്പെട്ടതായും രാവിലെ തിരിച്ചെത്തുമെന്നും പുതൂർ പൊലീസ് വ്യക്തമാക്കിയിരുന്നു.

ഭക്ഷണം ഉൾപ്പടെയുള്ള സാധനങ്ങളുമായാണ് പൊലീസ് സംഘം തിങ്കളാഴ്ച വൈകിട്ടോടെ വനത്തിലേക്ക് പോയത്. എന്നാൽ വഴിതെറ്റിയതോടെ സംഘം കാട്ടിൽ കുടുങ്ങുകയായിരുന്നു. ഈ പ്രദേശത്ത് മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടെന്ന വിലയിരുത്തലും പൊലീസിനുണ്ട്. വൻതോതിൽ കഞ്ചാവ് കൃഷിയുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് സംഘം വനത്തിലേക്ക് പോയത്. ഇവിടെ മാവോയിസ്റ്റുകൾക്കായി ഇടയ്ക്കിടെ തെരച്ചിൽ നടത്താറുണ്ട്.

പൊലീസ് ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്നും ആർക്കും ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. പ്രത്യേക ദൗത്യസംഘം വനത്തിലെത്തി, കുടുങ്ങിപ്പോയവരെ തിരികെ എത്തിക്കുമെന്നും പൊലീസിലെ ഉന്നതർ അറിയിച്ചിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story