മാനന്തവാടി ടൗണിൽ ഇറങ്ങിയ കാട്ടുകൊമ്പനെ മയക്കുവെടി വച്ചു; ഇനി ആന മയങ്ങാനായി കാത്തിരിപ്പ്,

മാനന്തവാടി ടൗണിൽ ഇറങ്ങിയ കാട്ടുകൊമ്പനെ മയക്കുവെടി വച്ചു; ഇനി ആന മയങ്ങാനായി കാത്തിരിപ്പ്,

February 2, 2024 0 By Editor

മാനന്തവാടി∙ ടൗണിലിറങ്ങിയ കാട്ടാന തണ്ണീർക്കൊമ്പനെ മയക്കുവെടിവച്ചു. രണ്ടാമത്തെ ശ്രമമാണ് വിജയിച്ചത്. വെടിയേറ്റ ആന മയങ്ങിത്തുടങ്ങി. വെടിയേറ്റെങ്കിലും ആന പരിഭ്രമിച്ച് ഓടിയില്ല. ആനയെ കുങ്കിയാനകളെ ഉപയോഗിച്ച് അനിമൽ ആംബുലൻസിൽ കയറ്റാനുള്ള നടപടി ആരംഭിച്ചു. കുങ്കിയാനകളായ വിക്രം, സൂര്യ, സുരേന്ദ്രൻ എന്നിവർ മാനന്തവാടിയിലുണ്ട്. 12 മണിക്കൂറിലേറെയായി ആന മാനന്തവാടി ടൗണിലെത്തിയിട്ട്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ആനയെ മയക്കുവെടി വച്ച് പിടികൂടാൻ ഉത്തരവിറങ്ങിയത്.

ആനയെ പിടികൂടി ബന്ദിപ്പുർ വനത്തിൽ തുറന്നു വിടാൻ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ‍ഡി.ജയപ്രസാദാണ് ഉത്തരവിട്ടത്. ഇതോടെ എത്രയും വേഗം ആനയെ വെടിവയ്ക്കാനുള്ള നടപടി ആരംഭിച്ചു. അഞ്ചരയോടെയാണ് ആനയെ വെടിവയ്ക്കാനായത്. മൂന്ന് ഭാഗങ്ങളിലായി മൂന്ന് കുങ്കിയാനകളെ നിർത്തി. വെടിയേറ്റ് ആന ഓടിയാൽ തടയാനാണു കുങ്കിയാനകളെ വിന്യസിച്ചത്. എന്നാൽ ആനയുടെ ഭാഗത്ത് നിന്ന് യാതൊരു പ്രകോപനവുമുണ്ടായില്ല.

നോർത്ത് വയനാട് ഡിവിഷനിലെ ബേഗൂർ റെയ്ഞ്ചിൽ തലപ്പുഴയിൽ ഇന്നലെ രാത്രിയോടുകൂടി മൂന്ന് ആനകൾ ജനവാസകേന്ദ്രത്തിൽ എത്തിയിരുന്നെന്നു പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഉത്തരവിൽ പറയുന്നു. ഇതിൽ രണ്ടെണ്ണത്തെ തിരിച്ച് കാട്ടിലേക്ക് തുരത്തി. എന്നാൽ ഒരെണ്ണത്തെ തുരത്താനായില്ല. ഈ ആനയാണ് മാനന്തവാടിയിൽ എത്തിയത്.

ബന്ദിപ്പുർ ടൈഗർ റിസർവിനു സമീപത്തുനിന്നും പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ചു വിട്ട ആനയാണിത്. കർണാടക വനംവകുപ്പുമായി ബന്ധപ്പെട്ടതിനെത്തുടർന്ന് ആനയെ ബന്ദിപ്പുർ വനമേഖലയിൽ തുറന്നുവിടാമെന്ന് അറിയിപ്പ് ലഭിച്ചുവെന്നും പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഇറക്കിയ ഉത്തരവിൽ പറയുന്നു.