‘അഭിനയം ഉപേക്ഷിക്കും’: രാഷ്ട്രീയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് വിജയ്; റജിസ്ട്രേഷൻ പൂർത്തിയാക്കി

ചെന്നൈ ∙ നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിക്ക് ‘തമിഴക വെട്രി കഴകം’ എന്നു പേരായി. വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബുസി ആനന്ദ് ഡൽഹിയിൽ തിരഞ്ഞെടുപ്പു കമ്മിഷൻ ഓഫിസിലെത്തി റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി. പാർട്ടി അംഗങ്ങൾ സംസ്ഥാന വ്യാപകമായി വൻ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

അതേസമയം, ഇതുവരെ കരാറായിരിക്കുന്ന സിനിമകൾ പൂർത്തിയാക്കിയശേഷം അഭിനയം ഉപേക്ഷിക്കുമെന്നു വിജയ് പുറത്തുവിട്ട കത്തിൽ പറയുന്നു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ല. 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരത്തിനിറങ്ങും. ജാതിമത ഭിന്നതയും അഴിമതിയും നിലനിൽക്കുന്ന അവസ്ഥയെ പൂർണമായും തന്റെ പാർട്ടി ഇല്ലാതാക്കുമെന്നും വിജയ് വ്യക്തമാക്കി.

വിജയയ്‍യുടെ രാഷ്ട്രീയ പ്രവേശന ചർച്ചകൾ ഇടയ്ക്കിടെ തലപൊക്കാറുണ്ടായിരുന്നെങ്കിലും നവംബറിൽ ചെന്നൈയിൽ നടന്ന ലിയോ സിനിമയുടെ വിജയാഘോഷത്തിൽ നടൻ അർജുന്റെ പ്രഖ്യാപനത്തോടെയാണ് ഇത് വീണ്ടും സജീവമായത്. ‘2026 ലാണ് തമിഴ്നാട്ടിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. നടൻ ഉടൻ രാഷ്ട്രീയത്തിൽ ഇറങ്ങുമെന്നാ’ണ് അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ നടൻ അർജുൻ വേദിയിൽ പ്രഖ്യാപിച്ചത്. ‘രാജാക്കന്മാരിൽ നിന്ന് ഉത്തരവുകൾ സ്വീകരിക്കുന്ന സൈനികനാണു ദളപതി. ജനങ്ങളാണ് എന്റെ രാജാക്കന്മാർ, അവരെ സേവിക്കുന്ന ദളപതിയാണു ഞാൻ’ എന്ന് മറുപടി പ്രസംഗത്തിൽ വിജയ്‍യും പറഞ്ഞു.

വിജയയ്‍യുടെ ഫാൻസ് അസോസിയേഷന്‍ ആയ ദളപതി വിജയ് മക്കൾ ഇയക്കം (ടിവിഎംഐ) പ്രത്യേക പതാകയോ ചിഹ്നമോ ഇല്ലാതെ, കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. 169 അംഗങ്ങൾ മത്സരിച്ചതിൽ 115 പേരും തിരഞ്ഞെടുക്കപ്പെട്ടു. വിജയ് തന്റെ രാഷ്ട്രീയ പ്രവേശനത്തിനു മുൻപ് കളം അറിയാൻ നടത്തിയ പരീക്ഷണമായിരുന്നു ഇതെന്നാണ് കരുതപ്പെടുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story