നടിയെ ആക്രമിച്ച കേസ്: നടൻ ദിലീപിന് ആശ്വാസം, ജാമ്യം റദ്ദാക്കില്ല
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി. ജസ്റ്റിസ് സോഫി തോമസിന്റെ ബെഞ്ചാണ് സർക്കാരിന്റെ ഹർജിയിൽ വിധി പറഞ്ഞത്. ജാമ്യം റദ്ദാക്കണമെന്ന് സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി തീർപ്പാക്കി. ഉത്തരവിലെ പരാമർശങ്ങൾ വിചാരണയെ ബാധിക്കരുതെന്നും ഹൈക്കോടതി അറിയിച്ചു.
ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമം നടത്തിയെന്നും തെളിവുകൾ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നുമായിരുന്നു സർക്കാരിന്റെ വാദം. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ വിചാരണ കോടതിയെ സമീപിച്ചിരുന്നെങ്കിലും തള്ളിയിരുന്നു. തുടർന്നാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം തന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ സർക്കാർ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതവും മുൻപു പലതവണ കോടതി തള്ളിയതുമാണെന്ന് ദിലീപ് ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു. വിചാരണക്കോടതി 259 പ്രോസിക്യൂഷൻ സാക്ഷികളെ ഇതിനകം വിസ്തരിച്ചു കഴിഞ്ഞെന്നും ഇനി വിസ്തരിക്കാനുള്ള അന്വേഷണ ഉദ്യോഗസ്ഥൻ, ഫൊറൻസിക് ലാബിലെ ജോയിന്റ് ഡയറക്ടർ എന്നിവരെ താൻ സ്വാധീനിക്കുമെന്നു കരുതാൻ ന്യായമില്ലെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു.
കേസിൽ നിയമവിരുദ്ധമായി മെമ്മറി കാർഡ് പരിശോധിച്ചിട്ടുണ്ടെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് അതിജീവിതയ്ക്കു കൈമാറാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശം നൽകി. അന്വേഷണം നടത്തിയ ജില്ലാ സെഷൻസ്‍ ജഡ്ജിക്ക് ഈ റിപ്പോർട്ടിന്റെ പകർപ്പ് കൈമാറാൻ നിർദേശം നൽകണം എന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ആവശ്യം അംഗീകരിച്ചു കൊണ്ടാണ് ജസ്റ്റിസ് കെ.ബാബുവിന്റെ ഉത്തരവ്. ജനുവരി തുടക്കത്തിലാണ് ഇക്കാര്യത്തിൽ അന്വേഷണം പൂർത്തിയാക്കിയത്.