മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ പങ്കെടുക്കേണ്ട ദോഹ താരനിശ റദ്ദാക്കിയത് അവസാന നിമിഷം; കാരണം പണമിടപാട്

മലയാള സിനിമാ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച ദോഹയിൽ നടക്കേണ്ടിയിരുന്ന താരനിശ അവസാന നിമിഷം റദ്ദാക്കി. അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നേതൃത്വത്തിൽ മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെ നൂറോളം നടീനടന്മാർ വ്യാഴാഴ്ച എത്തി റിഹേഴ്സൽ പൂർത്തിയാക്കി സ്റ്റേഡിയത്തിലേക്കു തിരിക്കുന്നതിനു തൊട്ടുമുൻപാണ് അറിയിപ്പ് എത്തിയത്.

സ്റ്റേജ്, ശബ്ദ സംവിധാനം എന്നിവ ഒരുക്കിയെങ്കിലും സ്റ്റേഡിയത്തിന്റെ വാടക പൂർണമായി കൊടുക്കാത്തതിനാൽ ഗേറ്റ് തുറന്നു കൊടുത്തില്ല. പൊലീസ് എത്തിയാണ് കാണികളെ പിരിച്ചുവിട്ടത്. പണമിടപാട് സംബന്ധിച്ച തർക്കങ്ങളാണ് അസോസിയേഷന്റെ ധനസമാഹരണാർഥം സംഘടിപ്പിച്ച ചടങ്ങ് മുടങ്ങാൻ കാരണമായത്. സാങ്കേതിക കാരണങ്ങളാൽ ചടങ്ങ് റദ്ദാക്കിയെന്നും ടിക്കറ്റ് എടുത്തവർക്ക് പണം തിരിച്ചു നൽകുമെന്നും ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ‘91’ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു

പൃഥ്വിരാജ്, ദിലീപ്, ജയറാം, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, അർജുൻ അശോകൻ, ഇന്ദ്രജിത്, നിഖില വിമൽ, ഹണി റോസ്, മല്ലിക സുകുമാരൻ, ശ്വേതാ മേനോൻ, രമേശ് പിഷാരടി, കലാഭവൻ ഷാജോൺ, ധർമജൻ ബോൾഗാട്ടി ഉൾപ്പെടെയുള്ള താരങ്ങൾ റിഹേഴ്സലിനു വേണ്ടി ദിവസങ്ങളാണു ചെലവഴിച്ചത്. നാദിർഷ, ഇടവേള ബാബു, രഞ്ജിത് എന്നിവരായിരുന്നു ഷോ ഡയറക്ടർമാർ. കഴിഞ്ഞ നവംബറിൽ ഇതേ പരിപാടി സംഘടിപ്പിക്കാൻ നീക്കം നടത്തിയെങ്കിലും പലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അനുമതി ലഭിച്ചിരുന്നില്ല.

അപ്രതീക്ഷിത സാഹചര്യത്തിൽ ഒഴിവാക്കാനാകാത്ത കാരണങ്ങളാലാണ് ഷോ ഉപേക്ഷിച്ചതെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോ. പ്രസിഡന്റ് ആന്റോ ജോസഫ് പറഞ്ഞു. നിർമാതാക്കളും മറ്റു ചിലരും ഇപ്പോഴും ദോഹയിൽ തുടരുകയാണ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story