ഇഡിയുടെ സമൻസിനെ അരവിന്ദ് കേജ്‌രിവാൾ പുച്ഛിച്ചുതള്ളിയത് ഒന്നും രണ്ടുമല്ല ഒൻപതുതവണ ; ഒടുവില്‍  വീഴ്ത്തി ഇ.ഡി

ഇഡിയുടെ സമൻസിനെ അരവിന്ദ് കേജ്‌രിവാൾ പുച്ഛിച്ചുതള്ളിയത് ഒന്നും രണ്ടുമല്ല ഒൻപതുതവണ ; ഒടുവില്‍ വീഴ്ത്തി ഇ.ഡി

March 21, 2024 0 By Editor

ഒന്നും രണ്ടുമല്ല ഒൻപതുതവണയാണ് ഇഡിയുടെ സമൻസിനെ അരവിന്ദ് കേജ്‌രിവാൾ പുച്ഛിച്ചുതള്ളിയത്. ഹാജരാകില്ലെന്ന് തന്നെയായിരുന്നു ഡൽഹി മുഖ്യന്റെ വാശി.ബിജെപി ഇഡിയെ ചട്ടുകമാക്കുകയാണെന്നും സർക്കാരിനെ തന്റെ അറസ്റ്റിലൂടെ വീഴ്ത്താമെന്നാണ് ബിജെപി കരുതുന്നതെന്നും ആരോപിച്ച് ഓരോ തവണയും കേജ്‌‌‌രിവാൾ സമൻസ് തള്ളിക്കൊണ്ടിരുന്നു. ഹൈദരാബാദിലെ വസതിയിൽ മണിക്കൂറുകൾ നീണ്ട റെയ്ഡിനൊടുവിൽ ‌‌ബിആർഎസ് നേതാവും തെലങ്കാന മുൻമുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ.കവിതയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇതേ കേസിൽ അറസ്റ്റുചെയ്തത് അക്ഷരാർഥത്തിൽ കേജ്‌രിവാളിനുള്ള മുന്നറിയിപ്പായിരുന്നു. പക്ഷെ എന്നിട്ടും കേജ‌്‌രിവാൾ കുലുങ്ങിയില്ല.

കൂസലില്ലാതെ നടന്ന് ബിജെപിയെയും ഇഡിയെയും വെല്ലുവിളിച്ചതോടെ കോടതിയെ സമീപിക്കാതെ രക്ഷയില്ലെന്ന് ഇഡിക്കും ബോധ്യപ്പെട്ടു.

മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ, ബിആര്‍എസ് നേതാവ് കെ.കവിത തുടങ്ങിയവര്‍ നടത്തിയ ഗൂഢാലോചനയാണ് ഡല്‍ഹി മദ്യനയ അഴിമതിയെന്നാണ് ഇ.ഡിയുടെ ആരോപണം. വ്യവസായികളായ ശരത് റെഡ്ഡി, മഗുന്ദ ശ്രീനിവാസലു റെഡ്ഡി, കെ.കവിത എന്നിവരടങ്ങുന്ന സൗത്ത് ഗ്രൂപ്പിന് 2021-22ലെ പുതിയ മദ്യനയം അനുസരിച്ച് ആകെയുള്ള 32 സോണുകളില്‍ ഒമ്പിതെണ്ണം ലഭിച്ചു. മൊത്തക്കച്ചവടക്കാര്‍ക്ക് 12 ശതമാനം മാര്‍ജിനും ചെറുകിടക്കാര്‍ക്ക് 185 ശതമാനം ലാഭവും ലഭിക്കുന്ന തരത്തിലായിരുന്നു പുതിയ നയം. ഈ 12 ശതമാനത്തില്‍നിന്ന് 6 ശതമാനം മൊത്തക്കച്ചവടക്കാരില്‍നിന്ന് തിരികെ എഎപി നേതാക്കള്‍ക്കു ലഭിക്കുന്ന തരത്തിലായിരുന്നു സംവിധാനമെന്നാണ് ഇ.ഡിയുടെ ആരോപണം. ഇത്തരത്തില്‍ 100 കോടി രൂപ എഎപിക്കു ലഭിച്ചുവെന്നാണ് ഇ.ഡി. വ്യക്തമാക്കുന്നത്.

എഎപിയുടെ കമ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ ചാര്‍ജുണ്ടായിരുന്ന വിജയ് നായര്‍ക്കാണു പണം ലഭിച്ചതെന്നും ഇ.ഡി ആരോപിക്കുന്നു. വിജയ് നായരാണ് പദ്ധതി ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്നും കേജ്‌രിവാളിന്റെ വിശ്വസ്തനാണെന്നും ഇ.ഡി പറയുന്നു. സമീര്‍ മഹേന്ദ്രുവെന്ന വ്യാപാരിയുടെ മൊഴിപ്രകാരം മദ്യനയം കേജ്‌രിവാളിന്റെ ബുദ്ധിയില്‍ ഉദിച്ചതാണെന്ന് ഇ.ഡി. വ്യക്തമാക്കുന്നു. വിജയ് നായരാണ് കേജ്‌രിവാളുമായി ബന്ധപ്പെടുത്തിയതെന്ന് സമീര്‍ പറഞ്ഞു. വിജയ് തന്റെ കുട്ടിയാണെന്നും വിശ്വസിക്കാമെന്നും കേജ്‌രിവാള്‍ വിഡിയോകോളില്‍ പറഞ്ഞതായി സമീര്‍ മൊഴി നല്‍കിയെന്നും ഇ.ഡി. പറയുന്നു. കേസില്‍ മനീഷ് സിസോദിയ, എംപിയായിരുന്ന സഞ്ജയ് സിങ്, കെ.കവിത എന്നിവര്‍ക്കു പുറമേ അറസ്റ്റിലാകുന്ന നാലാമത്തെ പ്രമുഖനാണ് കേജ്‌രിവാള്‍. സിസോദിയയുടെ മുന്‍ സെക്രട്ടറി സി.അരവിന്ദ് നല്‍കിയ മൊഴിയും എഎപിക്കു തിരിച്ചടിയായി.

ഇ.ഡിയുടെ അറസ്റ്റിൽ എഎപി തളരില്ലെന്ന് വ്യക്തമാക്കിയാണ് എഎപി നേതാക്കൾ മാധ്യമങ്ങളെ കണ്ടത്. അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയെന്ന് ആരോപിച്ച് അവർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.