സ്പാനിഷ് ലാ ലിഗയിൽ തകർപ്പൻ ജയത്തോടെ കിരീടത്തിലേക്കടുത്ത് റയൽ മാഡ്രിഡ്

സ്പാനിഷ് ലാ ലിഗയിൽ തകർപ്പൻ ജയത്തോടെ കിരീടത്തിലേക്കടുത്ത് റയൽ മാഡ്രിഡ്. ബ്രസീലിയൻ താരം റോഡ്രിഗോ നേടിയ ഇരട്ട ഗോളുകളിൽ അത്‍ലറ്റിക് ബിൽബാവോയെയാണ് റയൽ വീഴ്ത്തിയത്. ഇതോടെ ലീഗിൽ…

സ്പാനിഷ് ലാ ലിഗയിൽ തകർപ്പൻ ജയത്തോടെ കിരീടത്തിലേക്കടുത്ത് റയൽ മാഡ്രിഡ്. ബ്രസീലിയൻ താരം റോഡ്രിഗോ നേടിയ ഇരട്ട ഗോളുകളിൽ അത്‍ലറ്റിക് ബിൽബാവോയെയാണ് റയൽ വീഴ്ത്തിയത്. ഇതോടെ ലീഗിൽ രണ്ടാമതുള്ള ബാഴ്സലോണയുമായുള്ള പോയന്റ് വ്യത്യാസം എട്ട് പോയന്റായി ഉയർത്തി.

കളിയുടെ എട്ടാം മിനിറ്റിൽ തന്നെ റയൽ എതിർ പോസ്റ്റിൽ പന്തെത്തിച്ചു. വലതുവിങ്ങിൽനിന്ന് ബ്രഹിം ഡയസ് നൽകിയ ക്രോസ് സ്വീകരിച്ച റോഡ്രിഗോ എതിർതാരങ്ങളെ വകഞ്ഞുമാറ്റി 20 വാര അകലെനിന്ന് തൊടുത്തുവിട്ട ഉശിരൻ ഷോട്ട് അത്‍ലറ്റിക് ഗോൾകീപ്പർക്ക് അവസരമൊന്നും നൽകാതെ വലയിൽ കയറുകയായിരുന്നു.

34ാം മിനിറ്റിൽ റയലിന് ലീഡ് വർധിപ്പിക്കാൻ അവസരമൊത്തെങ്കിലും ടോണി ക്രൂസിന്റെ ഷോട്ട് എതിർ താരത്തിന്റെ ദേഹത്ത് തട്ടി എത്തിയത് ഗോൾകീപ്പറുടെ കൈയിലേക്കായിരുന്നു. വൈകാതെ വാൽവർഡെയുടെ ശ്രമവും ഗോൾകീപ്പർ ഡൈവ് ചെയ്ത് തട്ടിത്തെറിപ്പിച്ചു. ഇടവേളക്ക് തൊട്ടുമുമ്പ് ടോണി ക്രൂസ് എടുത്ത കോർണർ കിക്കിന് ചൗമേനി തലവെച്ചെങ്കിലും പോസ്റ്റിനോട് ചാരി പുറത്തുപോയി.

ഇടവേള കഴിഞ്ഞെത്തിയ ഉടൻ ബ്രഹിം ഡയസിന്റെ ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചതും റയലിന് തിരിച്ചടിയായി. 52ാം മിനിറ്റിലാണ് അത്‍ലറ്റികിന് ആദ്യ സുവർണാവസരം ലഭിക്കുന്നത്. എന്നാൽ, ഇനാകി വില്യംസിന്റെ ഷോട്ട് റയൽ ഗോൾകീപ്പർ മനോഹരമായി തടഞ്ഞിട്ടു.

73ാം മിനിറ്റിൽ റയൽ ലീഡുയർത്തി. സസ്​പെൻഷൻ കഴിഞ്ഞെത്തിയ ജൂഡ് ബെല്ലിങ്ഹാം നൽകിയ പാസ് സ്വീകരിച്ച റോഡ്രിഗോ തടയാനെത്തിയ എതിർതാരത്തെ വെട്ടിച്ച് പോസ്റ്റിലേക്ക് നിറയൊഴിക്കുകയായിരുന്നു. 78ാം മിനിറ്റിൽ അത്‍ലറ്റിക് ഗോളിനടുത്തെത്തിയെങ്കിലും കൃത്യമായി കണക്ട് ചെയ്യാനാവാത്തത് തിരിച്ചടിയായി. തുടർന്ന് ഇരുനിരയും നടത്തിയ നീക്കങ്ങളൊന്നും ഫലം കണ്ടില്ല.

മറ്റു മത്സരങ്ങളിൽ ജിറോണ 3-2ന് റയൽ ബെറ്റിസിനെയും റയൽ സൊസീഡാഡ് 1-0ത്തിന് അലാവെസിനെയും കീഴടക്കിയപ്പോൾ സെൽറ്റ വിഗോ-റയോ വലെകാനോ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു.

ലീഗിൽ ഒന്നാമതുള്ള റയൽ മാഡ്രിഡിന് 75 പോയന്റുള്ളപ്പോൾ രണ്ടാമതുള്ള ബാഴ്സലോണക്ക് 67 പോയന്റാണുള്ളത്. ജിറോണ (65), അത്‍ലറ്റിക് ബിൽബാവോ (56), അത്‍ലറ്റികോ മാഡ്രിഡ് (55) എന്നിവരാണ് മൂന്ന് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിൽ.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story