സർക്കാർ അനീതി -മെഡിക്കൽ കോളേജ് ഐസിയുവിൽ പീഡനത്തിനിരയായ യുവതിക്കൊപ്പം നിന്നു, കോടതി ഉത്തരവുണ്ടായിട്ടും ജോലിയിൽ പ്രവേശിപ്പിക്കാതെ ക്രൂരത

സർക്കാർ അനീതി -മെഡിക്കൽ കോളേജ് ഐസിയുവിൽ പീഡനത്തിനിരയായ യുവതിക്കൊപ്പം നിന്നു, കോടതി ഉത്തരവുണ്ടായിട്ടും ജോലിയിൽ പ്രവേശിപ്പിക്കാതെ ക്രൂരത

April 2, 2024 0 By Editor

കോഴിക്കോട്: മെഡിക്കൽ കോളേജ് ഐ.സി.യു. വിൽ പീഡനത്തിനിരയായ യുവതിക്കൊപ്പം നിന്നതിന് സീനിയർ നഴ്‌സിങ് ഓഫീസർ പി.ബി. അനിതയ്ക്ക് തന്റെ ജോലിയിൽ പോലും പ്രശ്നമുണ്ടായി. അതിജീവിതയ്ക്ക് അനുകൂലമായി മൊഴിനൽകിയ അനിതയെ ഇടുക്കി മെഡിക്കൽ കോളേജിലേക്കാണ് സ്ഥലംമാറ്റിയിരുന്നത്. ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ചു.

ഏപ്രിൽ ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളേജിൽത്തന്നെ ജോലിയിൽ പ്രവേശിക്കാനുള്ള ഉത്തരവുകിട്ടി. രാവിലെ എത്തിയപ്പോൾ പ്രിൻസിപ്പൽ അവധിയിലായതിനാൽ സീനിയർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പത്മനാഭനെ കാണാൻ ആവശ്യപ്പെട്ടു. കണ്ടപ്പോൾ സീനിയർ സൂപ്രണ്ടിനെ കാണാനായി പറഞ്ഞയച്ചു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ സർക്കാരിൽനിന്നുള്ള ഉത്തരവുപ്രകാരമുള്ള സ്ഥലംമാറ്റമായതിനാൽ സെക്രട്ടേറിയറ്റിൽനിന്നുള്ള ഉത്തരവില്ലാതെ പ്രവേശനം നൽകാനാവില്ലെന്നാണ് സീനിയർ സൂപ്രണ്ട് അറിയിച്ചത്.

ലീവ് തീർന്നെന്നും ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അനിത കരഞ്ഞിട്ടും അധികൃതർ കനിഞ്ഞില്ല. കാത്തിരിപ്പിന് ഫലമില്ലാതായതോടെ കേരള ഗവ. നഴ്‌സസ് യൂണിയന്റെയും ഡി.സി.സി. ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണയുടെയും നേതൃത്വത്തിൽ പ്രതിഷേധിച്ചവരെ പോലീസെത്തി അറസ്റ്റുചെയ്തുനീക്കി കെട്ടിടം പൂട്ടി. മടങ്ങിപ്പോകാൻ തയ്യാറാവാതെ പടിയിലിരുന്ന് കരഞ്ഞ അനിതയെ പോലീസെത്തിയാണ് വീട്ടിലേക്ക് തിരിച്ചയച്ചത്.

അച്ചടക്കനടപടിയെടുക്കാന്‍മാത്രം സീനിയര്‍ നഴ്സിങ് ഓഫീസര്‍ പി.ബി. അനിത ഡ്യൂട്ടിയില്‍ അലംഭാവമോ, വീഴ്ചയോ വരുത്തിയതായി കണ്ടെത്താനായിട്ടില്ലെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ.

നഴ്സിങ് ഓഫീസര്‍ ഡ്യൂട്ടിയില്‍ വീഴ്ചവരുത്തിയിട്ടില്ലെന്ന് ഹൈക്കോടതി

കോഴിക്കോട്: അച്ചടക്കനടപടിയെടുക്കാന്‍മാത്രം സീനിയര്‍ നഴ്സിങ് ഓഫീസര്‍ പി.ബി. അനിത ഡ്യൂട്ടിയില്‍ അലംഭാവമോ, വീഴ്ചയോ വരുത്തിയതായി കണ്ടെത്താനായിട്ടില്ലെന്ന് ഹൈകോടതി.

നഴ്സിങ് ഓഫീസര്‍ക്കെതിരേ ആരും പരാതിയുന്നയിച്ചിട്ടില്ല. അവര്‍ക്കെതിരേ അന്വേഷണമോ, മറ്റു നടപടിക്രമങ്ങളോ ഉണ്ടായിട്ടുമില്ല. സര്‍ക്കാര്‍ ജനുവരി 16-ന് അനിതയെ സ്ഥലംമാറ്റിക്കൊണ്ടിറക്കിയ ഉത്തരവില്‍ അവര്‍ പരസ്പരവിരുദ്ധമായി മൊഴിനല്‍കിയതായി മാത്രമാണ് പറയുന്നത്. എന്നാല്‍, എന്താണാ പരസ്പരവിരുദ്ധമായ മൊഴിയെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുമില്ല.

നഴ്സിങ് ഓഫീസര്‍ക്കെതിരേയുള്ള കുറ്റാരോപണം ശരിയല്ലാത്തതുകൊണ്ടുതന്നെ ഈ സ്ഥലംമാറ്റ ഉത്തരവില്‍ കോടതി ഇടപെടേണ്ടതാണ്. എന്നാല്‍, തത്കാലം ഇടപെടാത്തതിന് കാരണം അനിതയ്ക്ക് പകരമായി തിരുവനന്തപുരത്തുനിന്ന് ഒരാള്‍ വന്ന് ഇവിടെ ചാര്‍ജെടുത്തിട്ടുണ്ടെന്നതാണ്. അതുകൊണ്ട് നടപടി റദ്ദാക്കുന്നില്ല.

പകരം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അടുത്തുവരുന്ന ഒഴിവില്‍ അനിതയെ നിയമിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ആ ഒഴിവ് ഏപ്രില്‍ ഒന്നിന് വരുമെന്നാണ് മെഡിക്കല്‍ കോളേജില്‍നിന്നുള്ള റിപ്പോര്‍ട്ട്. ആ ഒഴിവില്‍ അനിതയെ പ്രവേശിപ്പിക്കണം.

അനിതയ്‌ക്കെതിരേയുള്ള കുറ്റാരോപണവും അച്ചടക്കനടപടിയും ഉള്‍പ്പെടെയുള്ളവ അവരുടെ സര്‍വീസ് റെക്കോര്‍ഡുകളില്‍ ഉണ്ടാവാന്‍ പാടില്ലെന്നും കോടതി ഉത്തരവിട്ടു.

ഫോട്ടോ കടപ്പാട് : മാതൃഭൂമി