കോട്ടയം സ്വദേശികളായ ദമ്പതികളും കാണാതായ അധ്യാപികയും അരുണാചലിൽ മരിച്ച നിലയിൽ; രക്തം വാർന്ന് മരണം

കോട്ടയം സ്വദേശികളായ ദമ്പതികളും കാണാതായ അധ്യാപികയും അരുണാചലിൽ മരിച്ച നിലയിൽ; രക്തം വാർന്ന് മരണം

April 2, 2024 0 By Editor

കോട്ടയം സ്വദേശികളായ ദമ്പതികളും ഇവരുടെ സുഹൃത്തായ അധ്യാപികയും അരുണാചൽ പ്രദേശിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ. മീനടം സ്വദേശികളായ നവീൻ തോമസ് (39), ഭാര്യ ദേവി മാധവൻ (39), സുഹൃത്തും അധ്യാപികയുമായ ആര്യ (29) എന്നിവരാണ് മരിച്ചത്. അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറിലെ ഹോട്ടലിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ആര്യയെ കഴിഞ്ഞ മാസം 27 മുതൽ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് നൽകിയ പരാതിയിൽ വട്ടിയൂർക്കാവ് പൊലീസ് അന്വേഷണം നടത്തിവരവേയാണ്, കൂട്ടമരണത്തിന്റെ വാർത്ത പുറത്തുവരുന്നത്. വിവാഹം നിശ്ചയിച്ചതിനു പിന്നാലെയാണ് ആര്യയെ കാണാതായത്.

‘സന്തോഷത്തോടെ ജീവിച്ചു, ഇനി ഞങ്ങൾ പോകുന്നു’ എന്ന് എഴുതിയ കുറിപ്പ് ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇറ്റാനഗറിലെ ഹോട്ടൽമുറിയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. ശരീരത്തിൽ വ്യത്യസ്ത തരത്തിലുള്ള മുറിവുകളുണ്ടാക്കി രക്തം വാർന്നാണ് എല്ലാവരുടെയും മരണം. മരണ കാരണം വ്യക്തമല്ല.

മരിച്ച ആര്യ തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ അധ്യാപികയായിരുന്നു. ആര്യയെ കാണാതായതുമായി ബന്ധപ്പെട്ട് വട്ടിയൂർക്കാവ് പൊലീസ് ഇക്കഴിഞ്ഞ 27ന് കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ആര്യയുടെ സഹ അധ്യാപികയായിരുന്ന ദേവി, ഭർത്താവ് നവീൻ എന്നിവരെ കോട്ടയം മീനടത്തുനിന്ന് കാണാതായ കാര്യം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂവരും ഒരേ വിമാനത്തിൽ അസം തലസ്ഥാനമായ ഗുവാഹത്തിയിലേക്കു പോയതായി പൊലീസിനു വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരേക്കുറിച്ചുള്ള വിവരങ്ങൾ കേരള പൊലീസ് അസം പൊലീസിനു കൈമാറി.

ഇവർക്കായുള്ള അന്വേഷണം തുടരുന്നതിനിടെയാണ് ഇറ്റാനഗറിലെ ഹോട്ടൽമുറിയിൽ മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്കും പൊലീസിനും വിവരം ലഭിച്ചത്. ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. ഇവർ മരണാനന്തര ജീവിതത്തേക്കുറിച്ച് ഗൂഗിളിൽ ഉൾപ്പെടെ തിരഞ്ഞതായി അന്വേഷണ ഘട്ടത്തിൽ പൊലീസ് കണ്ടെത്തിയിരുന്നു. ഫോൺ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.

നവീൻ, ദേവി എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ട് കോട്ടയത്ത് കേസ് റജിസ്റ്റർ ചെയ്തിരുന്നില്ല. വിനോദയാത്രയ്ക്ക് എന്ന പേരിലാണ് ഇരുവരും വീട്ടിൽനിന്ന് ഇറങ്ങിയത്. അതിനാൽ ഇവരെക്കുറിച്ച് ബന്ധുക്കൾക്ക് സംശയങ്ങളൊന്നുമുണ്ടായിരുന്നില്ല. ആര്യയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് മൂവരും ഒന്നിച്ചാണ് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ അസമിലേക്കു പോയതെന്ന് കണ്ടെത്തിയത്.

ഓൺലൈൻ ട്രേഡിങ്ങുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണ് മരിച്ച നവീനെന്നാണ് പ്രാഥമിക വിവരം. ഇയാളുടെ ഭാര്യ ദേവി തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ ജർമൻ ഭാഷ പഠിപ്പിച്ചിരുന്നു. കോവിഡിനു ശേഷം ഇവർ സ്കൂളിൽ എത്തിയിട്ടില്ല. ആര്യ ഇതേ സ്കൂളിൽ ഫ്രഞ്ച് പഠിപ്പിക്കുന്ന അധ്യാപികയായിരുന്നു. ആര്യയും ദേവിയും ഉറ്റ സുഹൃത്തുക്കളായിരുന്നുവെന്നാണ് സൂചന. കോവിഡിനു ശേഷം ദേവി കോളജിലെത്തിയിരുന്നില്ലെങ്കിലും ഇരുവരും തമ്മിൽ ഫോണിൽ സ്ഥിരമായി ബന്ധപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

————-

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)