പോളിങ് കുറഞ്ഞതില്‍ മുന്നണികളുടെ പ്രതീക്ഷകള്‍ മങ്ങുന്നൂ , കൂട്ടിയും കിഴിച്ചും മുന്നണികൾ

പോളിങ് കുറഞ്ഞതില്‍ മുന്നണികളുടെ പ്രതീക്ഷകള്‍ മങ്ങുന്നൂ , കൂട്ടിയും കിഴിച്ചും മുന്നണികൾ

April 27, 2024 0 By Editor

തിരുവനന്തപുരം; കേരളത്തിലെ വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ മുന്നണികളുടെ പ്രതീക്ഷകള്‍ മങ്ങി. പോളിങ് ശതമാനം കുറഞ്ഞതാണ് പ്രധാന കാരണം. ഇതോടെ ഫലം പ്രവചനാതീതമെന്നാണ് വിലയിരുത്തല്‍.

മറ്റ് തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് നാല് മണിക്കൂറില്‍ അധികം വോട്ടിങ് പലയിടത്തും നീണ്ടു. ഇന്നലെ രാത്രി എട്ടേ കാലിന് വന്ന ഒടുവിലത്തെ വിവരം അനുസരിച്ച് 70.35 ശതമാനമാണ് പോളിങ്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ പോളിങ് 7 ശതമാനം കുറവാണിത്. കണ്ണൂരില്‍ കൂടിയ പോളിങും പത്തനംതിട്ടയില്‍ കുറഞ്ഞ പോളിങും രേഖപ്പെടുത്തി.

തെക്കന്‍ കേരളത്തിലെ സ്റ്റാര്‍ മണ്ഡലങ്ങളിലെല്ലാം പോളിങ് കുറഞ്ഞു. ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലും,ദേശീയ ശ്രദ്ധയാകര്‍ഷിച്ച ആലപ്പുഴ മണ്ഡലത്തിലും പോളിംഗ് ശതമാനം കുറഞ്ഞു. കോണ്‍ഗ്രസിന് മുന്‍തൂക്കമുള്ള കോവളത്തും, കഴിഞ്ഞ തവണ ബിജെപി വോട്ടുയര്‍ത്തിയ നേമം നിയമസഭ മണ്ഡലത്തിലും കനത്ത പോളിങ് രേഖപ്പെടുത്തി. അരുവിക്കര, കാട്ടാക്കട മേഖലകളിലും പോളിങ് വര്‍ധിച്ചു. പോളിംഗ് ശതമാനത്തിലെ മാറ്റം ശക്തമായ അടിയൊഴുക്കുകള്‍ ഉണ്ടാക്കിയെന്നും,ജാതി സമവാക്യങ്ങള്‍ക്ക് മാറ്റം ഉണ്ടാക്കിയെന്നുമാണ് വിലയിരുത്തല്‍.

പത്തനംതിട്ട, കൊല്ലം, മാവേലിക്കര മണ്ഡലങ്ങളിലും പോളിങില്‍ കാര്യമായ കുറവുണ്ടായി. പൊതുവേ തണുപ്പന്‍ മട്ടിലാണ് മധ്യകേരളവും തെരഞ്ഞെടുപ്പിനോട് പ്രതികരിച്ചത്. കോട്ടയത്ത് പോളിങില്‍ വലിയ കുറവുണ്ടായത് ഇതിന് ഉദാഹരണം. തൃശൂരിലും ആലത്തൂരിലും വോട്ടെടുപ്പ് മന്ദഗതിയിലായിരുന്നു. പാലക്കാടും പോളിങില്‍ ഗണ്യമായ കുറവുണ്ടായി. യുഡിഎഫിന്റെ ഉരുക്ക് കോട്ടയായ എറണാകുളത്തും ഇടുക്കിയിലും ചാലക്കുടിയിലും പ്രതീക്ഷിച്ച പോളിങുണ്ടായില്ല.

ജനവിധി പ്രവചനങ്ങള്‍ക്ക് അപ്പുറമാകുന്ന സാഹചര്യമാണ് മലബാറിലെ പല മണ്ഡലങ്ങളിലും. കാസര്‍ഗോഡ് യുഡിഎഫ് കേന്ദ്രങ്ങളില്‍ വോട്ടിങ് കുറഞ്ഞതായാണ് വിലയിരുത്തുന്നത്. യുഡിഎഫിനും ബിജെപിയ്ക്കും സ്വാധീനമുള്ള കാസര്‍ഗോഡ് നിയമസഭാ മണ്ഡലത്തില്‍ പോളിങ് കുറഞ്ഞു. കണ്ണൂരില്‍ ധര്‍മ്മടം, മട്ടന്നൂര്‍, തളിപ്പറമ്പ് നിയോജക മണ്ഡലങ്ങളിലെ കനത്ത പോളിംഗ് എല്‍ഡിഎഫിന് പ്രതീക്ഷ നല്‍കുന്നു.

പ്രചാരണം അതിരു വിട്ട വടകര മണ്ഡലത്തില്‍ സ്ത്രീകളും യുവാക്കളും കൂടുതലായി പോളിങ് ബൂത്തിലെത്തി. മുസ്ലിം വിഭാഗവും വോട്ടെടുപ്പില്‍ സജീവമായി എന്ന വിലയിരുത്തലിലാണ് മുന്നണികള്‍. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കും മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറിനും ഭീഷണി ഇല്ലെന്ന് ഉറപ്പിക്കുന്നുണ്ട് യുഡിഎഫ് ക്യാമ്പ്.