ശിവകാശിയില്‍ പടക്കശാലയില്‍ സ്ഫോടനം; ഒന്‍പതുപേര്‍ മരിച്ചു

ശിവകാശിയില്‍ പടക്കശാലയില്‍ സ്ഫോടനം; ഒന്‍പതുപേര്‍ മരിച്ചു

May 9, 2024 0 By Editor

തമിഴ്നാട് ശിവകാശിയിൽ പടക്കശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ 9 മരണം. സുദർശൻ ഫയർ വർക്ക്സ് എന്ന സ്ഥാപനത്തിൽ ഉച്ചയ്ക്ക് ശേഷം ഉണ്ടായ അപകടത്തിൽ അഞ്ചു സ്ത്രീകളും നാല് പുരുഷ തൊഴിലാളികളുമാണ് മരിച്ചത്. 11 പേർക്ക് പരുക്കേറ്റു. പടക്കശാലയിലെ 10 കെട്ടിട മുറികൾ തകര്‍ന്നു.

ശിവകാശി സെങ്കമലപ്പെട്ടി ഗ്രാമത്തിൽ സുദർശൻ ഫയർ വര്‍ക്സ് എന്ന പടക്കശാലയിലാണ് അപകടമുണ്ടായത്. ഓരോ മുറികളുള്ള നിരവധി ചെറു കെട്ടിടങ്ങൾ ചേർന്നതാണ് നിർമ്മാണ മേഖല.  തൊഴിലാളികൾ വിശ്രമിക്കുന്നതിനിടെയായിരുന്നു സ്ഫോടനം. 5 സ്ത്രീ തൊഴിലാളികളും 4 പുരുഷ തൊഴിലാളികളും അപകട സ്ഥലത്ത് വച്ച് മരിച്ചു. 10 പേരെ വിരുദനഗർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. അപകട സമയത്ത് സ്ഥാപനത്തിൽ അമ്പതോളം തൊഴിലാളികൾ ജോലി ചെയ്തിരുന്നു. 10 കെട്ടിട മുറികൾ പൂർണമായും തകർന്നു.

സ്ഫോടനം ഉണ്ടായും, കെട്ടിട അവശിഷ്ടങ്ങൾക്കിടെയിൽ പെട്ടുമാണ് തൊഴിലാളികൾ മരിച്ചത്. പടക്കങ്ങൾ തുടർച്ചയായി പൊട്ടിയിരുന്നതിനാൽ അപകടമുണ്ടായി ഒന്നരമണിക്കൂറിന് ശേഷമാണ് അഗ്നി രക്ഷാ ഉദ്യോഗസ്ഥർക്ക് കെട്ടിടത്തിന് അടുത്തേക്ക് എത്താനായത്. ചൂടു മൂലം പടക്കത്തിന് തനിയെ തീ പിടിച്ചതായിരിക്കാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചശേഷം ധനസഹായം പ്രഖ്യാപിക്കുമെന്ന് അറിയിച്ചു.