വിരമിക്കാന്‍ ആറ് ദിവസം; 1000 രൂപ കൈക്കൂലി വാങ്ങി; സീനിയര്‍ സെക്ഷന്‍ ക്ലര്‍ക്ക് അറസ്റ്റില്‍

വിരമിക്കാന്‍ ആറ് ദിവസം; 1000 രൂപ കൈക്കൂലി വാങ്ങി; സീനിയര്‍ സെക്ഷന്‍ ക്ലര്‍ക്ക് അറസ്റ്റില്‍

May 24, 2024 0 By Editor

തിരുവനന്തപുരം: കൈക്കൂലി കേസില്‍ നഗരസഭയുടെ സീനീയര്‍ ക്ലര്‍ക്ക് അറസ്റ്റില്‍. തിരുവനന്തപുരം നഗരസഭയുടെ തിരുവല്ലം സോണല്‍ ഓഫീസിലെ സീനിയര്‍ സെക്ഷന്‍ ക്ലര്‍ക്ക് അനില്‍കുമാറിനെയാണ് വിജിലന്‍സ് പിടികൂടിയത്. ഇന്ന് വൈകിട്ട് തിരുവല്ലത്തെ സോണല്‍ ഓഫീസില്‍ വെച്ച് പരാതിക്കാരനില്‍ നിന്നും ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. കെട്ടിടം ക്രമവത്ക്കരിച്ച് നല്‍കുന്ന നടപടികള്‍ക്കായാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്.

തിരുവല്ലം സോണല്‍ ഓഫീസ് പരിധിയില്‍ ഉള്‍പ്പെടുന്ന പുഞ്ചക്കരിയില്‍ നിര്‍മ്മിച്ച കെട്ടിടം ക്രമവത്ക്കരിച്ച് കെട്ടിട നമ്പര്‍ നല്‍കുന്നതിനായി പരാതിക്കാരന്‍ തിരുവനന്തപുരം നഗരസഭ സെക്രട്ടറിയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. സെക്രട്ടറി തുടര്‍ നടപടികള്‍ക്കായി ഫയല്‍ തിരുവല്ലം സോണല്‍ ഓഫീസില്‍ അയച്ച് നല്‍കി. ഫയലില്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ കാലതാമസം വന്നതിനെ തുടര്‍ന്ന് തിരുവല്ലം സോണല്‍ ഓഫീസില്‍ എത്തിയ അപേക്ഷകനോട് സീനിയര്‍ ക്ലര്‍ക്കായ അനില്‍കുമാര്‍ ഫയല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ 1000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പരാതിക്കാരന്‍ ഈ വിവരം വിജിലന്‍സ് തെക്കന്‍ മേഖല പൊലീസ് സൂപ്രണ്ട് വി അജയകുമാറിനെ അറിയിച്ചു.

തുടര്‍ന്ന് വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം സ്ഥലത്ത് രഹസ്യമായി എത്തുകയായിരുന്നു. വിജിലന്‍സിന്റെ നിര്‍ദേശ പ്രകാരം ഇന്ന് വൈകിട്ട് പരാതിക്കാരന്‍ ഓഫീസിലെത്തി തുക കൈമാറി. ഇതിനിടെ സ്ഥലത്തുണ്ടായിരുന്ന വിജിലന്‍സ് സംഘം അനില്‍കുമാറിനെ കൈക്കൂലി പണം സഹിതം പിടികൂടുകയായിരുന്നു. വിഴിഞ്ഞം പൂവാര്‍ സ്വദേശിയാണ് അനില്‍കുമാര്‍. ജോലിയില്‍ നിന്ന് വിരമിക്കാന്‍ ആറ് ദിവസം ബാക്കിയുള്ളപ്പോഴാണ് വിജിലന്‍സിന്റെ അറസ്റ്റ്. അനില്‍ കുമാര്‍ സര്‍വീസില്‍ നിന്നും വിരമിക്കാന്‍ ഇനി ആറു ദിവസം മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. അതിനിടെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam