സഞ്ജു ടെക്കിക്ക് എതിരെ 6 വകുപ്പ്: ആശുപത്രിയിൽ നിർബന്ധിത സാമൂഹിക സേവനം

സഞ്ജു ടെക്കിക്ക് എതിരെ 6 വകുപ്പ്: ആശുപത്രിയിൽ നിർബന്ധിത സാമൂഹിക സേവനം

May 29, 2024 0 By Editor

കൊച്ചി:വ്ലോഗർ സഞ്ജു ടെക്കിക്ക് എതിരെ ആറു വകുപ്പുകൾ പ്രകാരം കേസെടുത്ത് മോട്ടർ വാഹന വകുപ്പ്. അപകടകരമായ ഡ്രൈവിങ്, സുരക്ഷിതമല്ലാത്ത വാഹനമോടിക്കൽ, റോഡ് സേഫ്റ്റി വൈലേഷൻ, ഒബ്സ്ട്രറ്റീവ് പാർക്കിങ്, സ്റ്റോപ്പിങ് വെഹിക്കിൾ ഇൻകൺവീനിയൻസ് ടു പാസഞ്ചർ എന്നീ വകുപ്പുകൾ ചുമത്തിയാണ് മോട്ടർ വാഹന വകുപ്പ് കേസ് എടുത്തിരിക്കുന്നതെന്ന് ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ രമണൻ ആർ പറഞ്ഞു. സഞ്ജുവിനെ മലപ്പുറം എം.വി.ഡി കേന്ദ്രത്തില്‍ പരിശീലനത്തിന് അയയ്ക്കാനും തീരുമാനമായി. ആശുപത്രിയില്‍ നിര്‍ബന്ധിത സാമൂഹിക സേവനത്തിനും നിര്‍ദേശിക്കുകയും ചെയ്തു.

കൂടാതെ സഞ്ജു ടെക്കിയുടെയും വാഹനമോടിച്ച ആളുടേയും ലൈസൻസ് ഒരു വർഷത്തേയ്ക്ക് സസ്പെൻഡ് ചെയ്യുകയും വാഹനത്തിന്റെ ആർസി റദ്ദാക്കുകയും ചെയ്തു. സംഭവം വിവാദമായതിനെ തുടർന്ന് വാഹനം കൊല്ലത്തേക്ക് കടത്തിയിരുന്നു, ഇവിടുന്നാണ് വാഹനം അധികൃതര്‍ പിടിച്ചെടുത്തത്. മലപ്പുറം എടപ്പാളിലുള്ള എംവിഡി കേന്ദ്രത്തിലേക്ക് എട്ടു ദിവസത്തെ പരിശീനത്തിന് അയക്കുമെന്നാണ് ആർടിഒ പറയുന്നത്. കൂടാതെ ട്രാഫിക് പരിശീനവും നൽകും.

യൂട്യൂബർ വാഹനം സ്വിമ്മിങ് പൂളാക്കി എന്ന വാർത്തയെ തുടർന്നാണ് നടപടി. ടാറ്റ സഫാരി കാറിനുള്ളിൽ സ്വിമ്മിങ് പൂൾ ഒരുക്കിയുള്ള യാത്ര സഞ്ജു യൂട്യൂബിൽ അപ്‌ലോ‍ഡ് ചെയ്തോടെ അതിലെ നിയമലംഘനങ്ങൾ വലിയ ചർച്ചയായിരുന്നു. വാഹനത്തിൽ വെള്ളം നിറച്ച് അപകടകരമായ വിധത്തിൽ പൊതുനിരത്തിലൂടെ മറ്റുവാഹനങ്ങളുടേയും ആളുകളുടേയും ജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനമോടിച്ചു എന്ന് കാണിച്ചാണ് നടപടി. ടാറ്റ സഫാരിയുടെ പിൻ സീറ്റിൽ ടാർപോളിൻ വലിച്ചുകെട്ടി അതിൽ വെള്ളം നിറച്ചായിരുന്നു യൂട്യൂബറുടെ യാത്ര.

കാറിന്റെ മാത്രമല്ല കാറിലും പുറത്തുമുള്ളവരുടെ സുരക്ഷയെ പോലും ബാധിക്കുന്ന വിധത്തിലുള്ള ഈ പ്രവൃത്തിക്കെതിരെ വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് ഉയർന്നിരുന്നു. യുട്യൂബര്‍ക്കു പുറമേ മൂന്നു സുഹൃത്തുക്കള്‍ കൂടി ചേര്‍ന്നാണ് കാര്‍ സ്വിമ്മിങ് പൂളാക്കി മാറ്റുന്നത്. ഡ്രൈവര്‍ ഒഴികെയുള്ളവര്‍ ഇരുന്നും കിടന്നുമൊക്കെയാണ് വിഡിയോ പുരോഗമിക്കുന്നത്. പൊതു നിരത്തിലൂടെ ഈ കാര്‍ സ്വിമ്മിങ് പൂളുമായി പോകുന്നതിന്റെ ദൃശ്യങ്ങളും വിഡിയോയിലുണ്ട്. പകല്‍ സമയം ഗതാഗത തിരിക്കുള്ളപ്പോഴാണ് ഇവര്‍ സ്വിമ്മിങ്പൂള്‍ കാറുമായി പുറത്തിറങ്ങുന്നത്. വഴിയാത്രക്കാര്‍ പല തരത്തില്‍ കാറിനുള്ളിലേക്കു നോക്കുന്നതും കാണാം.

ഇതിനിടെ വെള്ളത്തിന്റെ മർദം കാരണം ഡ്രൈവര്‍ സീറ്റിന്റെ സൈഡ് എയര്‍ബാഗ് പുറത്തേക്കു വന്നിരുന്നു. തുടർന്ന് വാഹനത്തിന്റെ പുറകിലത്തെ ഡോർ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി. യൂട്യൂബിൽ മത്സരം കൂടിവരുന്നതോടെ വ്യത്യസ്തമായ വിഡിയോ ചെയ്ത് റീച്ചുണ്ടാക്കാനാണ് ഈ വിഡിയോ എടുത്തതെന്നാണ് സഞ്ജു ടെക്കി പറയുന്നത്.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam