
മാര്‍ക്ക് ഡബിള്‍ എന്‍ട്രിയോടു കൂടിയ എസ്എസ്എല്‍സി ഫലം മെയ് ആദ്യവാരം
April 20, 2018തിരുവനന്തപുരം: എസ്എസ്എല്‍സി ഫലം മെയ് ആദ്യ വാരം പ്രസിദ്ധീകരിക്കും. ഈ മാസം 23 നു മൂല്യനിര്‍ണയം പൂര്‍ത്തിയാകും. മാര്‍ക്ക് ഡബിള്‍ എന്‍ട്രി ചെയ്യും. എസ്.എസ്.എല്‍.സി മൂല്യനിര്‍ണയ ക്യാമ്പുകളില്‍നിന്ന് രണ്ടുതവണയാണ് ഓരോ വിദ്യാര്‍ഥിയുടെയും മാര്‍ക്ക് രേഖപ്പെടുത്തി പരീക്ഷാഭവന്റെ സെര്‍വറിലേക്ക് അപ്‌ലോഡ് ചെയ്യുക. മാര്‍ക്ക് രേഖപ്പെടുത്തിയതില്‍ പിഴവുണ്ടെങ്കില്‍ ഇരട്ട എന്‍ട്രിയിലൂടെ കണ്ടെത്താന്‍ കഴിയും. ടാബുലേഷന് ശേഷം മാര്‍ക്കുകളുടെ പരിശോധന പരീക്ഷാഭവന്‍ നടത്തും.
ഇതിനു ശേഷം പരീക്ഷാ ബോര്‍ഡ് ചേര്‍ന്ന് പരീക്ഷാഫലത്തിന് അംഗീകാരം നല്‍കും. ഈ മാസം 28 ഓടെ മൂല്യനിര്‍ണയത്തിന്റെ അനുബന്ധ ജോലികള്‍ പൂര്‍ത്തിയാക്കിയാല്‍ 30 ന് പരീക്ഷാ ബോര്‍ഡ് യോഗം ചേരുകയും മേയ് രണ്ടിന് ഫലപ്രഖ്യാപനം നടത്താന്‍ കഴിയുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിക്കുന്നത്. 30ന് പരീക്ഷാ ബോര്‍ഡ് ചേരാന്‍ കഴിഞ്ഞില്ലെങ്കില്‍ മേയ് രണ്ടിന് ബോര്‍ഡ് യോഗം ചേര്‍ന്ന് മേയ് മൂന്നിന് ഫലപ്രഖ്യാപനം നടത്താനും നീക്കമുണ്ട്.
എട്ട്, ഒമ്പത്, പത്ത് ക്ലാസുകളുടെ ഫലം ഒരേദിവസം പുറത്തുവരുമെന്ന പ്രത്യേകതയുമുണ്ട്. അധ്യാപകരുടെ വര്‍ഷങ്ങളായുള്ള ആവശ്യം അംഗീകരിച്ച് ഇത്തവണ ചോദ്യപേപ്പര്‍ തയ്യാറാക്കലില്‍ ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കിയിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ എസ്എസ്എല്‍സി ചോദ്യപേപ്പര്‍ തയ്യാറാക്കിയിരുന്നത് ഹയര്‍ സെക്കന്‍ഡറി അധ്യാപകരായിരുന്നു. ഇത്തവണ മൂന്ന് ഹൈസ്‌കൂള്‍ അധ്യാപകരും ഒരു ഹയര്‍ സെക്കന്‍ഡറി അധ്യാപകനുമടങ്ങിയ ടീമാണ് തയ്യാറാക്കിയത്. വിഷയം കൈകാര്യംചെയ്യുന്ന അധ്യാപകര്‍തന്നെ ചോദ്യപേപ്പര്‍ തയ്യാറാക്കിയതിന്റെ മികവ് സ്വാഭാവികമായും ഫലത്തിലും പ്രതിഫലിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവര്‍ഷം മേയ് അഞ്ചിന് ഫലം പ്രസിദ്ധീകരിച്ചിരുന്നു.