തെരഞ്ഞെടുപ്പ് ഫലം: നിരാശരായി വീർപ്പുമുട്ടുന്ന ക്രൈസ്തവ സമുദായത്തോട് കാണിച്ച ചിറ്റമ്മ നയത്തിനുള്ള തിരിച്ചടി - താമരശ്ശേരി രൂപത കത്തോലിക്കാ കോൺഗ്രസ്

താമരശ്ശേരി: കേരളത്തിലെ ക്രൈസ്‌തവ സമുദായത്തിന്റെ ന്യായമായ ആവശ്യങ്ങളോട് മാറി മാറി വരുന്ന ഭരണകൂടങ്ങൾ കാണിച്ച ചിറ്റമ്മ നയത്തിനുള്ള തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രകടമാകുന്നതെന്ന് താമരശ്ശേരി രൂപത കത്തോലിക്കാ കോൺഗ്രസ് അഭിപ്രായപ്പെട്ടു.

ക്രൈസ്‌തവ സമുദായത്തിന്റെ വോട്ട് ഫിക്സഡ് ഡെപ്പോസിറ്റ് ആയി കണ്ട് അവരെ തമസ്‌കരിച്ചവർക്കുള്ള യുക്തമായ മറുപടിയാണിത്. നിരാശരായി വീർപ്പുമുട്ടുന്ന ക്രൈസ്തവ സമുദായത്തിന്റെ പ്രതിപ്രവർത്തനവും തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുന്നുണ്ട് -ഭാരവാഹികൾ അവകാശപ്പെട്ടു.

ക്രൈസ്‌തവരുടെ പിന്നാക്കാവസ്‌ഥ പഠിച്ച ജെ.ബി. കോശി കമീഷൻ റിപ്പോർട്ട് പുറത്തുവിടുന്നതിലും ശുപാർശകൾ നടപ്പാക്കുന്നതിലും കാണിക്കുന്ന അമാന്തം, സ്കോളർഷിപ്പ് വിഷയങ്ങളിലെ നഗ്നമായ അനീതി തിരുത്തുന്നതിനുള്ള അലംഭാവം, ഇ.ഡബ്ല്യു.എസ് സംവരണ വിഷയത്തിൽ കേന്ദ്രസർക്കാർ അനുവദിച്ചിട്ടുപോലും അർഹതപ്പെട്ടവർക്ക് നീതി നിഷേധിക്കുന്ന കേരള സർക്കാരിന്റെ സമീപനം, വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ഒരു സമുദായത്തെ അതിരുവിട്ട് പ്രീണിപ്പിക്കുന്ന സമീപനം, ക്രൈസ്‌തവ വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ അവകാശത്തെ പൂട്ടിക്കെട്ടാൻ ഒരുക്കിയ പ്രകടന പത്രികയിലെ പരാമർശം, അന്ധമായ കർഷക വിരുദ്ധാ നയങ്ങൾ, ക്രൈസ്‌തവ ധാർമിക മൂല്യങ്ങൾക്ക് വിരുദ്ധമായ നയരൂപീകരണം എന്നിവ കണ്ട് നിരാശരായി വീർപ്പുമുട്ടി കഴിയുന്ന ഒരു സമുദായത്തിന്റെ പ്രതിപ്രവർത്തനമാണ് ഈ തെര​ഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്.

അന്താരാഷ്ട്ര ഭീകര സംഘടനകൾക്ക് കേരളത്തിൽ വേരോട്ടം ഉണ്ടെന്ന് ഇവിടുത്തെ ഡി.ജി.പിമാർ പ്രഖ്യാപിക്കുമ്പോൾ അതിനെ അവഗണിച്ച് അത്തരം അന്താരാഷ്ട്ര ഭീകര സംഘടനകളുടെ ക്ഷേമത്തിനു വേണ്ടി നിലകൊള്ളുന്നവരാകുന്ന രാഷ്ട്രീയ പ്രവർത്തനം അല്ല, മറിച്ച് കേരളത്തിലെ സാധാരണക്കാരന്റെ ജീവൽ പ്രശനങ്ങളാണ് ഇടത് വലത് മുന്നണികൾ പ്രധാന വിഷയമാകേണ്ടത് എന്ന ഓർമ്മപ്പെടുത്തൽ കൂടി ഈ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ ജനം നൽകുന്നു. ഈ തുടക്കം ഒരു മുന്നറിയിപ്പാണ് എന്ന് കേരളത്തിലെ മുന്നണികൾ തിരിച്ചറിയുന്നത് നന്നായിരിക്കും.

സമുദായത്തിനെറ ന്യായമായ താൽപര്യങ്ങളെ സംരക്ഷിക്കുന്നവരെ മാത്രമേ ക്രൈസ്‌തവ സമുദായവും പിന്തുണയ്ക്കുകയുള്ളൂ എന്ന മുന്നറിയിപ്പാണിത് -പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പിൽ, ഡയറക്ടർ ഫാ. മാത്യു തൂമുള്ളിൽ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story