കോയമ്പത്തൂരിൽ മുഖംമൂടി സംഘം മലയാളി യാത്രക്കാരെ ആക്രമിച്ചു; സൈനികനടക്കം 4 പേർ അറസ്റ്റിൽ

കൊച്ചി: സേലം–കൊച്ചി ദേശീയപാതയിൽ നാല് മലയാളി യാത്രക്കാർക്കുനേരെ ആക്രമണം. മൂന്ന് കാറുകളിലായെത്തിയ മുഖംമൂടി ധരിച്ച സംഘമാണ് കാർ അടിച്ചു തകർത്ത് കവർച്ചയ്ക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്‌ലം സിദ്ദിഖും ചാൾസ് റജിയും 2 സഹപ്രവർത്തകരുമാണ് ആക്രമണത്തിനിരയായത്.

കോയമ്പത്തൂർ മധുക്കര സ്റ്റേഷൻ പരിധിയിലെ എൽ ആൻഡ് ടി ബൈപ്പാസിനു സമീപമായിരുന്നു ആക്രമണം. ബെംഗളൂരുവിൽ നിന്ന് കമ്പനിയിലേക്കുള്ള കംപ്യൂട്ടറുകൾ വാങ്ങിയ ശേഷം മടങ്ങുകയായിരുന്നു യുവാക്കൾ. റെഡ് സിഗ്നലിൽ വാഹനം നിർത്തിയപ്പോഴായിരുന്നു ആക്രമണം.

അക്രമികൾ ഉപദ്രവിച്ചെങ്കിലും അതിവേഗം കാറോടിച്ച് രക്ഷപ്പെടുകയായിരുന്നെന്ന് യുവാക്കൾ പറഞ്ഞു. തുടർന്ന് ചെക്പോസ്റ്റിലും മധുക്കര പൊലീസ് സ്റ്റേഷനിലുമെത്തി പരാതി നൽകി. ആക്രമണത്തിന്റെ ദൃശ്യങ്ങൾ കാറിന്റെ ഡാഷ് ക്യാമിൽ പതിഞ്ഞിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് ചിറ്റൂർ സ്വദേശികളായ ശിവദാസ് (29), രമേഷ് ബാബു (27), കുന്നത്തുപാളയം സ്വദേശി വിഷ്ണു (28), മല്ലപ്പള്ളി അജയ് കുമാർ (24) എന്നിവരെ മധുക്കര പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞദിവസം പാലക്കാടു നിന്നാണ് ഇവർ അറസ്റ്റിലായത്. പ്രതികളെ റിമാൻഡ് ചെയ്തിട്ടുണ്ട്. മറ്റു പ്രതികൾ ഒളിവിലാണ്.

പ്രതികളിലൊരാളായ വിഷ്ണു മദ്രാസ് റജിമന്റിൽ സൈനികനാണ്. ജൂൺ നാലിന് അവധിക്ക് നാട്ടിൽ വന്നശേഷം ഇയാൾ തിരിച്ചുപോയിട്ടില്ല. അതിനിടെയാണ് സംഘത്തിനൊപ്പം ചേർന്ന് കവർച്ചയ്ക്കിറങ്ങിയത്. കുഴൽപ്പണവുമായി വരുന്നവരെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. കെഎൽ–47–D-6036, KL-42-S-3960 എന്നീ നമ്പറുകളിലുള്ള രണ്ട് കാറുകളും പിടിച്ചെടുത്തിട്ടുണ്ട്.

കുന്നത്തുനാട് പൊലീസ് സ്റ്റേഷനിൽ പരാതിയും ആക്രമണത്തിന്റെ വിഡിയോയുമായി ചെന്നിട്ടും കാര്യമായ നടപടിയുണ്ടായില്ലെന്ന് യുവാക്കൾ പറഞ്ഞു. വിഡിയോ നോക്കാൻ പോലും പൊലീസ് തയാറായില്ല. തമിഴ്നാട് പൊലീസിനെ അറിയിച്ചിട്ടുണ്ടല്ലോ പിന്നെ ഞങ്ങൾ നോക്കേണ്ട കാര്യമില്ലെന്നാണ് അവർ പറഞ്ഞത്. വാഹനം ഇപ്പോഴും തമിഴ്നാട്ടിലാണുള്ളത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story