രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ ദര്‍ശന്‍ ഗുണ്ടകള്‍ക്ക് പണം നല്‍കിയത് 40 ലക്ഷം കടം വാങ്ങി ; കൃത്യത്തിന് ശേഷം പുത്തനുടുപ്പുകളും വാങ്ങി
ബംഗളൂരു: ആരാധകന്‍ രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപ പണം നല്‍കിയത് ഒരു സുഹൃത്തില്‍ നിന്ന് പണം കടംവാങ്ങി. 40 ലക്ഷം രൂപ കടം വാങ്ങിയ ദര്‍ശന്‍ ഈ തുക ഗുണ്ടകള്‍ക്കും ഷെഡ്ഡിന്റെ കാവല്‍ക്കാര്‍ക്കും മറ്റും നല്‍കിയതായും നഗരത്തിലെ ഏറ്റവും മുന്തിയ തുണിക്കടയില്‍ നിന്നും ബ്രാന്‍ഡഡ് ഡ്രസ്സുകള്‍ വാങ്ങുകയും ചെയ്തതായിട്ടാണ് വിവരം. രേണുകാസ്വാമിയെ മരത്തടികളും ലാത്തികളും ഉപയോഗിച്ച് മര്‍ദ്ദിക്കുകയും വൈദ്യൂതാഘാതം ഏല്‍പ്പിക്കുകയും ചെയ്താണ് കൊലപ്പെടുത്തിയത്.
റാഡിസണ്‍ ഹോട്ടലിനുള്ളിലെ ദര്‍ശന്റെ മുറിയില്‍ വച്ചാണ് മൃതദേഹം സംസ്‌കരിക്കാനുള്ള ഗൂഢാലോചന നടന്നതെന്ന് റിമാന്‍ഡ് കോപ്പിയില്‍ പറയുന്നു്. രേണുകസ്വാമിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ പുതുവസ്ത്രങ്ങള്‍ വാങ്ങുന്നതിനായി പ്രമുഖ ഫാഷന്‍ സ്റ്റോറില്‍ ഷോപ്പിംഗിന് പോയതായി പോലീസ് പറഞ്ഞു. മൃതദേഹം അഴുക്കുചാലില്‍ തള്ളുന്നതിന് മുമ്പായി പ്രതികള്‍ രേണുകസ്വാമിയുടെ സ്വര്‍ണ്ണ ചെയിനും മോതിരവും കൈക്കലാക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
കേസില്‍ രണ്ടാം പ്രതിയാണ് നടന്‍ ദര്‍ശന്‍ തൂഗുദീപ. കേസില്‍ തന്റെ പങ്കിനെക്കുറിച്ച് താരം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. തെളിവ് നശിപ്പിക്കാനും കുറ്റകൃത്യത്തിന് സാക്ഷികളായ ആളുകളെ വിവരം മറച്ചുവെയ്ക്കാന്‍ നല്‍കുന്നതിനുമായി സുഹൃത്തില്‍ നിന്ന് 40 ലക്ഷം കടം വാങ്ങിയതായി ദര്‍ശന്‍ സമ്മതിച്ചിട്ടുണ്ട്. 40 ലക്ഷം രൂപ വായ്പയുടെ ഒരു ഭാഗം രേണുകസ്വാമിയെ കൊലപ്പെടുത്തിയ ഷെഡിലെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്ക് വിവരം മറച്ചു വെയ്ക്കുന്നതിന് പ്രത്യുപകരമായി നല്‍കി. നടന്റെ വീട്ടില്‍ നിന്ന് പച്ച പ്യൂമ ബാഗില്‍ നിന്ന് 37.4 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു. ദര്‍ശന്റെ ഫാന്‍സ് അസോസിയേഷന്‍ മേധാവിയുടെ വീട്ടില്‍ നിന്ന് നാലര ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു.
ചിത്രദുര്‍ഗയിലെ ദര്‍ശന്റെ ഫാന്‍സ് ക്ലബിന്റെ ഭാഗമായ രാഘവേന്ദ്ര, ദര്‍ശന് കാണണമെന്ന് പറഞ്ഞ് രേണുകസ്വാമിയെ ആര്‍ആര്‍ നഗറിലെ ഷെഡിലേക്ക് കൊണ്ടുവന്നിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഈ ഷെഡില്‍ വച്ചാണ് പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്.
രേണുക സ്വാമിയെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ അവരുടെ വസ്ത്രങ്ങള്‍ അഴിച്ച് മര്‍ദിച്ച അതേ ഷെഡിലേക്ക് വലിച്ചെറിഞ്ഞു. പിന്നീട്, അവര്‍ ഒരു പ്രശസ്ത ഫാഷന്‍ റീട്ടെയില്‍ ശൃംഖലയില്‍ പുതിയ വസ്ത്രങ്ങള്‍ വാങ്ങാന്‍ പോയി. ഫാഷന്‍ ട്രെയിന്‍ എന്ന കടയിലെ സിസിടിവി ദൃശ്യങ്ങളും അവര്‍ വാങ്ങിയതിന്റെ ബില്ലും തങ്ങളുടെ പക്കലുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു.
'ആക്രമണത്തിന് ഉപയോഗിച്ച ലാത്തി, മരത്തടികള്‍ എന്നിവയും കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്, മൃതദേഹം സംസ്‌കരിക്കാന്‍ ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്ന വാഹനത്തില്‍ രക്തക്കറയും കണ്ടെത്തി.' ജൂണ്‍ ഒമ്പതിനായിരുന്നു രേണുകസ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകക്കേസില്‍ ആകെ 17 പേരാണ് പ്രതികള്‍. മൃതദേഹം മറവുചെയ്യാന്‍ മറ്റൊരു പ്രതിയായ പ്രദോഷിന് 30 ലക്ഷം രൂപ നല്‍കിയതായും ദര്‍ശന്‍ സമ്മതിച്ചിട്ടുണ്ട്. പ്രദോഷിന്റെ വസതിയില്‍ നിന്ന് തുക കണ്ടെടുത്തതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.