നീറ്റ് പരീക്ഷ : മുഖ്യപ്രതി നേപ്പാളിലേക്ക് കടന്നതായി സംശയം ; ചോദ്യപേപ്പര്‍ ചോര്‍ന്നത് ജാര്‍ഖണ്ഡില്‍ നിന്നെന്ന് സൂചന
ദില്ലി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട മുഖ്യപ്രതി നേപ്പാളിലേക്ക് കടന്നതായി പോലീസിന് സംശയം. മുഖ്യപ്രതി സഞ്ജീവി മുഖ്യയ്ക്ക് വേണ്ടി ബീഹാര്‍ പോലീസ് തെരച്ചില്‍ തുടരുമ്പോള്‍ ഒളിവിലിരുന്നുകൊണ്ട് മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് അപേക്ഷ നല്‍കിയിരിക്കുകയാണ് പ്രതി. കേസുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡില്‍ നിന്നും ഒരാള്‍ അറസ്റ്റിലായതായും റിപ്പോര്‍ട്ടുകളുണ്ട്.
ചോദ്യപേപ്പര്‍ ചോര്‍ന്നത് ജാര്‍ഖണ്ഡിലെ പരീക്ഷാ കേന്ദ്രത്തില്‍ നിന്നാണെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. സഞ്ജീവിന്റെ നേതൃത്വത്തിലുള്ള സംഘം നേരത്തെയും സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. സഞ്ജീവിന്റെ മകന്‍ നിലവില്‍ ബീഹാര്‍ പിഎസ്‌സി ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ജയിലിലാണ്. ചോദ്യപേപ്പറിനായി ഇടനിലക്കാരന്‍ 40 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്നാണ് വിവരം.
നീറ്റ് പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെ, ജാര്‍ഖണ്ഡിലെ ഹസാരിബാഗിലെ ഒരു പരീക്ഷാ കേന്ദ്രത്തില്‍ നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്ന് വെളിപ്പെടുത്തിയതായി വൃത്തങ്ങള്‍ അറിയിച്ചു. പട്നയില്‍ നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത കത്തിച്ച ചോദ്യപേപ്പറുകളുടെ അവശിഷ്ടങ്ങളില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തല്‍.
അതേസമയം വീണ്ടും പരീക്ഷ നടത്താന്‍ കഴിയില്ലെന്ന നിലപാടിലാണ് കേന്ദ്രം. ഒന്നോ രണ്ടോ പേര്‍ ചെയ്യുന്ന ഒറ്റപ്പെട്ട ക്രമക്കേടുകള്‍ കാരണം പരീക്ഷ വിജയിച്ച ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ കരിയര്‍ അപകടത്തിലാക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിലപാട്. അതേസമയം ഗ്രേസ് മാര്‍ക്ക് കിട്ടിയ 1,563 ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള നീറ്റ്-യുജി റീടെസ്റ്റ് ഞായറാഴ്ച എന്‍ടിഎയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥരും പരീക്ഷാ കേന്ദ്രങ്ങളില്‍ ഹാജരാകുമെന്ന് മുതിര്‍ന്ന എന്‍ടിഎ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ സെന്ററുകളിലാണ് പരീക്ഷ നടത്തുക. വിവാദമായ ഏഴ് സെന്ററുകളില്‍ ആറെണ്ണത്തിലും മാറ്റം വരുത്തിയതായി എന്‍ടിഎ അറിയിച്ചു. രണ്ട് പേര്‍ മാത്രം പരീക്ഷ എഴുതുന്ന ചണ്ഡിഗഡിലെ സെന്റര്‍ മാത്രം നിലനിര്‍ത്തിയിട്ടുണ്ട്. ഹരിയാന, മേഘാലയ, ഛത്തീസ്ഗഡ്, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് മറ്റ് ആറ് സെന്ററുകള്‍.