യുദ്ധങ്ങൾ ഒന്നിനും പരിഹാരമല്ലെന്നും നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്നും നരേന്ദ്ര മോദി

വിയന്ന; യുദ്ധങ്ങൾ ഒന്നിനും പരിഹാരമല്ലെന്നും നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഓസ്ട്രിയ സന്ദർശനത്തിനെത്തിയ അദ്ദേഹം ചാൻസലർ കാൾ നീഹാമറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ സംയുക്ത പ്രസ്താവനയിൽ, ‘ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന്’ ആവർത്തിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണവും ചർച്ചയായി. സംരംഭകത്വം പ്രോത്സാഹിപ്പിക്കാനായി ഫെബ്രുവരിയിൽ ആരംഭിച്ച ഇന്ത്യ–ഓസ്ട്രിയ സ്റ്റാർട്ടപ് ബ്രിജ് ഏറെ ഗുണം ചെയ്യുമെന്നു പറഞ്ഞ മോദി ഇരു രാജ്യങ്ങളിലെയും യുവസംരംഭകർക്കായി സംയുക്ത ഹാക്കത്തൺ സംഘടിപ്പിക്കണമെന്നു നിർദേശിച്ചു.

കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസനം, അടിസ്ഥാനസൗകര്യം, ഇലക്ട്രോണിക്സ് വ്യവസായങ്ങളിലെ വികസനം തുടങ്ങിയവയും ചർച്ചയായി. വ്യവസായികളുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി സെമികണ്ടക്ടർ, എഐ, മെഡിക്കൽ ഉപകരണങ്ങൾ, സോളർ സെല്ലുകൾ തുടങ്ങിയ മേഖലകളിലെ കമ്പനികളെ ഇന്ത്യയിലേക്കു സ്വാഗതം ചെയ്തു.

കഴി‍ഞ്ഞദിവസം മോസ്കോയിൽ ഇന്ത്യ– റഷ്യ ഉച്ചകോടിയിൽ മോദി യുക്രെയ്ൻ യുദ്ധമുൾപ്പെടെയുള്ളവയ്ക്ക് എതിരെ പ്രതികരിച്ചിരുന്നു. 40 വർഷത്തിനു ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നത്. ‘‘യുക്രെയ്നിലും പശ്ചിമേഷ്യയിലും നിലനിൽക്കുന്ന സംഘർഷങ്ങളെപ്പറ്റി ചർച്ച ചെയ്തു.

സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയും ഓസ്ട്രിയയും ഊന്നൽ നൽകും’’– മോദി പറഞ്ഞു. റഷ്യ – യുക്രെയ്ൻ സമാധാന പ്രക്രിയയിൽ ഇന്ത്യയുടെ പങ്ക് പ്രധാനമാണെന്നു കാൾ നീഹാമർ വ്യക്തമാക്കി. സമാധാന ചർച്ചകൾക്കു വേദിയൊരുക്കാൻ ഓസ്ട്രിയ തയാറാണെന്നും പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story