ലവൽക്രോസ് കടക്കുന്നതിനിടെ ട്രെയിൻ; നിലവിളിച്ചു വിദ്യാർഥികൾ
തൃശൂർ: തുറന്നുകിടന്ന ലവൽ ക്രോസിലൂടെ സ്കൂൾ ബസ് റെയിൽപാളത്തിനു കുറുകെ കടക്കുന്നതിനിടെ ട്രെയിൻ കടന്നുവന്നതു പരിഭ്രാന്തി പരത്തി. ഉച്ചത്തിൽ ഹോൺ മുഴക്കി ജനശതാബ്ദി എക്സ്പ്രസ് ട്രാക്കിലൂടെ വേഗം…
തൃശൂർ: തുറന്നുകിടന്ന ലവൽ ക്രോസിലൂടെ സ്കൂൾ ബസ് റെയിൽപാളത്തിനു കുറുകെ കടക്കുന്നതിനിടെ ട്രെയിൻ കടന്നുവന്നതു പരിഭ്രാന്തി പരത്തി. ഉച്ചത്തിൽ ഹോൺ മുഴക്കി ജനശതാബ്ദി എക്സ്പ്രസ് ട്രാക്കിലൂടെ വേഗം…
തൃശൂർ: തുറന്നുകിടന്ന ലവൽ ക്രോസിലൂടെ സ്കൂൾ ബസ് റെയിൽപാളത്തിനു കുറുകെ കടക്കുന്നതിനിടെ ട്രെയിൻ കടന്നുവന്നതു പരിഭ്രാന്തി പരത്തി. ഉച്ചത്തിൽ ഹോൺ മുഴക്കി ജനശതാബ്ദി എക്സ്പ്രസ് ട്രാക്കിലൂടെ വേഗം കുറച്ചുവരുന്നതു കണ്ടു ബസിലുണ്ടായിരുന്ന വിദ്യാർഥികൾ നിലവിളിച്ചു. ഭയന്നുപോയ ഡ്രൈവർ ബസ് മുന്നോട്ടെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഏകദേശം 200 മീറ്ററകലെ ട്രെയിൻ നിർത്തുകയാണെന്നു കണ്ടു ഡ്രൈവർ റെയിൽപാളത്തിൽ നിന്നു ബസ് മുന്നോട്ടെടുത്തു റോഡിലേക്കു കയറ്റി നിർത്തിയ ശേഷമാണു ഭീതി ഒഴിഞ്ഞത്.
ഇന്നലെ രാവിലെ എട്ടരയോടെ ഒല്ലൂർ തൈക്കാട്ടുശേരി റെയിൽവേ ലവൽ ക്രോസിലാണു സംഭവം. വല്ലച്ചിറ സെന്റ് തോമസ് എച്ച്എസ്എസിലെ സ്കൂൾ ബസ് ലവൽ ക്രോസിന് അടുത്തെത്തിയപ്പോൾ മഞ്ഞ സിഗ്നൽ ലൈറ്റുമായി ഗേറ്റ് തുറന്നു കിടക്കുന്നതാണു കണ്ടത്. ഡ്രൈവർ സി. വിജയകുമാറിനു പുറമേ പ്ലസ്ടു വിദ്യാർഥി ആൻലിയയും സഹോദരി ആൽജിയയും മാത്രമേ ബസിലുണ്ടായിരുന്നുള്ളൂ.
വിജയകുമാർ വണ്ടി മുന്നോട്ടെടുത്തു പാളത്തിലേക്കു കയറ്റിയപ്പോഴാണു തൃശൂർ ദിശയിൽ നിന്നു ട്രെയിൻ പാളത്തിലൂടെ അടുത്തു വരുന്നതു കണ്ടത്. സ്തംഭിച്ചു പോയ ഡ്രൈവർക്കു വാഹനം പാളത്തിൽ നിന്നു മാറ്റാനായില്ല. ട്രെയിൻ ഹോൺ മുഴക്കി വേഗം തീരെ കുറച്ചു. ഒരുവിധം ബസ് മുന്നോട്ടെടുത്തു പാളത്തിൽ നിന്നു മാറ്റുകയായിരുന്നു എന്നു ഡ്രൈവർ വിജയകുമാർ പറഞ്ഞു.
കുട്ടികളെയും കൂട്ടി സ്കൂളിലെത്തിയ ശേഷം വിജയകുമാർ പ്രിൻസിപ്പൽ സന്തോഷ് ജേക്കബിനെ കണ്ടു വിവരമറിയിച്ചു. പ്രിൻസിപ്പൽ ഒല്ലൂർ റെയിൽവേ സ്റ്റേഷനിൽ വിളിച്ചു വിവരം പറഞ്ഞതോടെയാണു സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് ആയിരുന്നു ഗേറ്റിന്റെ അടുത്തെത്തിയത്.
ട്രെയിൻ അടുത്തെത്താറായിട്ടും ഗേറ്റ് അടയ്ക്കാതിരുന്നതാണു സംഭവത്തിനു കാരണമെന്നു സൂചനയുണ്ട്. എന്നാൽ, ലവൽ ക്രോസ് അടയ്ക്കാത്ത സാഹചര്യത്തിൽ ട്രെയിനുകൾ ഗേറ്റിനരികിലേക്കെത്തില്ലെന്നും 200 മീറ്ററിലേറെ അകലെ സിഗ്നൽ കാത്തു ട്രെയിൻ നിർത്തുന്ന സിഗ്‌നൽ സംവിധാനമുണ്ടെന്നും റെയിൽവേ ട്രാഫിക് ഇൻസ്പെക്ടർ അറിയിച്ചു.