അവധിയില്ല ഗയ്സ് എന്ന് കലക്ടർ, വല്ലാത്ത ചതിയായിപ്പോയി സാറെ, നാളെ ചൂണ്ടയിടാ൯ പോകാനിരുന്നതാണെന്ന് കുട്ടികളും രക്ഷിതാക്കളുടെയും കമന്റുകൾ; പോസ്റ്റ് വൈറൽ

ആലപ്പുഴ : റെഡ് അലർട്ടും കനത്ത മഴയും കണക്കിലെടുത്തു വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതിനു പിന്നാലെ പല ജില്ലകളിലും വ്യാഴാഴ്ച അവധിയുണ്ടെന്ന രീതിയിൽ വ്യാജ വാർത്തകൾ പ്രചരിച്ചു. ആലപ്പുഴ കലക്ടറേറ്റിലേക്കും നിരവധി ഫോൺ വിളികൾ രാത്രിയിലെത്തി. ഇതോടെയാണ് രണ്ടും കൽപ്പിച്ച് ആലപ്പുഴ ജില്ലാ കലക‌്ടർ അലക്‌സ് വർഗീസ് ഫെയ്സ്ബുക് പോസ്റ്റ് ഇട്ടത്. അതിങ്ങനെ: ‘‘പ്രിയപ്പെട്ട കുട്ടികളെ, നാളെ അവധിയില്ല കേട്ടോ… എന്നുവച്ച് ആരും സങ്കടപ്പെടുകയൊന്നും വേണ്ട. മഴയൊക്കെ മാറി കൂട്ടുകാരെ ഒക്കെ കാണാമല്ലോ.. മടികൂടാതെ എല്ലാവരും സ്കൂളിൽ പോയി നല്ലത് പോലെ പഠിക്കണം..’’

രാത്രി 9.55ന് ഇട്ട പോസ്റ്റിനു കീഴെ നിമിഷംനേരം കൊണ്ടാണ് കമന്റുകള്‍ നിറഞ്ഞത്. കുട്ടികളും രക്ഷിതാക്കളും കമന്റുകൾ കൊണ്ട് പോസ്റ്റിന് കീഴിൽ നിരന്നു. അവധി ഇല്ല ഗയ്സ് എന്ന് കലക്ടർ ഇട്ട ചിത്രത്തിനു താഴെ തേഞ്ഞു ഗയ്സ് എന്നായിരുന്നു ഒരാളുടെ മറുപടി.

എന്താ ബ്രോ മൊടയാണോയെന്നാണ് മറ്റൊരാൾ കമന്റിട്ടത്. കുട്ടികളേക്കാൾ സങ്കടം ടീച്ചർമാർക്കായിരിക്കും എന്നായിരുന്നു ഒരാളുടെ കമന്റ്. ‘‘നാളെ സ്കൂളിൽ പോയി കാമുകിയെ കാണാം’’, ‘‘വല്ലാത്ത ചതിയായിപ്പോയി സാറെ, നാളെ ചൂണ്ടയിടാ൯ പോകാനിരുന്നതാണ്’’ എന്നുവരെ കമന്റുകൾ വന്നു.

ചിരി പടർത്തിയ കമന്റുകൾക്കിടയിൽ ചില സങ്കടം പറച്ചിലുകളും ഉണ്ടായിരുന്നു. ‘മഴ മാത്രം ആയിരുന്നുവെങ്കിൽ കുട പിടിച്ച് പോകാമായിരുന്നു. മഴ മാറിയാലും ഇവിടെ വഴി മുഴുവൻ വെള്ളമാണ്’ എന്നായിരുന്നു ഒരു വിദ്യാർഥിയുടെ കമന്റ്.

https://www.facebook.com/photo?fbid=1043966467087269&set=a.543306747153246

കുട്ടനാട്ടിൽ നിറയെ വെള്ളമാണെന്നും കുട്ടനാട് താലൂക്കിലെങ്കിലും അവധി നൽകാമായിരുന്നുവെന്നും മറ്റൊരാൾ പരിഭവം അറിയിച്ചു. മഴവെള്ളത്തിലൂടെ കുട്ടികളെ സ്കൂളിൽ വിടാൻ ബുദ്ധിമുട്ടാണെന്നായിരുന്നു ഒരു രക്ഷിതാവിന്റെ പരാതി. പഴയ കലക്‌ടർ ബ്രോയെയും ചിലർ ഓർത്തെടുത്തു. ഇതെല്ലാം കാണുമ്പോൾ കൃഷ്ണ തേജ സാറിനെ ഓർത്തുപോകുകയാണ് എന്നായിരുന്നു ഒരാൾ പറഞ്ഞത്. കരച്ചിൽ ഇമോജികളും ചിത്രങ്ങളും വരെ മിനിറ്റുകൾക്കുള്ളിൽ കമന്റുകളിൽ നിറഞ്ഞു.

തൃശൂർ, കോഴിക്കോട് ജില്ലകളിലും സമാനമായ അറിയിപ്പുകൾ വന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നായിരുന്നു ഇവിടത്തെ ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചത്. കൂട്ടത്തിൽ ആലപ്പുഴ കലക്ടറുടെ പോസ്റ്റാണു വൈറലായത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story