വിപണി കീഴടക്കാനൊരുങ്ങി മഹീന്ദ്ര എക്‌സ്.യു.വി 500

വിപണി കീഴടക്കാനൊരുങ്ങി മഹീന്ദ്ര എക്‌സ്.യു.വി 500

April 20, 2018 0 By Editor

കൊച്ചി: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ജനപ്രിയ എസ്.യു.വിയായ എക്‌സ്.യു.വി 500ന്റെ പുത്തന്‍ പതിപ്പ് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഓട്ടോമോട്ടീവ് ഡിവിഷന്‍ സെയില്‍സ് വൈസ് പ്രസിഡന്റ് അമിത് സാഗര്‍ വിപണിയിലിറക്കി. ഫീച്ചറുകളിലും പെര്‍ഫോമന്‍സിലും ഒട്ടേറെ മാറ്റങ്ങളുള്ള പുതിയ എക്‌സ്.യു.വി 500ന് അഞ്ച് ഡീസല്‍ വേരിയന്റും ഒരു ഫുള്‍ ഓട്ടോമാറ്റിക് പെട്രോള്‍ വേരിയന്റുമാണുള്ളത്.

മുന്‍ മോഡലിനേക്കാള്‍ 40,000 രൂപവരെ വിലകുറച്ച് ലഭ്യമാക്കുന്ന പുത്തന്‍ പതിപ്പിന് 12.45 ലക്ഷം രൂപ മുതല്‍ 18 ലക്ഷം രൂപവരെയാണ് കൊച്ചി എക്‌സ് ഷോറൂം വില. രണ്ടു പുതിയ നിറങ്ങളില്‍ ഉള്‍പ്പെടെ ഏഴ് നിറഭേദങ്ങളില്‍ പുതിയ എക്‌സ്.യു.വി 500 ലഭിക്കും. ക്രോമില്‍ തീര്‍ത്ത വലിപ്പമേറിയ പുതിയ ഗ്രില്‍, എല്‍.ഇ.ഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളോട് കൂടിയ പുതിയ ഹെഡ്‌ലാമ്പ്, ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ക്രോമില്‍ തീര്‍ത്ത സൈഡ് ക്‌ളാഡിംഗ്, സ്പ്‌ളിറ്റ് ടെയ്ല്‍ ലാമ്പ്, ഇരട്ട എക്‌സ്‌ഹോസ്റ്റ്, വിശാലമായ അകത്തളത്തില്‍ ആഡംബരം തോന്നിപ്പിക്കുന്ന സീറ്റുകള്‍, ലെതര്‍ ഡാഷ്‌ബോര്‍ഡ്, ആകര്‍ഷകമായ സെന്റര്‍ കണ്‍സോള്‍, ഏഴിഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, 6 എയര്‍ബാഗുകള്‍, എ.ബി.എസ് എന്നിങ്ങനെ ഒട്ടേറെ പുതുമകള്‍ പുതിയ പതിപ്പിനുണ്ട്. കരുത്തും ടോര്‍ക്കും ഉയര്‍ത്തി പരിഷ്‌കരിച്ച എംഹോക്ക് 4 സിലിണ്ടര്‍ 2.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണുള്ളത്. ആറ് ഗിയറുകളാണ് മാനുവല്‍, ഓട്ടോമാറ്റിക് വേരിയന്റുകളിലും ഉള്ളത്.