ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് മോഷണ സംഘം; സന്നദ്ധസേവകർക്കു റജിസ്ട്രേഷൻ നിർബന്ധം

ചൂരൽമല: ഉരുൾപൊട്ടൽ മേഖലയിൽ ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പു നടത്തുന്ന സംഘം സജീവം. അടച്ചിട്ടിരിക്കുന്ന വീടുകൾ കുത്തിത്തുറന്നു മോഷണം നടത്തുന്നതിനാണു തട്ടിപ്പുകാർ ഇറങ്ങിയിരിക്കുന്നത്. ആൾത്താമസം ഇല്ലെന്നു കരുതി കഴിഞ്ഞ…

ചൂരൽമല: ഉരുൾപൊട്ടൽ മേഖലയിൽ ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പു നടത്തുന്ന സംഘം സജീവം. അടച്ചിട്ടിരിക്കുന്ന വീടുകൾ കുത്തിത്തുറന്നു മോഷണം നടത്തുന്നതിനാണു തട്ടിപ്പുകാർ ഇറങ്ങിയിരിക്കുന്നത്. ആൾത്താമസം ഇല്ലെന്നു കരുതി കഴിഞ്ഞ ദിവസം രാത്രി വെള്ളരിമല വില്ലേജ് ഓഫിസിനു സമീപത്തെ വീടിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചിരുന്നു. വീട്ടുകാർ വന്നു തുറന്നപ്പോൾ അപരിചിതരായ രണ്ടു പേരെ കണ്ടു. എന്താണു മാറിത്താമസിക്കാത്തതെന്നു ചോദിക്കാൻ വില്ലേജ് ഓഫിസിൽനിന്നു വന്നതാണെന്നു പറഞ്ഞ് അവർ തടിതപ്പി.

വില്ലേജ് ഓഫിസിലെ ജീവനക്കാരെയെല്ലാം വീട്ടുകാർക്കു പരിചയം ഉണ്ടായിരുന്നു. ഈ സംഭവം നടന്നതിന്റെ തൊട്ടടുത്ത ദിവസമാണു ചൂരൽമല ബെയ്‌ലി പാലത്തിനു സമീപമുള്ള ഇബ്രാഹിമിന്റെ വീടു കുത്തിത്തുറന്നു മോഷണം നടന്നത്. രേഖകളും കുറച്ചു പണവും നഷ്ടപ്പെട്ടു. മേപ്പാടി പൊലീസിൽ പരാതി നൽകി. ദുരന്തസ്ഥലത്തുനിന്നു ലഭിച്ച ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും സിവിൽ സ്റ്റേഷനിലോ കൺട്രോൾ റൂമിലോ ഏൽപിക്കണമെന്നു റവന്യുവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ അറിയിച്ചു. സന്നദ്ധസേവകർക്കു റജിസ്ട്രേഷനും നിർബന്ധമാക്കി.

രാവിലെ 6.30 മുതലാണു ചൂരൽമല കൺട്രോൾ റൂമിനു സമീപം റജിസ്ട്രേഷൻ കൗണ്ടർ പ്രവർത്തനം ആരംഭിച്ചത്. സംഭവത്തെ തുടർന്നു പ്രദേശത്ത് പൊലീസിന്റെ രാത്രികാല പട്രോളിങ്ങ് ഏർപ്പെടുത്തി. ദുരന്തത്തിന് ഇരയായവരുടെ വീടുകളിലോ പ്രദേശത്തോ രാത്രിയിൽ അതിക്രമിച്ചു കടക്കുന്നവർക്കെതിരെ നടപടിയെടുക്കും. ഇവിടങ്ങളിലെ വീടുകളിലോ പ്രദേശങ്ങളിലോ രക്ഷാപ്രവർത്തനത്തിന്റെ പേരിലോ അല്ലാതെയോ പൊലീസിന്റെ അനുവാദമില്ലാതെ രാത്രികാലങ്ങളിൽ ആരും പ്രവേശിക്കാൻ പാടില്ല.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story