ലക്ഷ്യം കേരളത്തെ മെഡിക്കല്‍ ടൂറിസം ഹബ്ബാക്കല്‍: ദീര്‍ഘ വീക്ഷണമുള്ള ബജറ്റെന്ന് ഡോ ആസാദ് മൂപ്പന്‍
February 9, 2025കേരളത്തെ ഒരു മെഡിക്കല്‍ ടൂറിസം ഹബ്ബാക്കി മാറ്റുന്നതിനും സംസ്ഥാനത്തിന്റെ ആരോഗ്യസംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനുമുള്ള ദീര്‍ഘദര്‍ശിയായ ബജറ്റാണ് ഇത്തവണ അവതരിപ്പിച്ചിട്ടുള്ളതെന്നും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍.Dr. Azad Moopen
ഹെല്‍ത്ത് ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ 50 കോടി രൂപ അനുവദിച്ചത് അതിന്റെ ഉദാഹരണമാണ്. നമ്മുടെ സംസ്ഥാനത്ത് അത്യാധുനിക ചികിത്സാസംവിധാനങ്ങള്‍ക്കൊപ്പം മാനസികസൗഖ്യത്തിനും വേണ്ട ശാന്തസുന്ദരമായ ഒരു അന്തരീക്ഷമാണുള്ളത്. ഈ ഘടകങ്ങളെ ഉപയോഗിച്ച്, കുറഞ്ഞ നിരക്കില്‍ മികച്ച ചികിത്സ കിട്ടണമെന്ന് ആഗ്രഹിക്കുന്ന വിദേശികളെ ഇങ്ങോട്ടേക്ക് ആകര്‍ഷിക്കാന്‍ ബജറ്റ് സഹായിക്കും. അങ്ങനെ സംസ്ഥാനത്തിന് മികച്ച വരുമാനം കണ്ടെത്താനും നിരവധിപേര്‍ക്ക് തൊഴില്‍ നല്‍കാനും സാധിക്കും.കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയിട്ടുള്ള സംസ്ഥാനം കേരളമാണ്. ഈ നേട്ടം അതേപടി തുടരാനുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്.
കാന്‍സര്‍ പരിശോധനയ്ക്കും ചികിത്സയ്ക്കും വേണ്ടി കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താനുള്ള തീരുമാനവും ഏറെ സന്തോഷം നല്‍കുന്നതാണ്. അര്‍ബുദം നേരത്തെ കണ്ടെത്താനും നിലവിലുള്ള ചികിത്സാകേന്ദ്രങ്ങള്‍ കൂടുതല്‍ വികസിപ്പിക്കാനും ബജറ്റ് ലക്ഷ്യമിടുന്നു. എല്ലാ സര്‍ക്കാര്‍ ആശുപത്രികളും കാന്‍സര്‍ ചികിത്സയ്ക്കുള്ള മാതൃകാകേന്ദ്രങ്ങളാക്കി മാറ്റുമെന്ന പ്രഖ്യാപനം ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികളില്‍ വന്ധ്യതാ ക്ലിനിക്കുകളും ആധുനിക ലാബുകളും തുടങ്ങാനുള്ള തീരുമാനം, കുട്ടികളില്ലാതെ വിഷമിക്കുന്ന പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ആശ്വാസമാകും.റഫറല്‍ ആശുപത്രികളില്‍ രക്താതിസമ്മര്‍ദ്ദം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവയുടെ മെച്ചപ്പെട്ട ചികിത്സയ്ക്ക് പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചതും സ്വാഗതാര്‍ഹമായ തീരുമാനമാണ്.എല്ലാ ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകള്‍ വികസിപ്പിച്ചതും അഭിനന്ദനാര്‍ഹമായ നേട്ടമാണ്. ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ വൃക്ക രോഗങ്ങളാല്‍ വലയുന്നവര്‍ക്ക് ഈ തീരുമാനം ഉപകരിക്കും.
ബിഎസ്സി നേഴ്‌സിങ്ങിന് 1020 അധിക സീറ്റുകള്‍ അനുവദിച്ചതും കൂടുതല്‍ നേഴ്സിങ് കോളേജുകള്‍ തുറക്കാനുള്ള തീരുമാനവും കേരളത്തിനകത്തും വിദേശരാജ്യങ്ങളിലും മലയാളികള്‍ക്ക് ഗുണമുണ്ടാക്കും. ലോകമെമ്പാടും നേഴ്സുമാര്‍ക്ക് ക്ഷാമം നേരിടുന്ന കാലത്താണ് ഇങ്ങനെയൊരു മികച്ച തീരുമാനം സംസ്ഥാനം കൈക്കൊള്ളുന്നത് എന്ന് പ്രത്യേകം ഓര്‍ക്കേണ്ടതാണ്. ഉന്നത നിലവാരമുള്ള നേഴ്സിങ് ജീവനക്കാരെയാണ് കേരളം സൃഷ്ടിക്കുന്നത്. ലോകമെമ്പാടും മലയാളി നേഴ്സുമാര്‍ക്ക് ഉയര്‍ന്ന ഡിമാന്‍ഡ് ആണ്. ഈ നീക്കം കേരളത്തില്‍ നിന്നുള്ള നേഴ്സുമാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും, സംസ്ഥാനത്തിനകത്തെ ചികിത്സാസൗകര്യങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യും.
ചുരുക്കത്തില്‍, ആരോഗ്യരംഗത്തെ ഇന്നത്തെ ആവശ്യങ്ങളും നാളത്തെ അവസരങ്ങളും ഒരുപോലെ പരിഗണിച്ചുകൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.