മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് മാറി നൽകി; കണ്ണൂരിൽ എട്ടുമാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയിൽ ;  ഖദീജ മെഡിക്കൽസിനെതിരെ കേസ്

മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് മാറി നൽകി; കണ്ണൂരിൽ എട്ടുമാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയിൽ ; ഖദീജ മെഡിക്കൽസിനെതിരെ കേസ്

March 13, 2025 0 By Editor

കണ്ണൂര്‍: കണ്ണൂരിൽ മരുന്ന് മാറി നല്‍കിയ എട്ടുമാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയില്‍. മരുന്ന് ഓവർഡോസായി കുട്ടിയുടെ കരളിനെ ബാധിച്ചു. ചെറുകുന്നം പൂങ്കാവിലെ സമീറിന്‍റെ മകന്‍ മുഹമ്മദാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. സംഭവത്തില്‍ മരുന്ന് ഷോപ്പിലെ ജീവനക്കാരുടെ വീഴ്ചയാണെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു.

പഴയങ്ങാടിയിലെ ഖദീജ മെഡിക്കൽസിനെതിരെയാണ് ആരോപണം.ഗുരുതര സ്ഥിതി തുടർന്നാൽ കുട്ടിയുടെ കരൾ മാറ്റിവെക്കേണ്ടി വരുമെന്ന് ഡോക്ടമാര്‍ അറിയിച്ചു. ഈ മാസം എട്ടിനാണ് ഡോക്ടർ പനിക്കുള്ള കാൽപോൾ സിറപ്പ് എഴുതി നൽകിയത്. എന്നാല്‍ മെഡിക്കൽ ഷോപ്പിൽ നിന്ന് കാൽപോൾ ഡ്രോപ്സാണ് നൽകിയതെന്നാണ് ആരോപണം.

രണ്ട് ദിവസം കൊടുത്തപ്പോഴേക്കും മരുന്ന് തീർന്നതോടെ രക്ഷിതാക്കൾക്ക് സംശയം തോന്നുകയായിരുന്നു. തുടർന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് മരുന്ന് മാറി നൽകിയ കാര്യം മനസിലാകുന്നത്. ഡോക്ടര്‍ നിര്‍ദേശിച്ച പ്രകാരം കുഞ്ഞിന്റെ ലിവർ ടെസ്റ്റ് ചെയ്തു. തുടർന്നാണ് കുഞ്ഞിന്റെ നില ഗുരുതരമാണെന്ന് മനസിലായതെന്നും പിതാവ്  പറഞ്ഞു. നിലവില്‍ സ്വകാര്യ ബന്ധുക്കളുടെ പരാതിയിൽ ഖദീജ മെഡിക്കൽസിനെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തു.