ആര്‍എസ്‌സി.140 ചങ്ക് ഇനി ഈരാറ്റുപേട്ടയില്‍, ആ അജ്ഞാത സുന്ദരിയെ തേടി

April 21, 2018 0 By Editor

ഈരാറ്റുപേട്ട: ചരിത്രത്തില്‍ ആദ്യമായി ഒരു കെഎസ്ആര്‍ടിസിക്ക് ആനവണ്ടി എന്നല്ലാതെ പുതിയൊരു പേരിട്ടു, ‘ചങ്ക് വണ്ടി’. ഈരാറ്റുപേട്ട ഡിപ്പോയിലെ ആര്‍.എസ്.സി. 140 എന്ന ബസാണ് കെ.എസ്.ആര്‍.ടി.സി.യുടെ ചരിത്രം മാറ്റിയിരിക്കുന്നത്. ഈരാറ്റുപേട്ടയില്‍നിന്ന് ആലുവയിലേക്ക് കൊണ്ടുപോയ വണ്ടി തിരികെവേണമെന്ന് ആവശ്യപ്പെട്ടുള്ള, പേര് വെളിപ്പെടുത്താത്ത യാത്രക്കാരിയുടെ ഫോണ്‍വിളി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട കെ.എസ്.ആര്‍.ടി.സി. എം.ഡി. ടോമിന്‍ തച്ചങ്കരി ബസ് തിരികെനല്‍കാന്‍ ഉത്തരവിടുകയായിരുന്നു. ചങ്ക് എന്നു പേരിടാന്‍ നിര്‍ദേശിച്ചതും അദ്ദേഹമാണ്.

കെഎസ്ആര്‍ടിസി അധികൃതരെ അമ്പരപ്പിച്ചായിരുന്നു ഫോണ്‍കോളിലൂടെ ആ പെണ്‍ശബ്ദം എത്തിയത്. ഞങ്ങളുടെ ചങ്ക് വണ്ടിയായിരുന്നു, എന്തിനാണ് സാറേ അത് എടുത്തോണ്ട് പോയത്…ആര്‍.എസ്.സി 140 എന്ന ബസ് നഷ്ടപ്പെട്ടതിലെ നിരാശയായിരുന്നു ആ വാക്കുകളില്‍ നിറഞ്ഞത്. ആനവണ്ടിക്ക് ഇത്രവും കടുത്ത ആരാധകരോ എന്ന് ആര്‍ക്കും സംശയം തോന്നിപ്പോകും. കെഎസ്ആര്‍ടിസിയെ സ്‌നേഹിച്ച ഒരു ആരാധികയുടെ സ്‌നേഹത്തിന് മുന്നില്‍ ഡിപ്പാര്‍ട്ട്‌മെന്റ് കീഴടങ്ങുകയായിരുന്നു. ആരാണ് ആ പെണ്‍കുട്ടി എന്ന ചോദ്യത്തിന് മാത്രം പക്ഷേ ഉത്തരമില്ല. ആരെന്ന് വെളുപ്പെടുത്താതെ മറഞ്ഞിരിക്കുന്ന അവള്‍ ഇനി ചങ്ക് വണ്ടി എന്ന് പേരെഴുതി വെച്ച കെഎസ്ആര്‍ടിസിയിലായിരിക്കും ഈരാറ്റുപേട്ടയില്‍ നിന്നും കുതിക്കുക. ബസിന്റെ മുന്നിലും പിന്നിലും ചുവപ്പുനിറത്തില്‍ ഹൃദയചിഹ്നം വരച്ച് അതിനുള്ളില്‍ മഞ്ഞ നിറത്തിലാണ് ചങ്ക് എന്നെഴുതിയിരിക്കുന്നത്.

ഈരാറ്റുപേട്ടയില്‍ നിന്നും സ്ഥിരമായി ഈ ബസിലായിരുന്നു ഈ കട്ട ആരാധിക കോളെജില്‍ പോയിരുന്നത്. അവരുടെ ചങ്കായിരുന്ന ഈ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ആലുവ റീജണല്‍ ഷോപ്പിലേക്ക് കൊണ്ടുപോയതായിരുന്നു ആനവണ്ടിയെ പ്രണയിച്ച ആ പെണ്‍കുട്ടിയെ നിരാശപ്പെടുത്തിയത്. എന്നാലാ കെഎസ്ആര്‍ടിസിയും പെണ്‍കുട്ടിയും തമ്മിലുള്ള ബന്ധത്തില്‍ വില്ലനാവാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മുതിര്‍ന്നില്ല. അവളുടെ ഫോണ്‍കോളിന് പിന്നാലെ ബസ് അതേ റൂട്ടിലേക്ക് തിരിച്ചെത്തി.

രാവിലെ ഏഴിന് ഈരാറ്റുപേട്ടയില്‍ നിന്നും സര്‍വീസ് ആരംഭിക്കുന്ന ബസ് കോട്ടയത്തെ പേരുകേട്ട കോളെജുകളെല്ലാം താണ്ടിയാണ് പോകുന്നത്. പാലാ അല്‍ഫോണ്‍സാ കോളേജ്, അരുവിത്തറ സെന്റ് ജോര്‍ജ് കോളെജ്, സെന്റ് തോമസ് കോളെജ്, കോട്ടയം ബിസിഎം, ബസേലിയസ് എന്നിങ്ങനെ പോകുന്നു ആര്‍.എസ്.സി 140 താണ്ടുന്ന കലാലയങ്ങളുടെ ലിസ്റ്റ്.

ഈ കലാലയങ്ങളിലേക്കുള്ള വിദ്യാര്‍ഥികളുടെ സ്ഥിര യാത്ര ഇവിടെ താരമായ ഈ കെഎസ്ആര്‍ടിസിയിലാണ്. വൈകീട്ടുള്ള തിരിച്ചു വരവും ഇതില്‍ തന്നെ. അതുകൊണ്ട് തന്നെ ഏത് പെണ്‍കുട്ടിയാണ് ഈ ഫോണ്‍കോളിന് പിന്നില്‍ എന്ന് ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

രണ്ട് വര്‍ഷമായി ഈ ബസിലെ കണ്ടക്ടറായ സമീറിനും ഏതാണ് ആ കട്ട ആരാധിക എന്ന് തിരിച്ചറിയാന്‍ വയ്യ. വണ്ടി ആലുവയിലേക്ക് മാറ്റിയ വിവരം സമീറിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നാണ് ആ ആരാധികയും അറിഞ്ഞിരിക്കുന്നത്. വണ്ടി തിരികെയെത്തിയപ്പോള്‍, ആ ആരാധികയെ കണ്ടെത്തുന്നതിനുള്ള തിരച്ചിലിലാണ് ബസിലെ സ്ഥിരം യാത്രക്കാര്‍. പക്ഷേ ദിവസം പിന്നിട്ടിട്ടും അവള്‍ അജ്ഞാതയായി തന്നെയിരിക്കുന്നു.