
ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ തീപ്പിടിത്തം; കണ്ടെടുത്തത് കണക്കിൽ പെടാത്ത പണം
March 21, 2025ന്യൂഡൽഹി: ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ ഉണ്ടായ തീപ്പിടിത്തത്തിൽ കണക്കിൽ പെടാത്ത പണം കണ്ടെടുത്തു. തീ അണയ്ക്കാനെത്തിയ ഫയർഫോഴ്സ് അംഗങ്ങളാണ് കെട്ട് കണക്കിന് പണം കണ്ടത്. ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിലാണ് തീപ്പിടിത്തം ഉണ്ടായത്. സംഭവത്തിന് പിന്നാലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി കൊളീജിയം അദ്ദേഹത്തെ അലഹബാദ് ഹൈക്കോടതിയിലേക്ക് തിരിച്ചയക്കാൻ തീരുമാനിച്ചു.
വസതിയിൽ തീപ്പിടിത്തം ഉണ്ടായപ്പോൾ ജസ്റ്റിസ് യശ്വന്ത് വർമ്മ സ്ഥലത്ത് ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണ് പൊലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിച്ചത്. തുടർന്ന് ഫയർഫോഴ്സ് എത്തി തീ അണച്ചു. നടപടിക്രമങ്ങളുടെ ഭാഗമായി തീപിടിത്തത്തിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് എടുക്കുന്നതിനിടെയാണ് ഒരു മുറിയിൽ നിന്ന് കെട്ട് കണക്കിന് പണം കണ്ടെത്തിയത്.
പണം കണ്ടതോടെ ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. ഇക്കാര്യം കേന്ദ്ര സർക്കാർ ശ്രദ്ധയിൽ പെടുത്തിയതോടെ ചീഫ് ജസ്റ്റിസ് ഖന്ന അടിയന്തരമായി സുപ്രീം കോടതി കൊളജീയം വിളിച്ച് ചേർത്തു. കൊളീജിയത്തിലെ മുഴുവൻ അംഗങ്ങളും യശ്വന്ത് വർമ്മയ്ക്കെതിരെ നടപടി എടുക്കണമെന്ന നിലപാട് സ്വീകരിച്ചു. തുടർന്ന് അദ്ദേഹത്തെ മാതൃ ഹൈക്കോടതിയായ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാൻ തീരുമാനിച്ചതായാണ് റിപ്പോർട്ട്.
ജുഡീഷ്യറിയുടെ വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിച്ച ജസ്റ്റിസ് യശ്വന്ത് വർമ്മയോട് രാജി വയ്ക്കാൻ ചീഫ് ജസ്റ്റിസ് നിർദ്ദേശിക്കണമെന്ന് കൊളീജിയത്തിലെ ചില അംഗങ്ങൾ ആവശ്യപ്പെട്ടതായും വിവരമുണ്ട്. രാജി വയ്ക്കാൻ തയ്യാറല്ലെങ്കിൽ ചീഫ് ജസ്റ്റിസ് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടണമെന്ന നിർദ്ദേശവും യോഗത്തിൽ ഉയർന്നു. നിലവിൽ ഡൽഹി ഹൈക്കോടതി കൊളീജിയത്തിലെ അംഗമാണ് ആരോപണ വിധേയനായ ജസ്റ്റിസ് യശ്വന്ത് വർമ്മ. 2014 ൽ അലഹബാദ് ഹൈക്കോടതി ജഡ്ജിയായ അദ്ദേഹം 2021 ലാണ് ഡൽഹി ഹൈക്കോടതിയിൽ എത്തുന്നത്.
ഏതെങ്കിലും ജഡ്ജിക്കെതിരെ അഴിമതി ആരോപണം ഉയർന്നാൽ ആരോപണ വിധേയനായ ജഡ്ജിയോട് അത് സംബന്ധിച്ച് വിശദീകരണം തേടുന്നതാണ് ആദ്യ നടപടി. തുടർന്ന് ഒരു ആഭ്യന്തര അന്വേഷണ സമിതിക്ക് രൂപം നൽകുന്നു. സുപ്രീം കോടതിയിലെ ഒരു ജഡ്ജിയും രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും അടങ്ങുന്നതാണ് ഈ സമിതി. അന്വേഷണത്തിൽ ആരോപണ വിധേയൻ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ ജഡ്ജിയെ പുറത്താക്കാനുള്ള മറ്റ് നടപടികളിലേക്ക് പാർലമെന്റ് കടക്കും.