
സന്തുഷ്ട രാജ്യങ്ങളുടെ പട്ടിക; ഇന്ത്യ 118 ആം സ്ഥാനത്ത്; ഒന്നാമത് ഫിൻലൻഡ്
March 21, 2025സന്തുഷ്ട രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 118ആം സ്ഥാനത്ത്. ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട പട്ടികയിൽ ഫിൻലൻഡാണ് ഒന്നാം സ്ഥാനത്ത്. ഡെന്മാർക്ക്, ഐസ്‌ലൻഡ് എന്നീ രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. പട്ടികയിൽ യുഎഇ 21 ആം സ്ഥാനത്താണ്. അഫ്ഗാനിസ്ഥാനാണ് പട്ടികയിൽ ഏറ്റവും അവസാനം. ആകെ 147 രാജ്യങ്ങളാണ് പട്ടികയിലുള്ളത്.
പതിവുപോലെ നോർഡിക് രാജ്യങ്ങളാണ് ഇത്തവണയും റിപ്പോർട്ടിൽ ആദ്യ സ്ഥാനങ്ങളിലെത്തിയത്. ഇന്ത്യയുടെ അയൽക്കാരായ പാകിസ്താൻ, നേപ്പാൾ, ചൈന എന്നീ രാജ്യങ്ങളും ആദ്യ സ്ഥാനങ്ങളിൽ ഇല്ല. പാകിസ്താൻ 109ആം സ്ഥാനത്താണ്. നേപ്പാൾ 92ആം സ്ഥാനത്തും ചൈന 68ആം സ്ഥാനത്തുമുണ്ട്. റാങ്കിങിൽ ഏറ്റവും അവസാനമുള്ള അഫ്ഗാനിസ്ഥാന് തൊട്ടുമുൻപിലുള്ളത് സിയറ ലിയോണും ലബനനുമാണ്.
കഴിഞ്ഞ വർഷത്തെ സ്ഥാനം പരിഗണിക്കുമ്പോൾ ഈ വർഷം ഇന്ത്യ സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. 2023, 2024 വർഷങ്ങളിൽ ഇന്ത്യ 126 ആം സ്ഥാനത്തായിരുന്നു. ഇതിൽ നിന്ന് എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഈ വർഷം ഇന്ത്യ 118ആം സ്ഥാനത്തെത്തി. 2012ൽ ഇന്ത്യ 144ആം റാങ്കിലായിരുന്നു.
യൂറോപ്യൻ രാജ്യങ്ങളാന് ആദ്യ 20 സ്ഥാനങ്ങളിൽ ഉള്ളത്. കോസ്റ്റാറിക്ക, മെക്സിക്കോ എന്നീ രാജ്യങ്ങൾ ആദ്യമായി ആദ്യ പത്തിലെത്തി. പട്ടികയിൽ അമേരിക്ക പിന്നിലായി. ഇത്തവണ അമേരിക്ക 24ആം സ്ഥാനത്താണ്. ഇതാദ്യമായാണ് അമേരിക്ക പട്ടികയിൽ ഇത്രയും പിന്നിലാവുന്നത്. പൗരന്മാര്‍ തമ്മിലുള്ള സാമ്പത്തിക അന്തരമാണ് അമേരിക്കയുടെ സ്ഥാനം മോശമാക്കിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.
പട്ടികയിൽ ഫിൻലൻഡ് ഒന്നാം സ്ഥാനത്തെത്താൻ കാരണം അവരവർക്കുള്ളതുവച്ച് സന്തോഷത്തോടെ ജീവിക്കുന്ന ജനതയായതിനാലാണെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഫിൻലൻഡിലെ പൗരന്മാർ കുറവുകൾക്ക് പ്രാധാന്യം നൽകാറില്ല. പരിസ്ഥിതിയുമായി ഇണങ്ങി ജീവിക്കുന്നവരാണ് ഇവർ. പരസ്പര വിശ്വാസത്തിനും മനുഷ്യബന്ധത്തിനും ഇവർ മൂല്യം കല്പിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഗാലപ്പുമായി സഹകരിച്ചാണ് യുഎൻ ഹാപ്പിനസ് റിപ്പോർട്ട് പുറത്തുവിടാറ്. 2024 മുതൽ ഓക്സ്ഫർഡ് യൂണിവേഴ്സിറ്റിയിലെ വെൽബീയിങ് റിസർച്ച് സെൻ്ററാണ് റിപ്പോർട്ട് പ്രസിദ്ധപ്പെടുത്താറുള്ളത്. അതാത് രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തിക ഭദ്രതയും അടക്കമുള്ള കാര്യങ്ങളാണ് ഇതിൽ പരിഗണിക്കുക.