താടിവടിച്ചില്ല, ബട്ടണിട്ടില്ല; കോഴിക്കോട് പരീക്ഷയ്‌ക്കെത്തിയ പ്ലസ് വൺ വിദ്യാർഥിയെ തല്ലിച്ചതച്ച് സീനിയേഴ്സ്

താടിവടിച്ചില്ല, ബട്ടണിട്ടില്ല; കോഴിക്കോട് പരീക്ഷയ്‌ക്കെത്തിയ പ്ലസ് വൺ വിദ്യാർഥിയെ തല്ലിച്ചതച്ച് സീനിയേഴ്സ്

March 21, 2025 0 By eveningkerala

കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥിക്ക് നേരെ സീനിയർ വിദ്യാർഥികളുടെ ക്രൂര മർദനം. നാദാപുരം പേരോട് എംഐആം എച്ച്എച്ച്എസ് സ്‌കൂളിലാണ് സംഭവം. ഷർട്ടിന്റെ ബട്ടൺ ഇട്ടില്ല, താടി വടിച്ചില്ല തുടങ്ങിയ കാര്യങ്ങൾ ആരോപിച്ചാണ് സീനിയർ വിദ്യാർഥികൾ ആൺകുട്ടിയെ മർദിച്ചത്. വിദ്യാർഥിയുടെ തലപിടിച്ച് ചുമരിലടിച്ചെന്നും മർദിച്ചെന്നുമാണ് പരാതി. സംഭവത്തിൽ നാല് വിദ്യാർഥികൾക്കെതിരെ പോലീസ് കേസെടുത്തു. നാദാപുരം പൊലീസാണ് കേസെടുത്തത്.

ഫെബ്രുവരി 18നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പരീക്ഷ എഴുതാൻ സ്‌കൂളിൽ എത്തിയതായിരുന്നു പ്ലസ് വൺ വിദ്യാർഥി. ഷർട്ടിന്റെ ബട്ടൺ ഇട്ടില്ലെന്നും താടി വടിച്ചില്ലെന്നും പറഞ്ഞ് സീനിയർ വിദ്യാർഥികൾ പ്ലസ് വൺ വിദ്യാർഥിയെ ചോദ്യം ചെയ്തതിന് പിന്നാലെ ഇത് വാക്കുതർക്കത്തിലേക്കെത്തി. തുടർന്ന് സീനിയർ വിദ്യാർഥികൾ ജൂനിയർ വിദ്യാർഥിയുടെ കൈകൾ പിന്നിലേക്ക് പിടിച്ചുവച്ച് മർദിക്കുകയായിരുന്നു. ശേഷം തലപിടിച്ച് ചുമരിലിടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു എന്നാണ് പരാതിയിൽ പറയുന്നത്.

സംഭവത്തിൽ നാല് വിദ്യാർഥികൾക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. പരീക്ഷ സമയമായതിനാൽ കൂടുതൽ നടപടികളിലേക്ക് നീങ്ങിയിട്ടില്ല. പരീക്ഷകൾ പൂർത്തിയായ ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് വ്യക്തമാക്കി.