ഷിബിലയുടെ പരാതി ഗൗരവമായെടുത്തില്ല; ഗ്രേഡ് എസ്ഐയ്ക്ക് സസ്പെൻഷൻ – shibila murder case

ഷിബിലയുടെ പരാതി ഗൗരവമായെടുത്തില്ല; താമരശ്ശേരി ഷിബിലയെ ഭര്‍ത്താവ് യാസിർ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഗ്രേഡ് എസ്ഐയ്ക്ക് സസ്പെൻഷൻ

March 22, 2025 0 By eveningkerala

താമരശ്ശേരി ഷിബിലയെ ഭര്‍ത്താവ് യാസിർ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഗ്രേഡ് എസ്ഐയ്ക്ക് സസ്പെൻഷൻ. താമരശ്ശേരി പോലീസ് സ്റ്റേഷനിലെ ​ഗ്രേഡ് എസ്ഐ കെ.കെ. നൗഷാദിനാണ് സസ്പെൻഷൻ. യാസിറിനെതിരെ ഷിബില നൽകിയ പരാതി ​ഗൗരവത്തിൽ എടുക്കുന്നതിൽ ഉദ്യോ​ഗസ്ഥന് വീഴ്ച സംഭവിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഉദ്യോ​ഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. റൂറൽ എസ്പി താമരശ്ശേരി സ്റ്റേഷനിൽ നേരിട്ട് എത്തിയാണ് നടപടി സ്വീകരിച്ചത്.

ഭർത്താവായ യാസിറിനെതിരേ കഴി‍ഞ്ഞമാസം 20-ന് പരാതി നൽകിയിട്ടും പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് യുവതിയുടെ പിതാവ് അബ്ദുൽ റഹ്മാൻ ആരോപിച്ചിരുന്നു. താമരശ്ശേരി പോലീസ് സ്റ്റേഷനിലെ പിആർഒ കൂടിയാണ് നൗഷാദ്. യാസിറിനെതിരായ പരാതിയുമായി നൗഷാദിനെയാണ് ഷിബില സമീപിച്ചത്. ഏതെല്ലാം രീതിയിൽ വീഴ്ചപറ്റിയെന്ന് അന്വേഷണം നടത്താനായി ഒരു മേലുദ്യോ​ഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉമ്മയെ വെട്ടിക്കൊന്ന കേസിലെ പ്രതി ആഷിഖിന്റെ സുഹൃത്താണ് യാസിർ എന്നതടക്കമുള്ള കാര്യങ്ങൾ ഷിബില അന്ന് പോലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞിരുന്നു.

അതേസമയം പരാതി കൈകാര്യം ചെയ്യുന്നതിൽ പൊലീസിന് നിഷ്ക്രിയത്വം ഉണ്ടായെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. കോഴിക്കോട് റൂറൽ എസ്പി 15 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. ഏപ്രിൽ 29 ന് കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

STORY HIGHLIGHT: shibila murder case