തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ രാജ്യത്തിനകത്തും പുറത്തും നിന്ന് അനധികൃതമായി ഫണ്ട് ;മഞ്ചേരി സത്യസരണിയടക്കം പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട 56 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി, ഭൂരിഭാഗം സ്വത്തുക്കളും കേരളത്തിൽ
നിരോധിത സംഘടന പോപ്പുലര്‍ ഫ്രണ്ടിന്‍റെ 56 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. നേരത്തെ കണ്ടുകെട്ടിയ അഞ്ചുകോടിയുടെ മുതലും ചേർത്താൽ ആകെ 61 കോടിയാകും. ഇതില്‍ ബഹുഭൂരിപക്ഷവും കേരളത്തിലാണ്. ഹവാല ഇടപാടിലൂടെയും സംഭാവനകളിലൂടെയും പണം വന്നിട്ടുണ്ട്. ഇവ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചതായും ഇഡി പറയുന്നു.
രാജ്യത്തിനകത്തും പുറത്തും നിന്ന് അനധികൃതമായി ഫണ്ട് സ്വരൂപിച്ച് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താനും സാമ്പത്തിക സഹായം നൽകാനും പിഎഫ്ഐയും അതിന്റെ അംഗങ്ങളും ഗൂഢാലോചന നടത്തിയെന്നും ഇഡി പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ പറയുന്നു.
പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട വ്യക്തികള്‍, ട്രസ്റ്റുകള്‍, കമ്പനികള്‍ എന്നിവരുടെ സ്ഥാവര, ജംഗമ വസ്തുക്കളാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. 2022 സെപ്റ്റംബറിലാണ് പോപ്പുലര്‍ ഫ്രണ്ടിനെ രാജ്യത്ത് നിരോധിച്ചത്. ഇതോടെയാണ് കേന്ദ്ര ഏജന്‍സികള്‍ നടപടികള്‍ കര്‍ക്കശമാക്കിയത്.
കര്‍ണാടക, കേരളം, തമിഴ്നാട്, രാജസ്ഥാന്‍, ബംഗാള്‍, മണിപ്പൂര്‍ തുടങ്ങി 12 സംസ്ഥാനങ്ങളിലെ 29 ബാങ്ക് അക്കൗണ്ടുകളിലാണ് പണം സൂക്ഷിച്ചിരുന്നത്. പണത്തിന്‍റെ പ്രധാന സ്രോതസ് ഗള്‍ഫ് രാജ്യങ്ങളാണ്. കൃത്യമായ ഉറവിടം കണ്ടെത്തല്‍ വിഷമകരമാണെന്ന് ഇഡി ചൂണ്ടിക്കാട്ടുന്നു.
കോഴിക്കോട് മീഞ്ചന്തയിലെ ഒബേലിസ്ക് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഡവലപ്പേഴ്‌സ്, മലപ്പുറം മഞ്ചേരി സത്യസരണി ചാരിറ്റബിള്‍ ട്രസ്റ്റ്, ഇടുക്കി മുരിക്കാശേരിയിലെ ഹില്‍വാലി ചാരിറ്റബിള്‍ ട്രസ്റ്റ്, കോട്ടയം ഹിദായത്തുല്‍ ഇസ്‌ലാം സഭ, കൊച്ചി ഇടപ്പള്ളിയിലെ കമ്യൂണിറ്റി കെയര്‍ ഫൗണ്ടേഷന്‍, കാര്യവട്ടം ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ് എന്നിവ കണ്ടുകെട്ടിയവയിൽ ഉള്‍പ്പെടുന്നു. ഇതിൽ സത്യസരണി വിദ്യാഭ്യാസ സ്ഥാപനമെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന മതപരിവര്‍ത്തന കേന്ദ്രമാണെന്നും ഇഡി പറഞ്ഞു.
ഗൾഫ് രാജ്യങ്ങളിൽ നിന്നും സംഘടന ധനസമാഹരണ പ്രവർത്തനങ്ങൾ നടത്തി. വ്യാജ ദാതാക്കളിൽ നിന്ന് പണം ശേഖരിച്ചു, അത് ഹവാലയായി ഇന്ത്യയിലേക്ക് കടത്തി.പിഎഫ്ഐയുടെ 26 അംഗങ്ങളെയും പ്രവർത്തകരെയും, ഇതുവരെ ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ട് .ഈ കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ട്.