മലപ്പുറം ജില്ലയിൽ ഇന്ന് (27-11-2024); അറിയാൻ

അധ്യാപക ഒഴിവ്

∙ വളാഞ്ചേരി പൈങ്കണ്ണൂർ ജിയുപി സ്കൂളിൽ പിഇടിയുടെ താൽകാലിക ഒഴിവുണ്ട്. അഭിമുഖം നാളെ 11ന്.

∙ മലപ്പുറം എംഎസ്പി ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഇംഗ്ലിഷ് ജൂനിയർ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ഡിസംബർ 5ന് രാവിലെ 10.30ന്.

കേരളോത്സവം റജിസ്ട്രേഷൻ

തിരുവാലി പഞ്ചായത്ത് കേരളോത്സവം ഡിസംബർ 1 മുതൽ 4 വരെ നടക്കും. പങ്കെടുക്കാനുള്ള എൻട്രികൾ നാളെ 5 മണിവരെ പഞ്ചായത്ത് കാര്യാലയത്തിൽ സ്വീകരിക്കും.

പണിമുടക്ക് നാളെ മുതൽ

മലപ്പുറം∙ നാളെ ആരംഭിക്കുന്ന കേരള ബാങ്ക് ജീവനക്കാരുടെ ത്രിദിന പണിമുടക്ക് വിജയിപ്പിക്കാൻ കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം. ജീവനക്കാരുടെ കുടിശികയായ 39 ശതമാനം ക്ഷാമബത്ത അനുവദിക്കുക, ശമ്പള പരിഷ്കരണത്തിനു കമ്മിറ്റിയെ നിയമിക്കുക, ബാങ്കിലെ രണ്ടായിരത്തോളം ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യുക, ജില്ലയിലെ ജീവനക്കാരുടെ 3 വർഷമായി തടഞ്ഞുവച്ച സ്ഥാനക്കയറ്റം അനുവദിക്കുക തുടങ്ങിയ ആവശ്യമുന്നയിച്ചാണു പണിമുടക്ക്.

ഹജ്: 1711 പേർക്ക് അവസരം

കരിപ്പൂർ∙ സംസ്ഥാന ഹജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് അവസരം ലഭിക്കാതെ കാത്തിരിപ്പുപട്ടികയിലുള്ള ക്രമനമ്പർ ഒന്നു മുതൽ 1711 വരെയുള്ളവർക്കു ഹജ്ജിന് അവസരം. കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് അവസരം ലഭിച്ച ശേഷം യാത്ര റദ്ദാക്കിയവർക്കു പകരമാണു കാത്തിരിപ്പുപട്ടികയിൽനിന്നു പരിഗണിക്കുന്നത്. ഇവർ ഡിസംബർ 16നു മുൻപു രണ്ടു ഗഡു ഒന്നിച്ച് 2,72,300 രൂപ അടയ്ക്കണം. തുക അടച്ച ശേഷം ആവശ്യമായ രേഖകൾ 18നകം സംസ്ഥാന ഹജ് കമ്മിറ്റി ഓഫിസിൽ സമർപ്പിക്കണം. ആദ്യഘട്ടത്തിൽ അവസരം ലഭിച്ചവർ രണ്ടാം ഗഡു (1,42,000 രൂപ) ഡിസംബർ 16നകം അടയ്ക്കണം. ഹജ് യാത്രയ്ക്ക് ആകെ വരുന്ന തുക വിമാന ടിക്കറ്റ് നിരക്ക്, സൗദിയിലെ ചെലവ് തുടങ്ങിയവ കണക്കാക്കിയ ശേഷം പിന്നീടു തീർഥാടകരെ ഹജ് കമ്മിറ്റി അറിയിക്കും. ഹജ് കമ്മിറ്റി ഓഫിസ്: 0483-2710717.

തൃക്കാർത്തിക സർഗോത്സവം

മഞ്ചേരി ∙ നറുകര നറുമധുര ഭഗവതി ക്ഷേത്രത്തിൽ തൃക്കാർത്തികയോടനുബന്ധിച്ചുള്ള കാർത്തിക സർഗോത്സവം ഡിസംബർ ഒന്നിന് നറുകര ജിഎൽപി സ്കൂളിൽ നടക്കും. പ്രശ്നോത്തരി, കവിതാ പാരായണം, ഗീത പാരായണം എന്നിവ നടക്കും. 8891428034.

ഭിന്നശേഷിക്കാരുടെയും രക്ഷിതാക്കളുടെയും ധർണ നാളെ

മലപ്പുറം∙ ഭിന്നശേഷി അവകാശനിയമം പൂർണമായും നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഡിഎഡബ്ല്യുഎഫിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരും രക്ഷിതാക്കളും നാളെ കലക്ടറേറ്റിനു മുന്നിൽ ധർണ നടത്തും. രാവിലെ 10ന് ജില്ലാ പഞ്ചായത്തംഗം ഇ.അഫ്‌സൽ ഉദ്ഘാടനം ചെയ്യും. വൈകല്യത്തോതനുസരിച്ചു ഭിന്നശേഷിക്കാരുടെ ക്ഷേമപെൻഷൻ തരംതിരിക്കുക, തീവ്ര ഭിന്നശേഷി വിഭാഗത്തിൽപെട്ടവരുടെ ജീവനാംശം 15,000 രൂപയാക്കി വർധിപ്പിക്കുക, തീവ്ര ഭിന്നശേഷിക്കാരെ പരിചരിക്കുന്നവർക്കു നൽകുന്ന ആശ്വാസ കിരണം പദ്ധതി കാലോചിതമായി പരിഷ്കരിച്ചു വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു സമരമെന്നു ജില്ലാ പ്രസിഡന്റ് കെ.വാസുദേവൻ, സെക്രട്ടറി കെ.പി.യാസർ അറഫാത്ത് എന്നിവർ അറിയിച്ചു.

വൈദ്യുതി മുടക്കം

∙ പൂക്കോട്ടുംപാടം സെക്‌ഷനിലെ പരിയങ്ങാട് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8 മുതൽ 11 വരെയും ചെട്ടിപ്പാടത്ത്10 മുതൽ 3 വരെയും വൈദ്യുതി ഭാഗികമായി മുടങ്ങും.

∙ ഇന്ന് ഉച്ചയ്ക്ക് 2 മുതൽ 5.30 വരെ ചന്ദനംകുളങ്ങര ട്രാൻസ്‌ഫോമറിനു കീഴിൽ വൈദ്യുതി മുടങ്ങും.

Related Articles
Next Story