പമ്പ മലിനമാകാതിരിക്കാന്‍ നടപടിയുണ്ടായില്ല; ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധ വരുമാന വര്‍ധനവില്‍

പമ്പ മലിനമാകാതിരിക്കാന്‍ നടപടിയുണ്ടായില്ല; ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധ വരുമാന വര്‍ധനവില്‍

September 8, 2018 0 By Editor

പത്തനംതിട്ട:ശബരിമല മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചാണ് സന്നിധാനം മുതല്‍ പമ്പവരെ നിര്‍മാണം നടക്കുന്നത്. അതനുസരിച്ച് പമ്പയില്‍ നിര്‍മിച്ച കെട്ടിടങ്ങളാണ് പെരുമഴയില്‍ മണ്ണടിഞ്ഞത്. 2010ല്‍ തയാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് രണ്ടുവര്‍ഷം മുമ്പ് നിര്‍മാണം പൂര്‍ത്തീകരിച്ചവയാണ് തകര്‍ന്നവയില്‍ ഭൂരിഭാഗം കെട്ടിടങ്ങളും എന്നതിലാണ് ഇതിന്റെ ശാസ്ത്രീയത ചോദ്യംചെയ്യപ്പെടുന്നത്. തീര്‍ഥാടകരുടെ സൗകര്യം മെച്ചപ്പെടുത്തലായിരുന്നു മാസ്റ്റര്‍ പ്ലാനിലൂടെ വിഭാവന ചെയ്തത്. ഭക്തര്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിച്ച് പമ്പയില്‍ കുളിച്ച് വിശുദ്ധിയോടെ അയ്യപ്പസ്വാമിയെ തൊഴുതു വഴിപാടുകള്‍ നടത്തി നിവേദ്യങ്ങളും സ്വീകരിച്ചു മടങ്ങുകയെന്ന മിനിമം ആവശ്യം മാത്രമാണുള്ളത്.

അതേസമയം, ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധമുഴുവന്‍ വരുമാന വര്‍ധനയിലാണെന്ന ആക്ഷേപമാണ് ഭക്തര്‍ക്കുള്ളത്. പമ്പ മലിനമാകാതിരിക്കാന്‍ ഫലപ്രദമായ നടപടിയുണ്ടായിട്ടില്ല. നദീതടമാണെന്ന പ്രഥമ പരിഗണന മറന്നാണ് മാസ്റ്റര്‍ പ്ലാന്‍ ആവിഷ്‌കരിച്ചത്. പുണ്യനദിയെന്ന വിശേഷണമുള്ള പമ്പ മലിനമാകാതിരിക്കുകയെന്ന കര്‍ത്തവ്യവും അധരവ്യായാമത്തിലൊതുങ്ങി. പമ്പയെ കെട്ടിത്തിരിച്ച് മൂലയിലൂടെ ഒഴുകാന്‍ വിട്ട് ബാക്കി ഭാഗമെല്ലാം കരയാണെന്നു വരുത്തി നിര്‍മിച്ചു കൂട്ടുകയായിരുന്നു വന്‍കെട്ടിടങ്ങള്‍.

മുന്‍കാലങ്ങളിലും ശക്തമായ മഴപെയ്ത അവസരങ്ങളില്‍ പമ്പ, കക്കി ഡാമുകള്‍ തുറന്നിട്ടുണ്ട്. അന്നെല്ലാം പമ്പയിലെ കെട്ടിടങ്ങളില്‍ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്. അതു കണ്ടറിഞ്ഞുള്ള നിര്‍മാണങ്ങളായിരുന്നില്ല ആവിഷ്‌കരിച്ചത്. തറനിരപ്പില്‍നിന്ന് രണ്ടടിയോളം മാത്രം ഉയരമാണ് കെട്ടിടങ്ങളുടെ അസ്തിവാരത്തിനു ഉണ്ടായിരുന്നത്. അതിനാലാണ് ഡാമുകള്‍ തുറക്കുന്ന അവസരത്തിലെല്ലാം വെള്ളംകയറുന്ന അവസ്ഥയുണ്ടായത്.

നദീതടത്തില്‍ ഇത്തരം കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ വിഭാവന ചെയ്തവര്‍ വനം, തണ്ണീര്‍ത്തടം എന്നീ സംഗതികളൊന്നും പരിഗണിച്ചില്ല. പമ്പയിലെയും ശബരിമലയിലെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഹൈക്കോടതിയുടെ അനുമതി വേണമെന്ന നിബന്ധനയുണ്ട്.

മനുഷ്യവിസര്‍ജ്യമാണ് പമ്പയുടെ ഏറ്റവും വലിയ ശാപം. ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ കടന്നുപോകുന്ന പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കലിനോട് അധികൃതര്‍ സ്വീകരിച്ചത് അലസ സമീപനമായിരുന്നു. ടോയ്‌ലറ്റ് കോംപ്ലക്‌സുകള്‍ നിര്‍മിച്ചു കൂട്ടുേമ്പാള്‍ അതിലെ മാലിന്യം പമ്പയില്‍ കലരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തിയില്ല. സ്വീവേജ് ട്രീറ്റ്‌മെന്റിനെന്ന പേരില്‍ പ്ലാന്റുകള്‍ നിര്‍മിച്ചിരുന്നെങ്കിലും ട്രീറ്റ്‌മെന്റ് ഒന്നും നടന്നിരുന്നില്ലെന്ന് ഇപ്പോള്‍ തൊഴിലാളികള്‍ പറയുന്നു. സ്വീവേജ് പ്ലാന്റുകള്‍ വന്നിട്ടും പമ്പയില്‍ കോളിഫോം ബാക്ടീരിയയുടെ അളവില്‍ കുറവ് വന്നിരുന്നില്ല. ഇതോടെ പുണ്യനദിയെ വീണ്ടെടുക്കുകയെന്ന തീര്‍ഥാടകരുടെ ആവശ്യത്തെയാണ് അധികൃതര്‍ അവേഹളിച്ചത്.