രഞ്ജന്‍ ഗോഗോയി ഇന്ത്യയുടെ 46ാമത് ചീഫ് ജസ്റ്റിസ്

September 14, 2018 0 By Editor

ന്യൂഡല്‍ഹി : ഇന്ത്യയുടെ 46ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ നിയമിച്ചു. ഒക്ടോബര്‍ മൂന്നിന് അദ്ദേഹം ഔദ്യോഗികമായി ചുതലയേല്‍ക്കും. ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ ചീഫ് ജസ്റ്റിസായി നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ പിന്‍ഗാമിയായിട്ടാണ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി നിയമിതനായത്. ഒക്ടോബര്‍ രണ്ടിന് ദീപക് മിശ്ര വിരമിക്കുന്ന സാഹചര്യത്തില്‍ അടുത്ത ചീഫ് ജസ്റ്റിസായി നിയമിക്കേണ്ടത് ആരെയെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോട് കേന്ദ്രസര്‍ക്കാര്‍ അഭിപ്രായം തേടിയിരുന്നു. ഇതിന് മറുപടിയായി ജസ്റ്റിസ് ദീപക് മിശ്ര രഞ്ജന്‍ ഗോഗോയിയുടെ പേരായിരുന്നു നിര്‍ദേശിച്ചത്. ജസ്റ്റിസ് ഗോഗോയ് അടക്കമുള്ള സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ജനുവരി 12 ന് ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. കേസുകള്‍ വിഭജിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു വാര്‍ത്താ സമ്മേളനം.