കോലഴി പെട്രോൾ പമ്പിനു സമീപം മാലിന്യം തള്ളുന്നതായി പരാതി

December 3, 2018 0 By Editor

വടക്കാഞ്ചേരി: ഷൊർണ്ണൂർ .കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ കോലഴി പെട്രോൾ പമ്പിനു സമീപം മാലിന്യം തള്ളുന്നതായി പരാതി. മാലിന്യ നിക്ഷേപകർക്കെതിരേ നടപടി വേണമെന്നാവശ്യം ശക്തമാകുന്നു. പരമ്പരാഗതമായി ഇവിടെ ഉണ്ടായിരുന്ന വെള്ളച്ചാൽ പൂർണ്ണമായും മാലിന്യം നിറഞ്ഞ് അടഞ്ഞുകിടക്കുകയാണ്. വലിയ പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലും നിറച്ച മാലിന്യം രാത്രികാലങ്ങളിലാണ് ഇവിടെ കൊണ്ടുവന്ന് തള്ളുന്നത്. കാൽനടയാത്രക്കാർക്കാണ് ദുരിതമേറേ. വാഹനങ്ങൾ വരുമ്പോൾ ഈ മാലിന്യ നിക്ഷേപം മൂലം മാറി നിൽക്കാൻ പോലും സ്ഥലമില്ലായെന്നതാണ് അവസ്ഥ. മാലിന്യങ്ങളിൽ ഭൂരിഭാഗവും അജൈവ മാലിന്യങ്ങളായതിനാൽ ഇത് വർഷങ്ങളോളം നശിയ്ക്കാതെ മണ്ണിൽ തന്നെ കിടക്കുന്നു.ഇത് ഈ പ്രദേശത്ത് വൻതോതിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. വെള്ളച്ചാൽ അടഞ്ഞുകിടക്കുന്നതിനാൽ ചെറിയൊരു മഴ പെയ്താൽ പോലും വെള്ളം റോഡിലൂടെ പരന്ന് ഒഴുകുന്ന സ്ഥിതിയാണ്. പഞ്ചായത്തിലെ ശുചീകരണ തൊഴിലാളികളും, ഈ പ്രദേശത്തേക്ക് തിരിഞ്ഞു നോക്കാറില്ലത്രേ.ഗുരുതരമായ ആരോഗ്യ പ്രശ്നം സൃഷ്ടിക്കുന്ന ഈ മാലിന്യം എത്രയും പെട്ടെന്ന് നീക്കം ചെയ്യാൻ നടപടി സ്വീകരിയ്ക്കണമെന്നും, മാലിന്യ നിക്ഷേപകരെ കണ്ടെത്താൻ പോലീസ് പട്രോളിങ് ശക്തമാക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.

Report: Sindhura Nair