സൗത്ത് ബീച്ച് സൗന്ദര്യവത്കരണത്തിന് 20 കോടി കൂടി അനുവദിക്കും: കടകംപള്ളി സുരേന്ദ്രന്‍

July 20, 2018 0 By Editor

കോഴിക്കോട്: സൗത്ത് ബീച്ച് സൗന്ദര്യവത്കരണത്തിന് 20 കോടി കൂടി അനുവദിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കോഴിക്കോട് കോര്‍പറേഷന്റെ മേല്‍നോട്ടത്തില്‍ ബീച്ചിന്റെ രണ്ടാം ഘട്ട വികസനം നടപ്പാക്കും. സൗത്ത് ബീച്ച് ഒന്നാംഘട്ട സൗന്ദര്യവത്കരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബജറ്റില്‍ ഇതിനായി പ്രത്യേകം തുക വകയിരുത്തിയിട്ടുണ്ട്. പ്രദേശവാസികള്‍, തൊഴിലാളികള്‍ , സാമുഹിക സംഘടനകള്‍ എന്നിവരുമായെല്ലാം കൂടിയാലോചിച്ച് പദ്ധതി യാഥാര്‍ഥ്യമാക്കും. മലബാര്‍ ടൂറിസം വികസനത്തിനാണ് കേരള ട്രാവല്‍ മാര്‍ട്ടില്‍ ഉള്‍പ്പടെ സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത്.

കണ്ണൂര്‍ ,കാസര്‍ഗോഡ് ജില്ലകളിലെ ഒന്‍പത് നദികളെ ബന്ധിപ്പിക്കുന്ന 350 കോടി രൂപയുടെ റിവര്‍ ക്രൂയിസ് ടൂറിസം പ്രോജക്ട് സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഇതിനായി 100 കോടി രൂപ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഉത്തര കേരളത്തിലെ ചരിത്രവും സംസ്‌കാരവും ഗ്രാമീണ തനിമയും ഭക്ഷണ രീതികളും ആസ്വദിക്കാന്‍ അവസരം നല്‍കുന്ന പദ്ധതിയാണിത്. തുഷാരഗിരിയില്‍ 20 രാജ്യങ്ങളില്‍ നിന്നുള്ള ലോക കയാക്കിംഗ് ചാമ്പ്യന്മാര്‍ പങ്കെടുക്കുന്ന മത്സരമാണ് നടക്കുന്നത്. അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ പരിപാടിയിലേക്ക് ആകര്‍ഷിക്കുന്നതിന് പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.

ഡോ. എം.കെ. മുനീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കളക്ടര്‍ യു.വി. ജോസ്, ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ ജോയിന്റ് ഡയറക്ടര്‍ സി.എന്‍. അനിതകുമാരി, കൗണ്‍സിലര്‍ ജയശ്രീ കീര്‍ത്തി, പോര്‍ട് ഓഫീസര്‍ മാപ്പന്‍ അശ്വിനി പ്രതാപ്, ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വകുപ്പ് സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ അനില്‍ കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.