വയനാട്ടിൽ പിടികൂടിയ കടുവയ്ക്ക് ശസ്ത്രക്രിയ: കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലിലേറ്റ പരിക്ക്
തൃശ്ശൂർ: വയനാട് വാകേരിയിൽ നിന്ന് പിടിയിലായ നരഭോജി കടുവയുടെ മുഖത്തെ മുറിവ് ആഴമേറിയത്. 8 സെൻറീമീറ്ററോളം ആഴത്തിലുള്ളതാണ് മുറിവെന്നാണ് വിലയിരുത്തൽ. ഉൾവനത്തിൽ കടുവകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോഴാണ് കടുവയ്ക്ക്…
തൃശ്ശൂർ: വയനാട് വാകേരിയിൽ നിന്ന് പിടിയിലായ നരഭോജി കടുവയുടെ മുഖത്തെ മുറിവ് ആഴമേറിയത്. 8 സെൻറീമീറ്ററോളം ആഴത്തിലുള്ളതാണ് മുറിവെന്നാണ് വിലയിരുത്തൽ. ഉൾവനത്തിൽ കടുവകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോഴാണ് കടുവയ്ക്ക് പരിക്കേറ്റത്. പരിക്കിനെ തുടർന്ന് കടുവയ്ക്ക് ശാരീരിക അവശതയും കടുത്ത വേദനയുമുണ്ട്.
ഇതിനാൽ കടുവയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചു. ചികിത്സയ്ക്കുവേണ്ടി കടുവയെ മയക്കുന്നതിനുള്ള അനുമതി ചീഫ് വൈഡ് ലൈഫ് വാർഡൻ നൽകി. നാളെ ഉച്ചയ്ക്ക് വെറ്റിനറി സർവകലാശാലയിൽ നിന്നുള്ള ശസ്ത്രക്രിയ വിഭാഗത്തിൻറെ നേതൃത്വത്തിൽ ചികിത്സ ലഭ്യമാക്കും. വാകേരിയിൽ ഭീതി വിതച്ച കടുവയെ തൃശ്ശൂർ പുത്തൂരിലെ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റാനായിരുന്നു തീരുമാനം. മുഖത്തെ പരിക്കിന് ചികിത്സ നൽകിയ ശേഷം ഐസൊലേഷൻ ക്യൂബിക്കിളിലേക്ക് മാറ്റും.