ഒറ്റമൂലി രഹസ്യത്തിനായി കൊന്ന് കഷ്ണ‌ങ്ങളാക്കി ചാലിയാറിൽ ഒഴുക്കി; പ്രതികളെ തിരിച്ചറിഞ്ഞ് ഷാബാ ഷരീഫിന്റെ ഭാര്യ

മഞ്ചേരി: പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫ് വധക്കേസിൽ ഷരീഫിന്റെ ഭാര്യ ജിബിൻ താജ് കഴിഞ്ഞ ദിവസം പ്രതികളെ കോടതിയിൽ തിരിച്ചറിഞ്ഞു. മൈസുരുവിലെ വീട്ടിൽനിന്ന് ഷരീഫിനെ തട്ടിക്കൊണ്ടു വന്ന…

;

By :  Editor
Update: 2024-02-22 00:11 GMT

മഞ്ചേരി: പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫ് വധക്കേസിൽ ഷരീഫിന്റെ ഭാര്യ ജിബിൻ താജ് കഴിഞ്ഞ ദിവസം പ്രതികളെ കോടതിയിൽ തിരിച്ചറിഞ്ഞു. മൈസുരുവിലെ വീട്ടിൽനിന്ന് ഷരീഫിനെ തട്ടിക്കൊണ്ടു വന്ന ബത്തേരി സ്വദേശി പൊന്നക്കാരൻ ശിഹാബുദ്ദീൻ, ഒന്നാം പ്രതി ഷൈബിൻ അഷ്റഫ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. പ്രതിക്കൂട്ടിൽ നിന്ന 12 പ്രതികളിൽനിന്നാണ് 2 പ്രതികളെ വർഷങ്ങൾക്കുശേഷം സാക്ഷി തിരിച്ചറിഞ്ഞത്. 2019 ഓഗസ്റ്റ് ഒന്നിന്, മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി ചോർത്താൻ ഷാബാ ഷരീഫിനെ മൈസൂരുവിലെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുവന്ന് മുക്കട്ടയിലെ ഷൈബിന്റെ വീട്ടിൽ താമസിപ്പിച്ചെന്നും 2020 ഒക്ടോബർ 8ന് കൊലപ്പെടുത്തി മൃതദേഹം കഷ്ണ‌ങ്ങളാക്കി ചാലിയാറിൽ ഒഴുക്കിയെന്നുമാണ് കേസ്. നാവികസേനാ സംഘത്തെ ഉൾപ്പെടെ തിരച്ചിലിന് ഇറക്കിയെങ്കിലും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല.

മൈസൂരു രാജീവ് നഗറില്‍ ചികിത്സ നടത്തിയിരുന്നയാളാണ് ഷാബാ ഷരീഫ്. ഒറ്റമൂലി മനസ്സിലാക്കി മരുന്നുവ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു ഷൈബിന്റെ ലക്ഷ്യം. മൈസൂരുവിലെ ലോഡ്ജില്‍ താമസിക്കുന്ന വൃദ്ധനായ രോഗിയെ ചികിത്സിക്കാനാണെന്ന വ്യാജേനയാണ് ഷാബാ ശെരീഫിനെ ബൈക്കില്‍ കൊണ്ടുപോയത്. രോഗാവസ്ഥയിലായിട്ടും ഷാബാ ഷരീഫിനെ മൈസുരുവിലെ വീട്ടില്‍നിന്ന് നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഷാബാ ശെരീഫിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ സരസ്വതീപുര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താത്തതില്‍ കുടുംബം കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് ജനപ്രതിനിധികളെ സമീപിച്ചു. ഇതിനിടയിലാണ് നിലമ്പൂര്‍ പോലീസ് ഷാബാ ഷരീഫിന്റെ ബന്ധുക്കളെ അന്വേഷിച്ചു ചെല്ലുന്നത്.

മൈസുരുവിലെ ചേരിയില്‍ താമസിക്കുന്ന ഒന്‍പതു മക്കളടങ്ങുന്ന കുടുംബത്തിന്‍റെ നാഥനെയാണ് നിലമ്പൂരില്‍ ഒരു വര്‍ഷത്തിലധികം തടവില്‍ പാര്‍പ്പിച്ച് ക്രൂരമായി കൊലപ്പെടുത്തിയത്. ചികിത്സയ്ക്കെന്ന പേരില്‍ വീട്ടില്‍നിന്ന് ഇറക്കിക്കൊണ്ടുപോയ ഷാബാ ഷരീഫിനെ കൊലപ്പെടുത്തി പുഴയില്‍ എറിഞ്ഞുവെന്ന വാര്‍ത്ത ഭാര്യയ്ക്കും ഒന്‍പതു മക്കളടങ്ങുന്ന കുടുംബത്തിനും താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

തന്റെ വീടിന്റെ ഒന്നാംനിലയില്‍ പ്രത്യേകം മുറി തയ്യാറാക്കി ചങ്ങലയില്‍ ബന്ധിച്ച് തടവില്‍ പാര്‍പ്പിച്ചായിരുന്നു ഷൈബിൻ ഷാബയെ പീഡിപ്പിച്ചത്. ഒരുവര്‍ഷത്തിലേറെ പീഡിപ്പിച്ചിട്ടും ഷാബാ രഹസ്യം വെളിപ്പെടുത്തിയില്ല. 2020 ഒക്ടോബറില്‍ ഷൈബിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചും മുഖത്തേക്ക് സാനിറ്റൈസര്‍ അടിച്ചും ഇരുമ്പുപൈപ്പുകൊണ്ട് കാലില്‍ ഉരുട്ടിയും പീഡിപ്പിക്കുന്നതിനിടെ ഷാബാ കൊല്ലപ്പെട്ടു. തുടര്‍ന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ മൃതദേഹം കഷണങ്ങളാക്കി ചാലിയാര്‍ പുഴയില്‍ തള്ളി. വയനാട് സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരന്‍ ഷിഹാബുദ്ദീന്‍, കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദ്, ഡ്രൈവര്‍ നിലമ്പൂര്‍ മുക്കട്ട സ്വദേശി നടുതൊടിക നിഷാദ് എന്നിവരുടെ സഹായത്തോടെയാണ് മൃതദേഹം മുറിച്ച് കഷണങ്ങളാക്കിയത്.

ഷാബാ ഷരീഫിനെ ഷൈബിനും കൂട്ടുകാരും കൊന്ന് മൃതദേഹം കഷണങ്ങളായി മുറിച്ചത് തടിമില്ലില്‍നിന്ന് കൊണ്ടുവന്ന മരക്കട്ടയും ഇറച്ചിവെട്ടുന്ന കത്തിയുമുപയോഗിച്ചാണെന്ന് പൊലീസ് കണ്ടെത്തി. മുറിച്ചുമാറ്റിയ മൃതദേഹം പിന്നീട് പ്ലാസ്റ്റിക് കവറിലാക്കി ചാലിയാറില്‍ തള്ളുകയായിരുന്നു. കുളിമുറിയില്‍വച്ച് വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറിലാക്കിയ മൃതദേഹഭാഗങ്ങള്‍ ഷൈബിന്റെ ആഡംബരകാറിലാണ് കൊണ്ടുപോയത്. ഈ വാഹനത്തില്‍ ഷൈബിനും ഡ്രൈവര്‍ നിഷാദുമാണുണ്ടായിരുന്നത്. മുന്നില്‍ മറ്റൊരു ആഡംബരകാറില്‍ ഷിഹാബുദ്ദീനും പിന്നില്‍ നൗഷാദും അകമ്പടിയായി പോയി. തിരികെ വീട്ടിലെത്തി പ്രതികള്‍ തെളിവുകള്‍ നശിപ്പിച്ചു.

പീഡിപ്പിക്കാനും മൃതദേഹം പുഴയില്‍ തള്ളാനും സഹായിച്ച സുഹൃത്തുക്കള്‍ക്ക് ഷൈബിന്‍ പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നു. ഇത് നല്‍കാത്തതിനെ തുടർന്ന് സുഹൃത്തുക്കള്‍ ഇയാളുടെ വീട്ടില്‍ കവര്‍ച്ച നടത്തി. ഇതിനെതിരെ 2022 ഏപ്രിലിൽ ഷൈബിന്‍ നിലമ്പൂര്‍ പോലീസില്‍ പരാതിനല്‍കി. ഈ കേസില്‍ നൗഷാദിനെ പോലീസ് അറസ്റ്റുചെയ്തു. മറ്റുള്ളവര്‍ക്കുവേണ്ടി അന്വേഷണം നടക്കുന്നതിനിടെ അതേ മാസം പ്രതികള്‍ സെക്രട്ടേറിയറ്റിനു മുന്‍പില്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം നടത്തി. "നീതി കിട്ടുന്നില്ല, ഞങ്ങളെക്കൊണ്ട് ഷൈബിന്‍ കൊലപാതകം ചെയ്യിച്ചിട്ടുണ്ട്" എന്നു പറഞ്ഞായിരുന്നു ആത്മഹത്യാശ്രമം. ഇവരെ കസ്റ്റഡിയിലെടുത്ത കന്റോണ്‍മെന്റ് പോലീസ്, നിലമ്പൂര്‍ പോലീസിന് കൈമാറി. ഇവരെയും നൗഷാദിനെയും ചേര്‍ത്ത് ചോദ്യംചെയ്തപ്പോഴാണ് കൊലപാതകം തെളിഞ്ഞത്.

ഷാബാ ഷരീഫിനെ കാണാതായപ്പോള്‍ ബന്ധുക്കള്‍ മൈസൂരു പോലീസില്‍ പരാതി നല്‍കിയിരുന്നു. ഷാബായെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പെന്‍ഡ്രൈവിലാക്കി സുഹൃത്തുക്കള്‍ സൂക്ഷിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ ഇവര്‍ പോലീസിനു കൈമാറി. ബന്ധുക്കളെ കാട്ടി ഇത് ഷാബാ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ചങ്ങലയില്‍ ബന്ധിച്ച് പീഡിപ്പിക്കുന്ന ദൃശ്യത്തില്‍നിന്ന് ബന്ധുക്കള്‍ ഷാബാ ഷരീഫിനെ തിരിച്ചറിഞ്ഞു. കുറ്റകൃത്യത്തില്‍ കൂടുതല്‍പ്പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിനും തെളിവുകള്‍ ശേഖരിക്കുന്നതിനുമായി ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. തുടരന്വേഷണത്തിൽ ക്രൂരകൃത്യത്തിന്റെ കൂടുതൽ വിവരങ്ങള്‍ പൊലീസ് ശേഖരിക്കുകയും ചെയ്തു.

‘‘പാവമായിരുന്നു. ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല. എല്ലാവർക്കും ഉപകാരിയായിരുന്നു. 9 മക്കളുള്ള കുടുംബം കഴിഞ്ഞിരുന്നത് ഒറ്റമൂലി ചികിത്സയിലൂടെ ലഭിക്കുന്ന വരുമാനത്തിലൂടെയാണ്. ഇങ്ങനെയൊരു ഗതിവന്നല്ലോ’’- ഷാബാ ഷരീഫിന്റെ വീടിനു മുന്നിൽ കൊലപാതക വിവരമറിഞ്ഞ് തടിച്ചുകൂടിയ അയൽവാസികൾ അന്നു പറഞ്ഞ വാക്കുകളാണിത്. മാധ്യമങ്ങളുടെ തിരക്ക് കൂടിയതോടെ ഷാബാ ഷരീഫിന്റെ കുടുംബം വീടുപൂട്ടി താമസം മറ്റൊരിടത്തേക്ക് മാറി. നിലമ്പൂരിൽ നിന്നുള്ള പൊലീസ് സംഘം മൈസൂരുവിലെത്തിയാണ് ഷരീഫിന്റെ കുടുംബത്തിന്റെ മൊഴിയെടുത്തത്.

Tags:    

Similar News