കോടികളുടെ കൊക്കെയിന്‍ വിഴുങ്ങി കെനിയന്‍ സ്വദേശിയെത്തി; കൊച്ചി വിമാനത്താവളത്തിൽ റെഡ് അലർട്ട്

നെടുമ്പാശ്ശേരി : കോടികൾ വിലമതിക്കുന്ന കൊക്കെയിൻ വിഴുങ്ങി കടത്തിക്കൊണ്ടുവന്ന കെനിയൻ സ്വദേശി പിടിയിലായതിനാൽ കൊച്ചി വിമാനത്താവളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.ആഫ്രിക്കൻ സ്വദേശികൾ ഇത്തരത്തിൽ വൻതോതിൽ ഇന്ത്യയിലേക്ക്‌ മയക്കുമരുന്ന്…

By :  Editor
Update: 2024-04-28 22:23 GMT

നെടുമ്പാശ്ശേരി : കോടികൾ വിലമതിക്കുന്ന കൊക്കെയിൻ വിഴുങ്ങി കടത്തിക്കൊണ്ടുവന്ന കെനിയൻ സ്വദേശി പിടിയിലായതിനാൽ കൊച്ചി വിമാനത്താവളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.ആഫ്രിക്കൻ സ്വദേശികൾ ഇത്തരത്തിൽ വൻതോതിൽ ഇന്ത്യയിലേക്ക്‌ മയക്കുമരുന്ന് കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് കൊച്ചിയിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്. ട്രോളി ബാഗിനടിയിൽ പ്രത്യേകം അറയുണ്ടാക്കി അവിടെ മയക്കുമരുന്ന് ഒളിപ്പിച്ചു കടത്തുന്ന രീതിയാണ് ആഫ്രിക്കൻ സ്വദേശികൾ പൊതുവേ സ്വീകരിച്ചിരുന്നത്.

മുംബൈ, ബെംഗളൂരു, ഡൽഹി തുടങ്ങിയ വിമാനത്താവളങ്ങളിൽ ഇത്തരത്തിലുള്ള മയക്കുമരുന്ന് കടത്ത് കൂടുതലായി പിടികൂടാൻ തുടങ്ങിയതോടെയാണ് ആഫ്രിക്കൻ സ്വദേശികൾ കൊക്കെയിനും മറ്റും വിഴുങ്ങി കടത്തിക്കൊണ്ടുവരാൻ തുടങ്ങിയത്. കൊച്ചി വിമാനത്താവളത്തിൽ ആദ്യമായാണ് വിഴുങ്ങി കടത്തിക്കൊണ്ടുവന്ന കൊക്കെയിൻ പിടികൂടുന്നത്.

മുംബൈ, ബെംഗളൂരു, ഡൽഹി വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കിയതിനാലാണ് കെനിയൻ സ്വദേശി കരഞ്ച മൈക്കിൾ നംഗ കൊച്ചിയിലേക്ക്‌ കൊക്കെയിനുമായി എത്തിയത്. കൊച്ചിയിൽ വന്നിറങ്ങുന്ന ആഫ്രിക്കൻ സ്വദേശികളെ പ്രത്യേകം നിരീക്ഷിക്കാൻ കസ്റ്റംസിന് നിർദേശം നൽകിയിട്ടുണ്ട്. ഇവരുടെ ആഗമനലക്ഷ്യം, വിസ ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രത്യേകം പരിശോധിക്കാനാണ് നിർദേശം.

കൊച്ചി വിമാനത്താവളത്തിൽ പിടിയിലായ കെനിയൻ സ്വദേശി ആദ്യമായാണ് ഇന്ത്യയിൽ വരുന്നത്. കൊച്ചിയിൽ ഇറങ്ങിയ ശേഷം ഇയാൾ ബെംഗളൂരുവിലേക്കോ ഡൽഹിയിലേക്കോ പോകാനായിരിക്കാം പദ്ധതിയിട്ടിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇയാളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്താലേ ഇതു സംബന്ധിച്ച് കൃത്യമായ വിവരം ലഭിക്കൂ. ഇയാളുടെ ഫോൺ കോളുകൾ പരിശോധിച്ചുവരുകയാണ്. ഈ മാസം 19-ന് എത്യോപ്യയിൽനിന്ന് മസ്കറ്റ് വഴിയാണ് ഇയാൾ കൊച്ചിയിൽ വന്നിറങ്ങിയത്. 6.68 കോടി രൂപ വിലവരുന്ന 668 ഗ്രാം കൊക്കെയിനാണ് ഇയാളിൽ നിന്ന് ഡി.ആർ.ഐ. പിടികൂടിയത്.

ഒരാഴ്ച നീണ്ട പരിശ്രമത്തിനൊടുവിലാണ് കോടികൾ വിലമതിക്കുന്ന കൊക്കെയിൻ ഡി.ആർ.ഐ.ക്ക്‌ കണ്ടെത്താനായത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് 19-ന് ഡി.ആർ.ഐ. ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി ഇയാളെ പിടികൂടി പരിശോധന നടത്തിയെങ്കിലും ബാഗിലും ശരീരത്തിലുമൊന്നും മയക്കുമരുന്ന് കണ്ടെത്താനായില്ല. തുടർന്ന് എക്സ്‌റേ പരിശോധന നടത്താൻ തീരുമാനിച്ചു.

വിദേശ പൗരനായതിനാൽ എക്സ്‌റേ പരിശോധന നടത്തണമെങ്കിൽ മജിസ്‌ട്രേറ്റിന്റെ അനുമതി വേണം. അനുമതി വാങ്ങി അങ്കമാലി ലിറ്റിൽഫ്ളവർ ആശുപത്രിയിലെത്തിച്ച് എക്സ്‌റേ പരിശോധന നടത്തി. ഇയാളുടെ വയറ്റിൽ മയക്കുമരുന്നുണ്ടെന്ന് കണ്ടെത്തി. വീണ്ടും മജിസ്‌ട്രേറ്റിന്റെ അനുമതി വാങ്ങിയ ശേഷമാണ് ഇയാളെ അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെ ഒരാഴ്ചക്കാലം ഇയാൾക്ക് ഡി.ആർ.ഐ. സുരക്ഷ ഒരുക്കി. ഒരാഴ്ചത്തെ ശ്രമഫലമായി മയക്കുമരുന്ന് മുഴുവൻ പുറത്തെടുത്തു. കൊക്കെയിൻ ഗുളിക രൂപത്തിലാക്കി വിഴുങ്ങിയിരിക്കുകയായിരുന്നു. ഗുളികകളിൽ പോളിത്തീൻ കവർ അനാവരണം ചെയ്തിരുന്നു. ഇത്തരത്തിലുള്ള 50 ഗുളികകളുണ്ടായിരുന്നു. വിശദമായ പരിശോധനയിൽ കൊക്കെയിനാണെന്ന് സ്ഥിരീകരിച്ചു. 85 ശതമാനം പരിശുദ്ധമായ കൊക്കയിനാണിത്. ഇതിൽ മറ്റു ചേരുവകൾ ചേർത്താണ് വിപണിയിൽ വിറ്റഴിക്കുന്നത്.

കൊച്ചി വിമാനത്താവളത്തിൽ പിടിയിലായ കെനിയൻ സ്വദേശിക്ക്‌ കൊച്ചിയിൽ ആരെങ്കിലുമായി ബന്ധമുണ്ടോ എന്നതുൾപ്പെടെ അന്വേഷിക്കുന്നുണ്ട്. കൂടുതൽ അന്വേഷണത്തിനായി ഇയാളെ കസ്റ്റഡിയിൽ വാങ്ങും. അതിനായി അടുത്ത ദിവസം അപേക്ഷ നൽകും.

Tags:    

Similar News