കോഴിക്കോട്ട് നിപ്പ ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു
കോഴിക്കോട് ∙ മലപ്പുറത്ത് നിപ്പ ബാധിച്ച കുട്ടി മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14 വയസ്സുകാരനാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. പുണെ നാഷനൽ…
;കോഴിക്കോട് ∙ മലപ്പുറത്ത് നിപ്പ ബാധിച്ച കുട്ടി മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14 വയസ്സുകാരനാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കയച്ച സാംപിൾ ഫലം ഇന്നലെ പോസിറ്റീവ് ആയിരുന്നു. വെന്റിലേറ്ററിലായിരുന്നു കുട്ടി.
സമ്പർക്കപ്പട്ടികയിലുള്ള 214 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഹൈറിസ്ക് വിഭാഗത്തിലായതിനാൽ ഇതിൽ 60 പേരുടെ സാംപിളുകൾ പരിശോധിക്കും. സമ്പർക്കം സംശയിക്കുന്ന 2 കുട്ടികളെ ഇന്നലെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസലേഷൻ വാർഡിലേക്കു മാറ്റി. നിപ്പ സ്ഥിരീകരിച്ച കുട്ടിക്ക് 10ന് ആണ് പനി ബാധിച്ചത്. 19ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ നടത്തിയ സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയതോടെ മെഡിക്കൽ കോളജ് മൈക്രോബയോളജി വിഭാഗത്തിലെ റീജനൽ വൈറസ് റിസർച് ആൻഡ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറിയിലും (വിആർഡിഎൽ), തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിലും പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിലും സ്രവം പരിശോധിച്ചു.
അഞ്ചാം തവണയാണ് കേരളത്തിൽ നിപ്പ റിപ്പോർട്ട് ചെയ്യുന്നത്. 2018 ലും 2021 ലും 2023 ലും കോഴിക്കോട്ടും 2019 ൽ എറണാകുളത്തും മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ 20 പേരാണു നിപ്പ ബാധിച്ചു മരിച്ചത്. നിപ്പ സംശയിച്ച സാഹചര്യത്തിൽ ഇന്നലെ പുലർച്ചെ തന്നെ പ്രോട്ടോക്കോൾ പ്രകാരമുള്ള നടപടികൾക്ക് ആരോഗ്യവകുപ്പ് തുടക്കമിട്ടിരുന്നു.