ഹാപ്പി ന്യൂ ഇയർ പറഞ്ഞില്ല; തൃശൂരിൽ പുതുവത്സരാഘോഷത്തിനിടെ യുവാവിന് കുത്തേറ്റത് 24 തവണ
തൃശ്ശൂർ: ന്യൂ ഇയർ ആശംസിക്കാത്തതിന്റെ പേരിൽ തൃശൂരിൽ യുവാവിന് കുത്തേറ്റു. ആറ്റൂർ സ്വദേശി സുഹൈബിനാണ് (22) കുത്തേറ്റത്. ദേഹത്താകെ 24 തവണയോളം കുത്തേറ്റിട്ടുണ്ട്. ഗുരുതര പരിക്കുകളോടെ യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ക്രിമിനൽ കേസുകളിൽ പ്രതിയായ ഷാഫിയാണ് യുവാവിനെ കുത്തിയത്. പുതുവത്സരാഘോഷത്തിനിടെ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് കേരളം കരകയറുന്നതിന് മുൻപാണ് അടുത്ത സംഭവം ഉണ്ടായിരിക്കുന്നത്.
സുഹൈബും നാല് സുഹൃത്തുക്കളും ചെറുതുരുത്തിയില്‍ നിന്ന് ഗാനമേള കഴിഞ്ഞ് മടങ്ങി വരുന്ന വഴിയാണ് മുള്ളൂര്‍ക്കരയിലെ ഒരു ബസ് സ്റ്റോപ്പിൽ കയറുന്നത്. അതെ സമയം അവിടേക്ക് ഷാഫിയും സുഹൃത്തുക്കളും എത്തിയിരുന്നു. തുടർന്ന്, ഇവരോട് പുതുവർഷാശംസകൾ നേരുകയും ചെയ്തു. എന്നാൽ, സുഹൈബും സുഹൃത്തുക്കളും തിരിച്ചു പറഞ്ഞില്ല. ഇതിനെ തുടർന്നാണ് ഇരുകൂട്ടരും തമ്മിൽ തർക്കം ഉടലെടുക്കുന്നത്. ഈ തർക്കത്തിനിടെ ആണ് സുഹൈബിന് കുത്തേൽക്കുന്നത് എന്നാണ് നിഗമനം.
അതേസമയം, പുതുവത്സരാഘോഷത്തിനിടെ തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നിരുന്നു. പുതുവത്സര രാത്രിയിൽ തൃശൂർ നഗരത്തിലെ പാലസ് റോഡിന് സമീപത്ത് വെച്ചാണ് യുവാവിനെ കൊലപ്പെടുത്തിയത്. തൃശ്ശൂർ വടക്കെ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന ലിവിൻ (30) ആണ് മരിച്ചത്. പതിനഞ്ചും പതിനാറും വയസ് പ്രായമുള്ള കുട്ടികളാണ് യുവാവിനെ കുത്തിയത്.
സംഭവത്തിൽ തൃശൂർ ഈസ്റ്റ് പൊലീസ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തു. പ്രതികൾ പ്രായപൂർത്തിയാകാത്തത് കൊണ്ട് തന്നെ ഇവരെ ജുവെെനൽ ജസ്റ്റിസ് കോടതിയിൽ ഹാജരാക്കും. ഇവർ ഇരുവരും നഗരത്തിലെ സ്കൂളിൽ 9-ാം ക്ലാസിലും 10-ാം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥികളാണ്.