മദ്യലഹരിയിൽ കാറോടിച്ച് അപകടം: നടൻ ബൈജു സന്തോഷ് അറസ്റ്റിൽ; രക്തപരിശോധനയ്ക്ക് സമ്മതിച്ചില്ല; വൈദ്യ പരിശോധന ഒഴിവാക്കിയത് ലൈസന്‍സ് നഷ്ടമാകുമോ എന്ന പേടിയിൽ !

Drunk driving: Actor Baiju Santhosh arrested after causing two-wheeler accident

Update: 2024-10-14 04:41 GMT

തിരുവനന്തപുരം: നടന്‍ ബൈജുവിന്റെ പരാക്രമം ചര്‍ച്ചകളില്‍. തിരുവനന്തപുരത്ത് വെള്ളയമ്പലത്ത് വാഹനാപകടമുണ്ടാക്കിയ നടന്‍ ബൈജു പോലീസിന് നല്‍കിയത് പുല്ലുവില. ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിട്ടും മദ്യപിച്ചുള്ള കാറോട്ടത്തില്‍ വൈദ്യപരിശോധനയ്ക്ക് ബൈജു തയ്യാറായില്ല. രാത്രിയിലാണ് മദ്യലഹരിയില്‍ ബൈജു അപകടമുണ്ടാക്കിയത്. ഇതോടെ നാട്ടുകാര്‍ ഇടപെട്ടു. പോലീസ് എത്തി. അതിന് ശേഷം ബൈജുവിനേയും മകളേയും പോലീസ് സ്‌റ്റേഷനിലും എത്തിച്ചു. അര്‍ദ്ധ രാത്രി ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈദ്യപരിശോധനയ്ക്ക് രക്തവും നല്‍കിയില്ല. നടന്റെ ഈ സിനിമാ സ്‌റ്റൈല്‍ ഇടപെടലിന് മുന്നില്‍ പോലീസും പകച്ചു. ഇതിനിടെ മദ്യത്തിന്റെ മണം ഡോക്ടര്‍ പോലീസിന് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി നല്‍കുകയും ചെയ്തു.

വൈദ്യപരിശോധനയ്ക്ക് ആശുപത്രിയില്‍ എത്തിച്ചിട്ടും എന്തു കൊണ്ട് ബൈജു രക്തം നല്‍കിയില്ലെന്നതിന് ആര്‍ക്കും ഉത്തരമില്ല. മദ്യപിച്ച് വാഹനം ഓടിച്ചതായി രക്തപരിശോധനയില്‍ തെളിഞ്ഞാല്‍ ലൈസന്‍സ് നഷ്ടമാകും. ഇതുകൊണ്ടാണ് രക്തം നല്‍കാത്തത്. ഇതോടെ മദ്യത്തിന്റെ മണമെന്ന ഊഹത്തിലേക്ക് കാര്യങ്ങളെത്തി. അപകട ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാനേയും ബൈജു കൈയ്യേറ്റം ചെയ്തു. മുമ്പ് ട്രിവാന്‍ഡ്രം ക്ലബ്ബിലെ തോക്ക് കാട്ടല്‍ കേസിലും ബൈജു കുടുങ്ങിയിരുന്നു. ഇത് പോലീസിനും അറിയാവുന്നതാണ്. അത്തരമൊരു വ്യക്തിയാണ് പോലീസിനെ ചോദ്യം ചെയ്ത് മദ്യപാന പരിശോധന ഒഴിവാക്കിയത്.

ഇന്നലെ അർധരാത്രി തിരുവനന്തപുരം വെള്ളയമ്പലത്തുവച്ചാണ് ബൈജു ഓടിച്ച കാർ, സ്കൂട്ടറിലും വൈദ്യുത പോസ്റ്റിലുമിടിച്ചത്.നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ചതിന് ശേഷം വീണ്ടും വേഗത്തിൽ മുന്നോട്ടു പോയി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈജുവിന്റെ കാറിന്റെ ടയറിന് കേടുപാട് പറ്റി. കൺട്രോൾ റൂമിലെ പൊലീസുകാരാണ് ബൈജുവിനെ മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിച്ചത്. മദ്യപിച്ചോ എന്ന് പരിശോധിക്കാനായി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും പരിശോധനയോട് ബൈജു സഹകരിച്ചില്ലെന്ന് പൊലീസ് പറയുന്നു.

മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനയോട് സഹകരിച്ചില്ലെന്നും ഡോക്ടർ റിപ്പോർട്ട് നൽകി. സ്കൂട്ടർ യാത്രികൻ പരാതി നൽകിയിട്ടില്ല. മദ്യപിച്ച് വാഹനമോടിക്കൽ, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.

Tags:    

Similar News