ബാലുശ്ശേരിയിലെ സദാചാര ഗുണ്ടാ ആക്രമണം: വിദ്യാർഥികളെ ആക്രമിച്ചത് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ളവർ
കോഴിക്കോട്: ബാലുശ്ശേരി കോക്കല്ലൂരിൽ പ്ലസ് വൺ വിദ്യാർഥിനിയെയും അടുത്ത ബന്ധുവായ 20കാരനെയും ആക്രമിച്ചത് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ളവർ. രതീഷ്, വിപിന്‍ലാല്‍, കണ്ടാലറിയാവുന്ന മറ്റു അഞ്ചുപേര്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. രതീഷ് സി.പി.എം കോക്കല്ലൂർ ബ്രാഞ്ച് സെക്രട്ടറിയും കോക്കല്ലൂർ സ്കൂളിലെ പി.ടി.എ മുൻ പ്രസിഡന്‍റുമാണ്.
ബാലുശ്ശേരി പൊലീസാണ് കേസെടുത്തിരിക്കുന്നത്. വൈകുന്നേരം സ്കൂള്‍ വിട്ടതിന് ശേഷം ബസ് സ്റ്റോപ്പിന് സമീപം പ്ലസ് വൺ വിദ്യാർഥിനിയും ബന്ധുവായ യുവാവും സംസാരിച്ചു നില്‍ക്കുമ്പോഴായിരുന്നു ആക്രമണം. കുറേ നേരമായല്ലോ സംസാരം എന്ന് ചോദിച്ച് അസഭ്യ വർഷം ആരംഭിച്ച സംഘം പിന്നീട് ക്രൂരമായി ആക്രമിക്കുകയായിരുന്നു.
ആയുധം കൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിക്കല്‍, നിയമവിരുദ്ധമായി സംഘം ചേര്‍ന്ന് തടഞ്ഞുവെക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ പൊലീസ് വിദ്യാർഥികളുടെ വിശദ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. ക്രൂര ആക്രമണത്തിനിരയായ വിദ്യാർഥികൾ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.